അർബുദത്തെ തോൽപ്പിച്ച പ്രണയം
വഴിത്തിരിവുകള്‍
ഹൈസ്കൂൾ പഠനകാലത്ത് തന്നെ പിടികൂടിയ മരണത്തിന്റെ പര്യായമായിരുന്ന രക്താർബുദത്തെ അപാരമായ ആത്മവിശ്വാസം കൊണ്ടും തളരാത്ത ഇച്ഛാശക്തി കൊണ്ടും കെടാത്ത ശുഭ പ്രതീക്ഷ കൊണ്ടും പൊരുതി തോൽപ്പിക്കുകയും അർബുദമാണെന്നറിഞ്ഞിട്ടും സഹാനുഭൂതിക്ക് പകരം പത്തരമാറ്റ് പ്രണയത്തിന്റെ പൂക്കൾ നൽകിയ സഹപാഠിയെ ജീവിത പങ്കാളിയാക്കിയും രോഗത്തിന്റെ പീഢന കാലത്ത് ചേർത്ത് പിടിച്ച ഡോക്ടർ നൽകിയ ധൈര്യത്താൽ ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും സംഗീതഞ്ജനായ ഭർത്താവുമൊത്ത് ജീവിതം തന്നെ മധുര സംഗീതമാക്കിയ നിമിഷ പ്രണയം തോൽപ്പിച്ച ക്യാൻസറിന്റെ കഥ പറയുന്നു.
പനിച്ചൂടില്‍ തുടക്കം
ഞാൻ ജനിച്ചത് എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലിലാണ്. 13 വർഷങ്ങൾക്ക് ശേഷം വീണ്ടും അതേ ആശുപത്രിയിൽ 3 വർഷം തുടർച്ചയായി ചികിത്സ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഫെബ്രുവരി മാസത്തിലാണ് എനിക്ക് ആദ്യത്തെ ആർത്തവം ഉണ്ടാകുന്നത്. അതിനടുത്ത മാസം നല്ല പനി. പനി വരാൻ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മാറുന്നുമില്ല. അപ്പോഴാണ് ലക്ഷ്മി ഹോസ്പിറ്റലിലെ ഡോ. വാര്യരെ കാണുന്നത്. പനിക്കുള്ള മരുന്നും വാങ്ങി തിരിച്ചെത്തി. മരുന്ന് കഴിച്ച് കഴിഞ്ഞ് കുറച്ചുനേരം പനിയുണ്ടാവില്ല വീണ്ടും പൂർവ്വിധികം ശക്തിയോടെതിരിച്ച് വരും. മൂന്നു ദിവസമായിട്ടും നിലയിൽ മാറ്റമില്ല. വീണ്ടും ഡോക്ടറുടെ അടുത്തേക്ക് . അപ്പോഴാണ് ഡോക്ടർ രക്ത പരിശോധന വേണമെന്ന് പറഞ്ഞ് രക്തം പരിശോധിച്ചത്. പരിശോധനാ ഫലത്തിൽ ടോട്ടൽ കൗണ്ട് കുറവും പ്ലേറ്റ്ലെറ്റ് കൂടുതലും. ഡോക്ടർക്ക് കാര്യം മനസ്സിലായി. എന്റെ അമ്മയുടെ ചേച്ചി ലക്ഷ്മി ഹോസ്പിറ്റലിൽ നഴ്സാണ്. അവരോട് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു. എന്റെ അമ്മയും മറ്റൊരു ആശുപത്രിയിൽ നഴ്സായിരുന്നു.
ലുക്കീമിയയാണെന്ന് പരിശോധനാ ഫലത്തിൽ നിന്നറിഞ്ഞു. ലുക്കീയ എന്നാൽ ആ പ്രായത്തിൽ ഞാൻ കേട്ടിരുന്നത് മൂക്കിൽ കൂടിയും വായിൽക്കൂടിയും രക്തം വന്ന് മരിക്കും എന്നാണ്. പിന്നെ എവിടെ ചികിത്സിക്കണം എന്ന ആശയക്കുഴപ്പമായി. ആർ സി.സി അകലെയാണ്. ഒരാളേ പോകാനും പറ്റു. ഇവിടെത്തന്നെയാണെങ്കിൽ കുറച്ചു കൂടി സൗകര്യമായിരിക്കും എന്ന തീരുമാനത്തിൽ ലക്ഷ്മി ഹോസ്പിറ്റലിലെ അർബുദരോഗ വിദഗ്ധൻ ഡോ.സി.എൻ മോഹനൻ നായരുടെ കീഴിൽ ചികിത്സ തുടങ്ങി.
