പ്രധാന വാർത്തകൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജിൽസിനുമെതിരെ തെളിവുണ്ടെന്ന് കോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനുമെതിരെ തെളിവുണ്ടെന്ന് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നെങ്കിലും ഉത്തരവിലെ വിവരങ്ങള്‍ വൈകിട്ടോടെയാണ് പുറത്തുവന്നത്. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

വന്‍തോതിലുള്ള പണമിടപാടുകള്‍ നടന്നതായി കാണുന്നുവെന്നും സാക്ഷി മൊഴിയില്‍ പ്രതികളുടെ പങ്ക് വ്യക്തമാകുന്നുണ്ടെന്നും ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിലെ പണത്തിന്‍റെ ഉറവിടത്തേക്കുറിച്ചുള്ള പ്രതികളുടെ മറുപടി വിശ്വസനീയം അല്ല. കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രതികളുടെ രാഷ്ട്രീയ ബന്ധവും കണക്കിൽ എടുക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ചില പ്രധാന സാക്ഷികൾ പ്രതികളുടെ അതേ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്‍റെ അന്വേഷണം അതിന്‍റെ പ്രാഥമിക ഘട്ടത്തിലായതിനാൽ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

Leave A Comment