വഴിത്തിരിവുകള്‍

പകരംവയ്ക്കാനാവാത്ത വേഷങ്ങൾ സമ്മാനിച്ച പകരക്കാരൻ ;കലാഭവന്‍ ഷാജോണ്‍

ആദ്യമായി വേദിയില്‍ കയറിയതും ആദ്യമായി സിനിമയില്‍ കയറിയതും സിനിമയില്‍ ആദ്യമായി മുഴുനീള കഥാപാത്രം ലഭിച്ചതുമെല്ലാം പകരക്കാരന്‍ എന്ന നിലയ്ക്കാണെന്നാണ്കലാഭവന്‍ ഷാജോണിന്‍റെ സവിശേഷത . പകരക്കാരനില്ലാത്ത പകരക്കാരനായി ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം ജീവിതത്തിലെ വഴിത്തിരിവുകള്‍ പങ്കു വയ്ക്കുന്നു

ചേട്ടൻ വഴികാട്ടി 

എന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളുണ്ടായതെല്ലാം സംഭവിച്ചത് ഞാനൊരു പകരക്കാരനായി വന്നപ്പോഴായിരുന്നു.ഇ.ജെ. ചാച്ചന്‍,ജോണ്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. അമ്മ റെജീന ജോണ്‍ ഹെഡ് നഴ്സും .ഞാന്‍ ജനിച്ചു വളര്‍ന്നതും പഠിച്ചതുമെല്ലാം കോട്ടയത്തായിരുന്നു .സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും പരിപാടിക്ക് പങ്കെടുക്കുമെന്നല്ലാതെ   കലാ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല.എന്നാല്‍ കോളേജില്‍ എത്തിയപ്പോള്‍ കഥ മാറി. ഞങ്ങള്‍ രണ്ടു മക്കളാണ്. എനിക്കൊരു ചേട്ടനുണ്ട് ഷിബു.ചേട്ടന്‍
 നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. ചേട്ടന്‍ ചെയ്യുന്നത് കണ്ട് ഞാനും സ്വയം പഠിച്ചു തുടങ്ങി. അന്ന് ഗോഡ് ഫാദറിലെ  എന്‍.എന്‍. പിള്ളയായിരുന്നു മിമിക്രിയിലെ പ്രധാന ഐറ്റം.



സോളമന്‍  ചങ്ങനാശ്ശേരി പ്രശസ്തനായ മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. വീടിനടുത്ത് അദ്ദേഹത്തിന്‍റെ പരിപാടിയുണ്ട്. എന്നാല്‍ എന്തോ കാരണം കൊണ്ട് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ ചേട്ടന്‍ എന്നോട് വേദിയിലേക്ക് കയറാന്‍ പറഞ്ഞു. രണ്ടും കല്‍പ്പിച്ച് വേദിയില്‍ കയറി പരിപാടി അവതരിപ്പിച്ചു. അത് പലരും കണ്ടു. പലരും അറിഞ്ഞു. പിന്നീടെനിക്ക് ധാരാളം വേദികള്‍ ലഭിച്ചു. 

സോളമന്‍ ചങ്ങനാശ്ശേരി വരതിരുന്നതാണ്  എന്‍റെ ആദ്യത്തെ വഴിത്തിരിവ്.  നിന്ന് പ്രോത്സാഹിപ്പിക്കും. ചേട്ടന്‍ മിമിക്രി അവതരിപ്പിക്കുന്നതിനേക്കാള്‍ എന്നെ താരമാക്കാനാണ് ശ്രമിച്ചത്. 

മൈ ഡിയര്‍ കരടിയിലൂടെയാണ്  സിനിമയിലേക്കുള്ള എന്ട്രി

 1995  മുതല്‍ കലാഭവനിലെ അംഗമായി. കലാഭവന്‍ മണിച്ചേട്ടന്‍ അഭിനയിച്ച മൈ ഡിയര്‍ കരടിയിലൂടെയാണ് എന്‍റെ സിനിമയിലേക്കുള്ള എന്ട്രി. അതും പകരക്കാരനായിട്ടു തന്നെ.കലാഭവന്‍ മണിച്ചേട്ടന്‍ ഒരേ സമയം നാലും അഞ്ചും സിനിമയില്‍ ഓടി  നടന്ന് അഭിനയിക്കുന്ന കാലം. കരടിയുടെ രൂപത്തിലാണ് സിനിമയില്‍,മുഖം കാണില്ല.ഏറെ തിരക്കുള്ള കലാഭവന്‍ മണിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കരടിയയി ഏകദേശംരൂപ സാദൃശ്യമുള്ള പകരക്കാരനെ വയ്ക്കാന്‍ തീരുമാനമായി.എന്തായാലും മുഖം കാണില്ലല്ലോ .കോട്ടയം നസീറാണ് ആ സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്.ഇതില്‍ മുഖം കാണിക്കാന്‍ കഴിയില്ല.എന്നാലും മുഖം കാണിക്കുന്ന ഒന്നോ രണ്ടോ സീന്‍ ഉണ്ടാകാമെന്ന് പറഞ്ഞു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഞാന്‍ ഇത് കേള്‍ക്കേണ്ട താമസം ഓക്കെ പറഞ്ഞു. 

കരടികുപ്പായത്തിനകത്തിരിക്കുക ദുഷ്കരമായിരുന്നു.ചൂട് കൊണ്ട് ഉരുകിയൊലിക്കും. വല്ലപ്പോഴും മുഖം മാത്രം പുറത്തു കാണിച്ച് കാറ്റ് കൊള്ളും. ഇനത്തെപ്പോലെ വിശ്രമിക്കാന്‍ കാരവാനുംമറ്റു സൗകര്യങ്ങള്‍ ഒന്നും അന്നില്ല.ഫുള്‍ ടൈം ഉടുപ്പിനകത്തായിരിക്കും.അങ്ങനെ പകരക്കാരനായി സിനിമയിലേക്കുള്ള തുടക്കം കുറിച്ചു.

ആ സിനിമയുടെ കഥ ഉദയ കൃഷ്ണ സി.കെ. ടീമിന്‍റെ കഥയായിരുന്നു. എന്‍റെ ബുദ്ധിമുട്ട് അവര്‍ ശരിക്കും കണ്ടറിഞ്ഞിരുന്നു.ഉദയകൃഷ്ണ സിബി കെ ടീം അവരുടെ എല്ലാ സിനിമകളിലും ചെറിയൊരു വേഷമെങ്കിലും നല്‍കുമായിരുന്നു.നടന്‍ ദിലീപും മിമിക്രി ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് എന്നോട് നല്ല സ്നേഹമായിരുന്നു.അദ്ദേഹത്തിന്‍റെ സിനിമകളിലും അവസരം നല്‍കിയിരുന്നു.

 
പകരക്കാരനായി വന്ന് ശ്രദ്ധേയനായി

മൈ ബോസ് ആണ് അടുത്ത വഴിത്തിരിവ്.അതിലും ഞാന്‍ എത്തിയത് പകരക്കരനായിതന്നെ ,മൈ ബോസില്‍ ഞാന്‍ ചെയ്ത വേഷം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് സലീമേട്ടനെ ആയിരുന്നു.കാരണം ദിലീപ് സലിംകുമാര്‍ ഒരുമിച്ചഭിനയിച്ച പടങ്ങളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ സലീമേട്ടന് തിരക്ക് പിടിച്ച സമയമായിരുന്നത്‌ കൊണ്ട് അവിടെ പകരക്കാരനായി ഞാനെത്തി.ഞാന്‍ ആദ്യവസാനം വരെ ഉണ്ടായിരുന്ന ആദ്യ സിനിമ മൈ ബോസ് ആയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കൈ നിറയെ സിനിമകള്‍ വന്നു തുടങ്ങി. മൈ ബോസ് ഇറങ്ങി തൊട്ടടുത്ത വര്‍ഷമാണ്‌ ദൃശ്യം ഇറങ്ങുന്നത്.അതിലെ പോലീസുകാരന്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാ പത്രമാണ്‌. 