ക്ലാസിലെ അന്തർമുഖി
കീമോ ആരംഭിച്ചു. സ്ക്കൂളിൽ പോക്ക് തൽക്കാലത്തേക്ക് നിർത്തേണ്ടിവന്നു. പ്രായപൂർത്തിയായെങ്കിലും അധികം പ്രായമായിട്ടില്ലാത്ത എനിക്ക് ആശുപത്രി വാസം ദുസ്സഹമായിരുന്നു. കീമോയും റേഡിയേഷനും മൂന്നു വർഷം എന്റെ കൂട്ടുകാരായി. തലവേദന ഇടയ്ക്കിടയ്ക്ക് ആക്രമിച്ചു കൊണ്ടേയിരുന്നു. ഡോക്ടർ എന്നും വന്ന് കണ്ട് സംസാരിച്ച് ധൈര്യവും ആത്മവിശ്വാസവും വേണ്ടുവോളം നൽകി എന്നിൽ ഊർജം നിറച്ചു കൊണ്ടിരുന്നു. സാമ്പത്തികമായി തകർന്നിരുന്ന ഞങ്ങൾക്ക് സാമ്പത്തിക സഹായവും നൽകി.
ഞാൻ ഉന്മേഷവതിയാകാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒൻപതാം ക്ലാസ് അവസാനം സ്ക്കൂളിൽ പോയിത്തുടങ്ങി. എന്നാലും പല ദിവസങ്ങളിലും ചികിത്സക്കായി അവധിയെടുത്തു. ടീച്ചർമാർ നല്ലസപ്പോർട്ട് നൽകി. ചികിത്സയും പഠനവും നടന്നു. മുടി കുറവാണ്. അത് കണ്ട് ആരെങ്കിലും കാരണം ചോദിച്ച് സഹതപിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടു തന്നെ ഞാൻ ക്ലാസിൽ അന്തർമുഖിയായിരുന്നു.
രണ്ടു കണ്ണുകൾ എന്നെ ശ്രദ്ധിച്ചിരുന്നു
പത്താം തരം കഴിഞ്ഞതും ഞാൻ ഹയർ സെക്കന്ററി സ്ക്കൂളിൽ ചേർന്നു. അവിടെയും നിശ്ശബ്ദയായിരിക്കുന്ന പെൺകുട്ടി തന്നെയായിരുന്നു. എന്നാൽ രണ്ടു കണ്ണുകൾ എന്നെ ശ്രദ്ധിച്ചിരുന്നു. പതുക്കെ എന്നോട് മിണ്ടാനും തുടങ്ങി. എന്റെ ക്ലാസിലെ തന്നെ നിഥിൻ ജോർജായിരുന്നു അത്. നിഥിന്റെ ഒരു പാട്ട് കേട്ടാണ് ഞാൻ നിഥിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഞാൻ അവധിയെടുക്കുന്ന സമയങ്ങളിൽ എവിടെ പോയിരുന്നു എന്ന് അന്വേഷിച്ചു തുടങ്ങി. പനി, കാലു വേദന തുടങ്ങിയ കള്ളങ്ങൾ പറഞ്ഞ് ഞാൻ പിടിച്ചു നിന്നു. ഒരു ദിവസം ഞാനെല്ലാം അറിഞ്ഞു എന്ന് വന്നു പറഞ്ഞു. അങ്ങിനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പ്രീഡിഗ്രി കഴിഞ്ഞ് ഞാനും നിഥിനും രണ്ടു വഴിക്ക് പിരിഞ്ഞെങ്കിലും ബന്ധം നിലനിർത്തിയിരുന്നു.

