വഴിത്തിരിവുകള്‍

മഹേഷിന്‍റെ സിനിമ ജീവിതം

വഴിത്തിരിവുകള്‍

വിദേശത്ത് ജനനം ആലപ്പുഴയിൽ പഠനം. ഉദയാ സ്റ്റുഡിയൊയുടെ പരിസരത്തെ താമസക്കാരനായതിനാൽ സ്വാഭാവികമായും ഉണ്ടായ സിനിമാ മോഹം. പകരക്കാരനായി അരങ്ങേറ്റം. തുടർന്നണിഞ്ഞത് സംവിധാനക്കുപ്പായം. ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയം. നാടകീയമായി സിനിമയിലെത്തി നൂറ് ചിത്രങ്ങൾ പിന്നിട്ട മഹേഷ് എന്ന കലാകാരൻ സ്വന്തം കഥ പറയുന്നു.

ആലപ്പുഴയിലെ കുട്ടിക്കാലം 

ഞാൻ ജനിച്ചത് വിദേശത്താണ്. ടാൻസാനിയയിൽ. അച്ഛൻ പദ്മനാഭൻ നായർ. അമ്മ പത്മകുമാരി. എനിക്ക് രണ്ട് സഹോദരിമാർ- മിനിയും മായയും . അച്ഛനും അച്ഛന്റെ സഹോദരങ്ങൾക്കും വിദേശത്തായിരുന്നു ജോലി. എനിക്ക് അഞ്ച് വയസ്സായപ്പോൾ ഞങ്ങൾ കേരളത്തിലെത്തി. ആലപ്പുഴയിൽ താമസമാക്കി. അതിനും കൃത്യമായ കാരണം ഉണ്ടായിരുന്നു. അച്ഛന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. തന്റെ മരണം എപ്പോഴായാലും അത് സ്വന്തം നാട്ടിലാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അങ്ങിനെ എന്റെ സ്ക്കൂൾ കാലഘട്ടം ആലപ്പുഴയിലായി. 

കവി വയലാർ രാമവർമ്മയുടേയും സത്യൻ സാറിന്റെയുമെല്ലാം മൃതദേഹങ്ങൾ വലിയ വിലാപയാത്രയായി പോകുന്നത് ശവക്കോട്ടപ്പാലത്തിന്റെ അരിക് പറ്റി നിന്ന് കണ്ടിട്ടുണ്ട്. സ്ക്കൂളിൽ പോകേണ്ടതും ആ വഴി തന്നെ. ഇരുനൂറ്റി അൻപത് സിനിമകൾ പൂർത്തിയാക്കിയ നസീർ സാറിന് ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ നൽകിയ സ്വീകരണവും കാണാനിടയായി. ഇതൊക്കെ യാണ് എന്നെ സിനിമയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത് സിനിമയുമായി അടുപ്പിച്ചത്. അല്ലാതെ കലാപരമായ ഒരു കഴിവും എനിക്കുണ്ടായിരുന്നില്ല. 




അന്നമ്മ ചാക്കോയുടെ ശിപാർശക്കത്ത് 

സിനിമ എന്താണെന്നറിഞ്ഞപ്പോൾ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കണമെന്നു തോന്നി. അന്നും അഭിനയത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. ഉദയാ സ്റ്റുഡിയോയുടെ അധികം അകലെയല്ലാതെ താമസിക്കുന്ന എനിക്ക് ഉദയയുടെ ഉടമസ്ഥനായ കുഞ്ചാക്കോ മരണപ്പെട്ടപ്പോൾ 21 സ്വർണ്ണക്കുരിശുമായുള്ള വിലാപയാത്ര മറക്കാൻ കഴിയാത്തതാണ്. എൺപതുകളിൽ എന്റെ സുഹൃത്ത് എന്നെ കുഞ്ചാക്കോയുടെ വീട്ടിൽ കൊണ്ടു പോയി. അവിടെ അന്നമ്മ ചാക്കോ (ഇപ്പോഴുള്ള കുഞ്ചാക്കോയുടെ അമ്മൂമ്മ ) എനിക്ക് ശശികുമാറിന് നൽകാനായി ശിപാർശക്കത്ത് നൽകി. അങ്ങിനെ ശശികുമാറിന്റെ അസിസ്റ്റന്റായാണ് ഞാൻ സിനിമയിലേക്ക് വരുന്നത്.





