ലൈഫില്‍ കുരുക്ക് മുറുകുന്നു; സ്വപ്നയുമായുള്ള ശിവശങ്കറിന്‍റെ കൂടുതല്‍ ചാറ്റുകള്‍ പുറത്ത്
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കുരുക്ക് മുറുകുന്നു. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നു.
2019 സെപ്റ്റംബറിലെ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. ശിവശങ്കറിന്‍റേയും സ്വപ്നയുടേയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്.
ചാറ്റില്‍ യുഎഇയിലെ റെഡ്ക്രസന്‍റിനെ എങ്ങനെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്ന് ശിവശങ്കര്‍ സ്വപ്നയെ ഉപദേശിക്കുന്നുണ്ട്. റെഡ്ക്രസന്‍റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്‍റെ രൂപരേഖയും ശിവശങ്കര്‍തന്നെ നല്‍കി.
കോണ്‍സുലേറ്റിന്‍റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദേശിച്ച ശിവശങ്കര്‍ രണ്ട് കത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ആവശ്യപ്പെട്ടു. ആവശ്യമായി വന്നാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം. രവീന്ദ്രനെ വിളിക്കാനും സ്വപ്നയെ ഉപദേശിക്കുന്നു.
ലൈഫ് മിഷന്‍ ഇടപാടില്‍ യുഎഇ റെഡ്ക്രസന്‍റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് സിബിഐയും ഇഡിയും ഈ വാട്സ്ആപ്പ് ചാറ്റുകളെ കാണുന്നത്.
അതേസമയം ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് എം.ശിവശങ്കറിനെതിരേ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ ഇഡിക്ക് നിര്‍ണായക മൊഴി നല്‍കി.
മൂന്നുതവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. ശിവശങ്കറിന്‍റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്. എന്നാൽ ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Leave A Comment