വിവാഹം ജീവിതത്തിലെ വഴിത്തിരിവ്
തൃപ്പുണിത്തുറ ഗവൺമെന്റ് കോളേജിൽ നിന്ന് ഞാൻ ഹിസ്റ്ററിയിൽ ബിരുദം നേടി. നിഥിനുമായുള്ള ബന്ധം തുടർന്നു. നിഥിന് എന്നോട് സഹതാപമായിരുന്നില്ല. കരുതലും സ്നേഹവുമായിരുന്നു. എനിക്ക് രോഗം വന്നപ്പോൾ ഞാൻ കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. നിഥിൻ കല്യാണ ആലോചനയുമായി വന്നപ്പോൾ ഞാൻ അമ്മയോട് ചോദിക്കാൻ പറഞ്ഞു. അമ്മയ്ക്കും ടെൻഷനായിരുന്നു. ഡോക്ടറോടു സംസാരിച്ചപ്പോൾ വിവാഹിതയാവുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞു. നിഥിന്റെ വീട്ടിലും സമ്മതമായിരുന്നു. നിഥിന്റെ അച്ഛന്റെ സഹോദരിക്കും കാൻസർ ബാധിച്ചിരുന്നു. അവരെയും ചികിത്സിച്ചിരുന്നത് ഡോക്ടർ മോഹനൻ നായരായിരുന്നു. അങ്ങിനെ 2019 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അത് എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.

നിഥിന്‍റെ സംഗീതലോകം
നിഥിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഗീത ലോകത്തേക്കുള്ള ചുവട് വയ്പ്പായിരുന്നു. സംഗീതം പഠിക്കാത്ത നിഥിന് സംഗീതത്തോട് വലിയ കമ്പമായിരുന്നു. ബിരുദത്തിന് പഠിക്കുമ്പോൾ സംഗീതഭ്രാന്തു മനസ്സിലാക്കിയ കൂട്ടുകാരൻ മ്യൂസിക് പ്രോഗ്രാമറായ തന്റെ ചേട്ടൻ എബിയെ നിഥിന് പരിചയപ്പെടുത്തി. അന്ന് മുതൽ അദ്ദേഹത്തി നൊപ്പം കൂടിയ നിഥിൻ പാട്ടിനൊപ്പം കേൾക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു കൊണ്ട് ഏഴു വർഷം അവിടെ തുടർന്നു. സംഗീത സംവിധായകരായ ദീപക് ദേവ് , ഗോപീ സുന്ദർ, ബേണീ ഇഗ്നേഷ്യസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.
അന്ന് കൂട്ടുകാരന്റെ ചേട്ടന്റെ സ്റ്റുഡിയോ കണ്ട് കണ്ണ് തള്ളിപ്പോയ നിഥിൻ ഇപ്പോൾ സ്വന്തം വീട്ടിലെ ഒരു മുറി സ്റ്റുഡിയോയാക്കി മാറ്റി. മ്യൂസിക് പ്രോഗ്രാമിങ്ങ് മാത്രമല്ല ഇപ്പോൾ ചെയ്യുന്നത്.സൗണ്ട് ഡിസൈനറും കൂടിയാണ് നിഥിൻ . വാമനൻ എന്ന സിനിമയ്ക്കു വേണ്ടി നാലു പാട്ടുകളാണ് ഇപ്പോൾ അവസാനം ചെയ്തത്. 2021 ൽ ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. ഞാൻ നഴ്സറി സ്ക്കൂൾ അധ്യാപികയാണ് കുഞ്ഞുങ്ങൾ ജനിച്ച ശേഷം നീണ്ട അവധിയിലാണ്.
കൂട്ടായി കുടുംബം
സഹപാഠിയെ സഹയാത്രികനാക്കിയപ്പോൾ കൂടുതലൊന്നും തന്നെ ചിന്തിച്ചിരുന്നില്ല. മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. സംഗീത പാരമ്പര്യ കുടുംബമായതിനാൽ മക്കൾക്ക് വയലിൻ, വിയോള എന്ന് പേരിട്ടു. വയലിന്റെ ഇറ്റാലിയൻ രൂപഭേദമാണ് വിയോള .
കൃത്യമായ ചികിത്സയും അത് പോലെ ആത്മവിശ്വാസവുമുണ്ടങ്കിൽ എത്ര വലിയ രോഗത്തോടും പൊരുതി ജയിക്കാം. സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം ജീവിക്കാം. അതുപോലെ അർപ്പണ മനോഭാവത്തോടെ ജോലി ചെയ്താൽ തീർച്ചയായും വിചാരിച്ചിതിൽ പകുതിയെങ്കിലും നേടാൻ കഴിയും. ഇനി സ്‌റ്റുഡിയോ കുറച്ചു കൂടി വിപുലമാക്കണം. സംഗീത ലോകത്ത് തുടരണം. അതിന് കൂട്ടായി കുടുംബം തന്നെയുണ്ട്.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment