പ്രധാന വാർത്തകൾ

ഗവര്‍ണര്‍ക്ക് ഇനി Z+ സുരക്ഷ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം രാജ്ഭവനെ അറിയിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.

അതേസമയം കേന്ദ്ര സേനയെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷൊ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ആക്രമിച്ചുവെന്ന ഗവര്‍ണറുടെ വാദം നുണയാണ്. എല്ലാ സാധ്യതയും അദ്ദേഹം ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ല. ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല കേരളത്തിലെ പൊലീസ്. കരിങ്കൊടി പ്രതിഷേധക്കാര്‍ക്കെതിരെ ഐപിസി 124 ചുമത്തിയതിൽ കടുത്ത വിമര്‍ശനം എസ്എഫ്ഐക്കുണ്ട്. അത് ചുമത്തേണ്ടതായ യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. 

ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച പോലെയാണ്. ജനാധിപത്യ സമരങ്ങളെ ഗവർണർ പുച്ഛിക്കുകയാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണറുടേത്. പൊറാട്ടുനാടകമാണ് ഗവര്‍ണര്‍ കളിക്കുന്നത്. പ്രോട്ടോക്കോൾ ലംഘിച്ചാണ് ഗവര്‍ണര്‍ കാറിന്  പുറത്തിറങ്ങിയത്. അധികാരം ദുർവിനിയോഗമാണിതെന്നും എസ്എഫ്ഐ നേതാവ് വിമര്‍ശിച്ചു.

Leave A Comment