വഴിത്തിരിവുകള്‍

'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ..', സംഗീതവഴികൾ ഓർത്തെടുത്ത് ടി എസ് രാധാകൃഷ്ണൻ

കേരളത്തിലെ ആദ്യത്തെ ഭക്തി ഗാന ആൽബം പിന്നീട് ആദ്യത്തെ അയ്യപ്പ ഭക്തി ഗാന ആൽബം തുടർന്ന് തരംഗിണിക്ക് വേണ്ടി ഒട്ടേറെ ആൽബങ്ങൾ .
അര നൂറ്റാണ്ടുകാലമായി വൃതം നോറ്റ് മല ചവിട്ടുന്ന ടി എസ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ടി.എസ് രാധാകൃഷ്ണന്റെ ഭക്തിയുടെയും സംഗീതത്തിന്റെയും സമന്വയമാണ് മേലെഴുതിയ ആൽബങ്ങളടക്കമുള്ള സംഗീത സപര്യ. ശിവക്ഷേത്രത്തിൽ തുടങ്ങി ശബരീ സന്നിധിയിലൂടെ പന്തലിച്ച് അതേ വിശുദ്ധിയോടെ ഇപ്പോഴും തുടരുന്ന സംഗീത യാത്രയിലെ നാഴികക്കല്ലുകളെ ഓർത്തെടുക്കുകയാണ് ടി.എസ്.

എട്ടാം  വയസിൽ പാടാൻ തുടങ്ങി  

ശങ്കരനാരായണയ്യരുടേയും സുബ്ബലക്ഷ്മി അമ്മാളുടേയും ഒൻപത് മക്കളിൽ ഏഴാമനാണ് ഞാൻ. കുഞ്ഞുനാൾ മുതലേ സംഗീതത്തോട് താൽപര്യമായിരുന്നു. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭൂതനാഥ ഭജന സംഘത്തിൽ പാടാൻ തുടങ്ങിയപ്പോൾ എനിക്ക് വയസ്സ് എട്ട്. അതായിരുന്നു സംഗീതത്തിലേക്കുള്ള ആദ്യത്തെ വഴിത്തിരിവ്.



 പാടാൻ തുണയായി സഹോദരൻ ടി.എസ് ശങ്കരനാരായണൻ ഒപ്പമുണ്ടായിരുന്നു ( ഇന്നുമുണ്ട് ) തഞ്ചാവൂർ സുബ്രഹ്മണ്യ ഭാഗവതരാണ് ആദ്യ ഗുരു. എറണാകുളം എസ്.ആർ വി സ്ക്കൂളിലായിരുന്നു പത്താം തരം വരെ പഠിച്ചത്. പത്താം തരം പൂർത്തിയാക്കിയ ശേഷം തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. കല്യാണസുന്ദരം ഭാഗവതരുടെ കീഴിൽ എട്ടു വർഷം സംഗീതം അഭ്യസിച്ചു. പ്രീഡിഗ്രിക്ക് സെന്റ് ആൽബർട്ട്സിലും ഡിഗ്രിക്ക് മഹാരാജാസിലും പഠിച്ചു. ബിരുദത്തിന് തത്വചിന്തയായിരുന്നു  വിഷയമെങ്കിലും മനസ്സു മുഴുവൻ സംഗീതമായിരുന്നു. 

ആർ.കെ.ദാമോദരനുമായുള്ള സൗഹൃദം വഴിത്തിരിവായി   

എന്റെ സഹോദരൻ ടി.എസ് കൃഷ്ണൻ നല്ലൊരു ഡ്രംസ് വായനക്കാരനാണ്. കൂടാതെ പാശ്ചാത്യ സംഗീത ബാന്റും നടത്തിയിരുന്നു. ഞാനും 1976 മുതൽ 84 വരെയുള്ള കാലഘട്ടത്തിൽ അവരുടെ സംഘത്തിൽ ചേർന്നു. ഗിറ്റാർ സ്വയം വായിച്ചു പഠിച്ചു. അന്നത്തെ അറിയപ്പെടുന്ന വേഷമായ ബെൽ ബോട്ടം പാന്റും നീളൻ മുടിയുമായി കാണികളെ കൈയ്യിലെടുത്തു.
കോളേജിൽ എന്റെ സീനിയറായിരുന്നു ഗാനരചയിതാവും എഴുത്തുകാരനുമായ ആർ.കെ.ദാമോദരൻ . ഞങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് പുതിയ വഴിത്തിരിവിൽ കലാശിച്ചു.


 1979 ൽ എറണാകുളം ശിവക്ഷേത്ര ഉത്സവഗാനമേളക്ക് " ചന്ദ്രക്കല പൂചൂടു "മെന്ന ആദ്യ ഗാനം പിറവി കൊണ്ടു. രചന ആർ കെ. സംഗീതം ടി.എസ് .1980 ൽ ഹരിശ്രീ പ്രസാദം എന്ന പേരിൽ കേരളത്തിലെ തന്നെ ആദ്യ ഭക്തി ഗാന ആൽബം പുറത്തിറങ്ങി. ഞാനും ആർ കെ യുമായുള്ള കൂട്ടുകെട്ടിൽ ഭക്തി ഗാനരംഗത്തെ നാഴികക്കല്ലായി അത്. ആദ്യ അയ്യപ്പ ഭക്തി ഗാന ആൽബം ഉടലെടുത്തതും ഞങ്ങളുടെ ആത്മബന്ധത്തിൽ നിന്നു തന്നെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

 
ആ ഈണം  സംഗീതജീവിതത്തിൽ  മറക്കാൻ കഴിയാത്ത അനുഭവം 

1982 ൽ പദ്മശീ യേശുദാസിന്റെ തരംഗിണിക്കു വേണ്ടി തുളസീ തീർത്ഥം എന്ന ആൽബത്തിൽ പത്ത് ഗാനങ്ങൾക്ക് ഈണം നൽകി.തരംഗിണി പുറത്തിറക്കിയ ഇരുപത് ആൽബങ്ങൾക്കും ഞാനാണ് സംഗീതം നിർവ്വഹിച്ചത്. യേശുദാസ് ചലച്ചിത്രേതര ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ചതും ഞാൻ നൽകിയ ഈണങ്ങൾക്കാണ് എന്ന പ്രത്യേകതയുണ്ട്. 1986 ൽ ഡോ.എസ് രാമനാഥന്റെ കീഴൽ രണ്ട് വർഷം സംഗീതം അഭ്യസിച്ചു. 1986 ൽ എതിർപ്പുകൾ എന്ന സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കി. അതിനു ശേഷം ചലച്ചിത്ര ലോകത്തേക്ക് കടക്കാൻ താൽപര്യപ്പെട്ടില്ല. 


1982 മുതൽ ഹരിശ്രീ എന്ന ഭജന ഗ്രൂപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഡോ.എസ് രാമനാഥൻ ഹരിശ്രീ എന്ന പേരു മാറ്റി ത്യാഗരാജ സ്വാമികളുടെ സ്മരണാർത്ഥം ത്യാഗ ബ്രഹ്മം എന്ന പേരു നൽകി. 1982 ൽ. ഗുരുവായൂരിൽ വെച്ച് ഉൽസവ സമയത്താണ് അന്തരിച്ച ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി " ഒരു നേരമെങ്കിലും "എന്ന ഗാനം എഴുതി എന്നെ ഏൽപ്പിക്കുന്നത്. അവിടെ വെച്ച് തോന്നിയ ട്യൂൺ അപ്പോൾത്തന്നെ ചെയ്ത് വേദിയിൽ ആലപിച്ചു. അത് ഇന്നും സംഗീത പ്രേമകൾ നെഞ്ചോട് ചേർത്തിരിക്കുന്നു. അത് മറക്കാൻ കഴിയാത്ത അനുഭവമാണ്.


സംഗീതമില്ലാത്ത ജീവിതം ഓർക്കാനേ കഴിയില്ല

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ പാടിത്തുടങ്ങിയതു മുതൽ ഇന്നുവരെ മുടങ്ങാതെ വൃശ്ചികം ഒന്നിന് ഭജന നടത്താറുണ്ട്. പന്ത്രണ്ടു വയസ്സു മുതൽ തുടങ്ങിയ ശബരിമല അയ്യപ്പ ദർശനത്തിനും ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. പുട്ടപർത്തിയിലും മൂന്ന് പതിറ്റാണ്ടായി ഭജന നടത്തുന്നു. എന്റെ മാനസ ഗുരു ദക്ഷിണാമൂർത്തി സ്വാമിയാണ്. സംഗീത ലോകത്തെ അനേകം മഹാപ്രതിഭകളെ അടുത്തറിയുവാനും അവരുടെ സഹയാത്രികനാവാനും കഴിഞ്ഞത് ദൈവാനുഗ്രഹമെന്നു കരുതുന്നു. സംഗീതമില്ലാത്ത ജീവിതം ഓർക്കാനേ കഴിയില്ല.  ജീവിതാവസാനം വരെ സംഗീതവും കൂടെയുണ്ടാകും. ഭാര്യ പദ്മ മക്കൾ ലക്ഷ്മി, ശങ്കർ വിനായക് . മക്കളും സംഗീതത്തിന്റെ പാതയിലാണെന്നുള്ളത് വളരെയധികം സന്തോഷം നൽകുന്നു.

തയ്യാറാക്കിയത് : ഉമ ആനന്ദ് 

Leave A Comment