ദൃശ്യത്തിലെ  പോലീസുകാരന്‍ ഒരിക്കലും മറക്കാത്ത കഥാ പാത്രം

ദൃശ്യത്തെക്കുറിച്ച്പറയുമ്പോള്‍ ഒരു രസകരമായ സംഭവം കൂടിയുണ്ട്. ദൃശ്യം ഇറങ്ങിയ സമയം ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലാണ്.കൂടെ സുരാജ് വെഞ്ഞാറമൂടും ഉണ്ട്.ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന ഒരാള്‍ അദ്ദേഹത്തിന്‍റെ  വീട്ടിലേക്ക് എന്നെ വിളിച്ചു.വിളിച്ചു എന്നല്ല വിളിച്ചു കൊണ്ടേയിരുന്നു. ലോക്കേഷന് അടുത്ത് തന്നെയാണ് വീട്,നട്ടുച്ച സമയം ഒട്ടും പരിചയമില്ലാത്ത വ്യക്തിയും. ഞാന്‍ പോകാന്‍ വിസമ്മതിച്ചു. എന്നാല്‍ സുരാജ് നിര്‍ബന്ധിച്ചു.കൂടെ വരാമെന്നും പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും ആ വ്യക്തിയും കൂടി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയി. ഗേറ്റ് കടന്നതും കണ്ട കാഴ്ച  ഒരു ചേച്ചി കുഞ്ഞിനെ ഒക്കത്തിരുത്തി ചോറ് വരിക്കൊടുക്കുന്നു.എന്നെ കണ്ടതും അവര്‍ പറയുകയാണ് കൊച്ച് ഭക്ഷണമേ കഴിക്കുന്നില്ല കരച്ചിലാണ്. കൊച്ചിന്റെ അച്ഛന്‍ ഇത് കണ്ടോ ഇത് കണ്ടോ ഇത് പോലീസാണ് ഞാന്‍ പറഞ്ഞില്ലേ കൂട്ടി കൊണ്ട് പോകുമെന്ന് .ഞാന്‍ സുരാജിനെ ഒരു നോട്ടം നോക്കി. അപ്പോള്‍ ചിരിക്കാന്‍ തുടങ്ങിയ സുരാജ് സെറ്റിലെത്തിയിട്ടും നിര്‍ത്തിയില്ല അവിടെ ഉണ്ടായിരുന്ന സിദ്ധിക്കിനോടും മറ്റുള്ളവരോടും പറഞ്ഞ് അവസാനം കൂട്ടച്ചിരിയായിമാറി.



രണ്ട് സിനിമകള്‍ ഉടനെ ഇറങ്ങുന്നുണ്ട്.അജിത്‌ ഡയറക്ടറായ സന്തോഷം, അതൊരു കുടുംബ ചിത്രമാണ്.പിന്നെ സുധീഷ്‌ ഡയറക്ടറായ ഇനി ഉത്തരം ,അതില്‍ രണ്ടിലും കോമഡിയും നെഗട്ടീവുമല്ലാത്ത വ്യത്യസ്ത കഥാപാത്രമായാണ് അഭിനയിക്കുന്നത്.
രണ്ടും ഏറെ പ്രതീക്ഷ നല്‍കുന്ന വേഷങ്ങളാണ്.  

ഇതു വരെയുള്ള വഴിത്തിരിവുകള്‍ ഇതൊക്കെത്തന്നെ.കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഭാര്യ ഡിനി. മകള്‍ ഹന്ന,പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. മകന്‍  യോഹാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.

Leave A Comment