വഴിത്തിരിവുകള്‍

ബാലസാഹിത്യത്തിന്റെ തമ്പുരാൻ: വഴിത്തിരിവില്‍ സിപ്പി പള്ളിപ്പുറം

                                                     വഴിത്തിരിവുകള്‍ 



കൊച്ചി: വിശ്വസാഹിത്യത്തിന്റെ വിശാലമായ ലോകത്തേക്ക് കുട്ടികൾക്ക് കടക്കാനുള്ള പ്രവേശന കവാടമാണ്  ബാലസാഹിത്യം. പുതിയ ലക്കത്തിന് വേണ്ടി കാത്തിരിക്കുന്ന ബാല്യം ബാലസാഹിത്യത്തിന്റെ മാത്രം സവിശേഷതയാണ്.
മൊബൈൽ ഫോണിന്റെ വരവ് കുട്ടികളെ വായനയിൽ നിന്നും അകറ്റിയിട്ടുണ്ട് എന്നതൊരു വസ്തുതയാണെങ്കിലും ബാലസാഹിത്യത്തിന്റെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല.

പ്രൈമറി ക്ളാസിലെ വിദ്യാർത്ഥികൾക്കു ചൊല്ലിക്കൊടുക്കാൻ വേണ്ടി കവിതകളെഴുതുകയും പിന്നീട് അതൊരു ശീലമായിത്തീരുകയും ഒടുവിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരനായി മാറുകയും ചെയ്ത സിപ്പി പള്ളിപ്പറം തന്റെ ജീവിതത്തെ മാറ്റിമറിച്ച വഴിത്തിരിവി ന്റെ കഥ പറയുന്നു.

ആറിലെ നാലുവരി                               

       അച്ഛൻ അന്തപ്പനും അമ്മ തെരേസക്കും ഞങ്ങൾ നാലു മക്കൾ. ജനിച്ചത് വൈപ്പിൻ പള്ളിപ്പുറത്ത് . രണ്ടാമത്തെ മകനാണ് ഞാൻ. സ്ക്കൂൾ പഠനം വൈപ്പിനിൽത്തന്നെ. പത്താം തരം കഴിഞ്ഞതും ടീച്ചേഴ്സ് ട്രൈനിങ്ങ് കോഴ്സിന് പോയി. തലശ്ശേരിയിലായിരുന്നു പരിശീലനം . 1966 ൽ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ അധ്യാപകനായി. പഠിക്കുന്ന കാലത്തേ എഴുതിത്തുടങ്ങിയിരുന്നു. സ്ക്കൂളിലെ കൈയ്യെഴുത്തു മാസികയിൽ സ്ഥിരമായി എഴുതുമായിരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസിൽ പഠിക്കുന്ന സമയം അതിന്റെ നടത്തിപ്പിലും സജീവമായിരുന്നു.


ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാലു വരി കുത്തിക്കുറിച്ചത്. അത് ഈ വരികളായിരുന്നു.

"മാവിൻ കൊമ്പിൽ ചാടി നടക്കും അണ്ണാറക്കണ്ണാ
ഇക്കിളി കിളികിളി പാടി നടക്കും അണ്ണാറക്കണ്ണാ
മുതുകത്തിങ്ങനെ ആരു വരച്ചു ചേലിൽ മൂന്നു വര."

           പഠിക്കുന്ന കാലത്ത് മത്സരങ്ങളിൽ പങ്കെടുക്കും സമ്മാനങ്ങളും ലഭിക്കും. ശരിക്കും ബാലസാഹിത്യത്തിലേക്ക് കടന്നുവരുന്നത് അധ്യാപകനായതിനു ശേഷമാണ്. ആദ്യം പ്രൈമറി ക്ലാസിലെ കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. അവരുടെ പുസ്തത്തിൽ ആകെ രണ്ടോ മൂന്നോ കുഞ്ഞു കവിതകളേ ഉണ്ടാകൂ. അവരുടെ വിരസത മാറ്റാൻ പുതിയ കവിത ഉണ്ടാക്കാൻ നോക്കി. അങ്ങിനെ എഴുതിത്തുടങ്ങി. സാഹിത്യകാരനാകണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ ചിന്തിച്ചിട്ട് കൂടി ഇല്ലായിരുന്നു. 

അന്ന് കുട്ടികൾക്കായി ചിലമ്പൊലി എന്നു പേരുള്ള ഒരു മാസിക ഉണ്ടായിരുന്നു. എറണാകുളത്തെ ആർ.വി തമ്പുരാൻ എന്ന വ്യക്തിയാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികൾക്കുള്ള കവിതകൾ ഞാൻ അയച്ചു കൊടുത്തിരുന്നു. അവർ താൽപര്യപൂർവ്വം പ്രസിദ്ധീകരിച്ചു.  

അധ്യാപനം എഴുത്തുകാരനാക്കി 

"ഒന്നും ഒന്നും രണ്ട്
തേൻ കുടിച്ചു വണ്ട്.
രണ്ടും ഒന്നും മൂന്ന്"- തുടങ്ങി ഗണിതം എളുപ്പമാക്കാനുള്ള പാട്ടുകളും എഴുതി. നിരവധി അധ്യാപകർ മാസികയിലേക്ക് പ്രതികരണമറിയിച്ചു കൊണ്ട് കത്തെഴുതി. ഇനിയും ഇതുപോലെ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അത് എനിക്ക് വലിയ പ്രചോദനമായി. കവിതകൾക്കൊപ്പം കഥകളും എഴുതിത്തുടങ്ങി.

             ബാലസാഹിത്യത്തിൽത്തന്നെ ഉറച്ചുനിൽക്കണമെന്ന് എന്നോട് പറഞ്ഞ വ്യക്തികളാണ് ടാറ്റാപുരം സുകുമാരനും, സി.പി ശ്രീധരനും, ടി.കെ സി വടുതലയും. തിരുവനന്തപുരത്തെ പി.എം. വാര്യർ എന്ന വ്യക്തിയാണ് "പൂമ്പാറ്റ"ക്ക് തുടക്കമിട്ടത്. രണ്ട് മൂന്ന് കൊല്ലമേ അത് നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞുള്ളു. പിന്നെ അത് പൈ ആന്റ് കമ്പനി ഏറ്റെടുത്തു. ആലപ്പുഴക്കാരനായ എസ് വി. പൈ ആണ് 1978 ൽ പൂമ്പാറ്റക്ക് വീണ്ടും തുടക്കം കുറിച്ചത്. മിടുമിടുക്കനായ ഒരു പത്രാധിപരേയും ലഭിച്ചു. സാഹിത്യകാരനായ വൈക്കം ചന്ദ്രശേഖരൻ നായരുടെ മുത്തമകളുടെ ഭർത്താവായ എൻ.എം. മോഹനൻ ആയിരുന്നു പത്രാധിപർ. ശരിക്കും പൂമ്പാറ്റയെ വളർത്തിയത് മോഹനനായിരുന്നു. പൂമ്പാറ്റയെ മാത്രമല്ല എന്നെപ്പോലുള്ള എഴുത്തുകാരേയും വളർത്തി. ഇദ്ദേഹമുണ്ടാക്കിയ മുഖച്ഛായയാണ് ബാലരമ ക്കും ബാലഭൂമിക്കും. അതൊന്നും ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല.

പുമ്പാറ്റയിൽ സ്ഥിരമായി കഥ കവിതകൾ എഴുതി. മോഹനൻ ഒരു പുതിയ പംക്തി തുടങ്ങി. "വായിച്ചു കൊടുക്കാൻ " ഞാൻ എന്റെ പേരിൽ സ്ഥിരമായി എഴുതുന്നതു കൊണ്ട്. പംക്തിക്ക് എന്റെ മകളുടെ പേര് ശാരിക എന്ന് കൊടുക്കാമെന്ന് മോഹനൻ തന്നെയാണ് പറഞ്ഞത്. കുറെക്കാലം കഴിഞ്ഞാണ് ആളുകൾക്ക് മനസ്സിലായിത്തുടങ്ങിയത്. ശാരിക എന്ന പേരിൽ എഴുതുന്നതും ഞാനാണെന്ന്. പൂമ്പാറ്റയിൽ എഴുതിത്തുടങ്ങിയതിൽപ്പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇരുനൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

           കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘം വലിയ പ്രസാധക സംഘമാണ് . വർഷംതോറും സമ്മാനപ്പെട്ടി എന്ന പേരിൽ പത്ത് പുസ്തകം ഇറക്കും. 1968 ൽ ഇറങ്ങിയ ഒരു പുസ്തകത്തിൽ എന്റെ യും കുറച്ചു കവിതകൾ ഉണ്ടായിരുന്നു. അതാണ് എന്റെ ആദ്യ പുസ്തകം. 1974 ൽ തിരുവല്ലയിലെ ക്രൈസ്തവ സാഹിത്യ സമിതി. "സ്വർണ്ണ കമ്പിളി' പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.

.


ഇപ്പോൾ ഇരുനൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1979 ൽ ഡി.സി ബുക്സ് രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. "വയലും മഴവില്ലും " " പപ്പടം പഴം പായസവും"  അന്താരാഷ്ട്ര ശിശു വർഷമായി കണക്കാക്കപ്പെട്ട വർഷമായിരുന്നു അത്. അന്ന് പ്രസിദ്ധീകരിച്ച പപ്പടം പഴം പായസത്തിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസവും ഇറങ്ങി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഡി.സി ബുക്സ് മുപ്പത്തെട്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി, തുടങ്ങി പല പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ഇറങ്ങിയത് മാതൃഭൂമി ബുക്സിന്റെ "ചെന്നായ് വളർത്തിയ പെൺകുട്ടിയും " മറ്റു ബാലനോവലുകളുമാണ്. 

റോമിയോയും സ്നേഹ മുത്തശ്ശിയും

              1998 ൽ സ്ക്കൂളിൽ നിന്ന് വിരമിച്ചു. എഴുത്തും പാഠപുസ്തക നിർമ്മാണവുമായി കഴിയുന്നു. കോ വിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് സജീവമായി എഴുതി. നടന്ന ഒരു സംഭവത്തിൽ കുറച്ച് കാൽപ്പനികത കലർത്തി "റോമിയോയും സ്നേഹ മുത്തശ്ശിയും " എന്ന കഥ എഴുതി.


1978 ൽ ആയിരുന്നു എന്റെ വിവാഹം. ഭാര്യ മെരിസെലിൻ അധ്യാപികയായിരുന്നു. മകൾ ശാരികയും ഭർത്താവും അധ്യാപകരാണ്. മകൻ നവനീതും ഭാര്യയും അധ്യാപകരാണ്. ചുരുക്കി പറഞ്ഞാൽ അധ്യാപക കുടുംബം.


തയ്യാറാക്കിയത്: ഉമ ആനന്ദ് 

Leave A Comment