സഞ്ജയ് മിത്രക്കു പകരക്കാരനായി 

ടനായത് വളരെ അവിചാരിതമായാണ്. സഞ്ജയ് മിത്ര എന്ന നടനായിരുന്നു." മുദ്ര " യിലെ ബാബു എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. ഒരു വടക്കൻ വീരഗാഥയുടെ സെറ്റിൽ നിന്നും അദ്ദേഹത്തിന് പറഞ്ഞ സമയത്ത് വരാൻ കഴിഞ്ഞില്ല. മുദ്ര കുട്ടികളുടെ ജയിലിലെ കഥയാണ്. ജയിലാണെങ്കിൽ പന്ത്രണ്ട് ദിവസത്തേക്കു മാത്രമേ അനുവദിച്ചു തന്നിട്ടുള്ളൂ. അൻപത്തി ആറോളം സീനുകൾ തീർക്കുകയും വേണം. അങ്ങനെ സഞ്ജയ് മിത്രക്കു പകരം ബാബു വായി ഞാൻ അഭിനയിച്ചു. അതായിരുന്നു എന്റെ ആദ്യ അഭിനയം. അഭിനയിച്ച വിവരം സംവിധായകരും നിർമ്മാതാക്കളും അറിയാൻ ഇടയായപ്പോൾ അവസരങ്ങൾ തേടിയെത്തി. 

മുദ്ര ഇറങ്ങുന്നതിന് മുൻപ് ഏഴു സിനിമകളിൽക്കൂടി അഭിനയിച്ചു. എന്നാൽ ആദ്യം അഭിനയിച്ചതും ആദ്യം പുറത്തിറങ്ങിയതും മുദ്ര തന്നെ. അസിസ്റ്റന്റായും അഭിനേതാവായും കുറച്ചു കാലം തുടർന്നു. പിന്നെ അഭിനയം മാത്രമായി. 




സംവിധായകന്റെ കുപ്പായം 

1996 - 97 കാലഘട്ടത്തിൽ സിനിമയുമായി നല്ല അകലം വന്നു. അമ്മയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. പിന്നീട് അമേരിക്കയിലേക്ക് പോയി. ഇടവേളക്ക് ശേഷം തിരിച്ചു വന്നപ്പോൾ പഴയ പോലെ അവസരങ്ങൾ ലഭിച്ചില്ല. 

2009 ൽ സംവിധായകന്റെ കുപ്പായമണിഞ്ഞു." കലണ്ടർ " അതായിരുന്നു ആദ്യ സിനിമ. തമിഴ് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്തിവെച്ചിട്ടില്ല. എങ്കിലും നൂറിന് മുകളിലുണ്ട്. ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. യമണ്ടൻ പേമകഥയിൽ ഒന്നു തലകാണിച്ചു പോയിരുന്നു. അത് കണ്ട് ഒരുപാട് പേർ വിളിച്ചു. ജൂലായ് 20 ന് ഇറങ്ങുന്ന ബാലു നാരായണൻ സംവിധാനം ചെയ്യുന്ന "ഷീല" എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. കന്നടയിലും മലയാളത്തിലും ചിത്രീകരിച്ച സിനിമയാണ്. 




അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കും

മുൻ കാലങ്ങളിൽ തിരക്കഥാകൃത്തും നിർമ്മാതാക്കളും സംവിധായകരുമൊക്കെയായിരുന്നു അഭിനേതാക്കളെ തീരുമാനിച്ചിരുന്നത്. ഇന്ന്‌ അതൊക്കെ മാറി. ബന്ധങ്ങളും അടുപ്പങ്ങളുമാണ് ഇന്ന് മാനദണ്ഡം. അതുകൊണ്ട് തന്നെ ഇന്നവേഷമേ ചെയ്യു എന്ന ആഗ്രഹങ്ങൾ ഒന്നുമില്ല. അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കും. അത്ര തന്നെ. 



ഏറ്റുമാനൂർ സ്വദേശി ഹേമയാണ് ഭാര്യ. മക്കൾ മാളവികയും മേഘനയും. മാളവിക ഭർത്താവ് അജയോടെപ്പം വിദേശത്ത് ജോലി ചെയ്യുന്നു. മേഘന സെന്റ് തെരേസാസ് കോളേജിൽ പഠിക്കുന്നു. ഞങ്ങൾ ഇപ്പോൾ തൃപ്പൂണിത്തുറയിൽ താമസം.

തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment