രമണ കാവ്യത്തിന് നിറം നൽകി ചിത്ര രചനയിൽ വിസ്മയം തീർത്ത് ;ബാലകൃഷ്ണൻ കതിരൂർ
ഒരൊറ്റ നോവലിലൂടെ അല്ലെങ്കിൽ സിനിമയിലൂടെ അല്ലെങ്കിൽ ഫോട്ടോഗ്രാഫിയിലൂടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ചിലരുണ്ട്. ആ ഗണത്തിൽപ്പെടുന്ന കലാകാരനാണ് കതിരൂർ ബാലകൃഷ്ണൻ എന്ന ചിത്രകാരൻ . വിഖ്യാത കവി ചങ്ങമ്പുഴയുടെ; കവിയെക്കാൾ വിഖ്യാതമായ രമണൻ എന്ന കാവ്യത്തെ ചുമർ ചിത്രമാക്കി എന്നതാണ് കതിരൂർ കലാകേരളത്തിന് നൽകിയ മഹത്തായ സംഭാവന. ബാലകൃഷ്ണൻ കതിരൂർ തന്റെ വഴിത്തിരിവുകൾ ഓർത്തെടുക്കുന്നു.
പേരിന്റെ കൂടെ കതിരൂർ എന്നുണ്ടെങ്കിലും ഞാൻ ജനിച്ചതും പഠിച്ചതുമെല്ലാം കോഴിക്കോട്ടെ ഫറോക്കിലായിരുന്നു.അച്ഛൻ നാരായണ മേനോൻ
അമ്മ ലക്ഷ്മിക്കുട്ടിയമ്മ അച്ഛന്റെയും ചേട്ടൻ ഭാസ്കരന്റെയും വരകളാണ് എന്നെയും ആ ലോകത്തെത്തിച്ചത്. ഞാൻ നല്ലൊരു ചിത്രം ആദ്യമായി വരച്ചത് ആറാം ക്ലാസിലാണ് എന്നാണോർമ്മ.
സത്യത്തിൽ സമ്മാനമല്ല അന്ന് മനസ്സിൽ
യുണിവേഴ്സൽ ആർട്സിന്റെ ചിത്രരചനാ മൽസരം എല്ലാ വർഷവും ഉണ്ടാകാറുണ്ട്. അഖില കേരള ബാലചിത്ര രചനാ മൽസരം . മാനാഞ്ചിറ മൈതാനത്ത് വെച്ച് വലിയ പന്തലിലാണ് അത് നടക്കുക. ചെറിയ കുട്ടിയാകുമ്പോഴേ പങ്കെടുക്കുമായിരുന്നു. സത്യത്തിൽ സമ്മാനമല്ല അന്ന് മനസ്സിൽ . ഓറഞ്ചും ബിസ്ക്കറ്റും വരയ്ക്കാൻ കളറും എല്ലാം കിട്ടും അതായിരുന്നു കാര്യം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പതിനാലാം വയസ്സിൽ ആ കാറ്റഗറിയിൽ സമ്മാനം ലഭിക്കുന്നത്.
അതും ഒന്നാം സമ്മാനം.
ഫറോക്കിലെ പുലി ചിത്രകലയിലെ ആദ്യ വഴിത്തിരിവ്
അതിന് പിന്നിലും ഒരു കഥയുണ്ട്. ഫാറൂഖ് സ്ക്കൂളിനടുത്ത് കല്ലുവെട്ടു കുഴികളുണ്ട്. ചാലിയാർ പുഴയിൽ നിന്ന് നീന്തി വന്നതായിരിക്കാം ഒരു പുലി കല്ലുവെട്ടുകുഴിയിൽ പെട്ടു. പോലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആകെ ബഹളം . ഞങ്ങൾ കുട്ടികൾ കേൾക്കുന്നത് പുലിയെ ഇൻസ്പെക്ടർ വെടി വെക്കാൻ തുടങ്ങുമ്പോൾ പുലി ചാടി വീണു. ഇൻസ്പെക്ടർ മരിച്ചു. ഫറോക്ക് കോളേജിലെ സെക്യൂരിറ്റി ( അദ്ദേഹം മിലിറ്ററിയിൽ നിന്ന് വിരമിച്ച ആളാണ് ) മറ്റൊരു പോലീസിന്റെ തോക്ക് വാങ്ങി പുലിയെ വെടിവെച്ചു കൊന്നു എന്നൊക്കെയാണ്. അന്നത് വലിയ വാർത്തയായി. ഈ സംഭവമാണ് ഞാൻ ചിത്രo വരയ്ക്കാൻ വിഷയമാക്കിയത്. അതിന് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. പത്ര വാർത്തയാവുകയും ചെയ്തു. ഫറോക്കിലെ പുലി എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ . ആ സമ്മാനം നൽകിയത് പ്രശസ്ത ചിത്രകാരൻ എം.വി ദേവൻ മാഷായിരുന്നു. കോഴിക്കോട് ടൗൺഹാളിൽ വെച്ചായിരുന്നു സമ്മാനം ലഭിച്ചത്. അതായിരുന്നു ചിത്രകലയിലെ ആദ്യ വഴിത്തിരിവ്.

പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് അദ്ധ്യാപക പരീക്ഷ പാസ്സായത്. ആദ്യ നിയമനം മൂവാറ്റുപുഴയിൽ പിന്നീട് ഇടപ്പള്ളി കുന്നും പുറത്ത് ദീർഘ കാലം ഗവ: ടിടിഐയിൽ നിന്നും വിരമിക്കൽ.
എറണാകുളത്തെ വിദ്യാഭ്യാസ ഓഫീസിൽ മഹാൻമാരുടെ വലിയ ചിത്രങ്ങൾ ഞാൻ വരച്ചിരുന്നു
അന്നത്തെ വിദ്യാഭാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥിനും ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ വി.ശിവൻകുട്ടിക്കും ആ ചിത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു. അതും ഒരു വഴിത്തിരിവാണ്.
രമണന്റെ ചുമർ ചിത്രാവിഷ്കാരം അതീവ ശ്രമകരമായിരുന്നു
ആയിടക്കാണ് ഗവ: ടി ടി ഐ യുടെ സ്ഥലം കോർപ്പറേഷന് നൽകുന്നതും അവിടെ പുതിയ മതിൽ ഉയരുന്നതും. മതിലിൽ ചിത്രം വരയ്ക്കാം എന്ന ആശയം രൂപം കൊണ്ടു.
സ്ഥലം ഇടപ്പള്ളി ആയതിനാൽ വരയ്ക്കേണ്ട വിഷയത്തെക്കുറിച്ച് രണ്ടാമതാലോ ചിക്കേണ്ടി വന്നില്ല.ചങ്ങമ്പുഴയുടെ രമണനിലെ പ്രസക്ത ഭാഗങ്ങൾ പതിനാല് ഫ്രെയ്മിലാക്കാൻ തീരുമാനമായി.
കോവിഡും മഴയുമൊക്കെ തടസ്സം സൃഷ്ടിച്ചെങ്കിലും ചിത്രമതിൽ യാഥാർത്ഥ്യമാവുക തന്നെ ചെയ്തു.

രമണന്റെ ചുമർ ചിത്രാവിഷ്കാരം എന്ന ആശയം നൂതനവും മനോഹരവുമായിരുന്നെങ്കിലും അതിന്റെ പ്രായോഗികത അതീവ ശ്രമകരമായിരുന്നു.
പതിനാല് കഥാ സന്ദർഭങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഭാഷാദ്ധ്യാപകനായ വിഷ്ണു രാജിന്റെ സേവനവും സംഭാവനയും വിലപ്പെട്ടതായിരുന്നു.
അതുപോലെ തന്നെ ഈ ചുമർ ചിത്ര യജ്ഞം പൂർത്തിയാക്കന്നതിന് എന്റെ ഇടത്തും വലത്തുമായി തുടക്കം മുതൽ ഉണ്ടായിരുന്ന കലാകാരൻമാരായിരുന്നു ഹരിയും സുഗതനും.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ബഹുമതിയായി കണക്കാക്കുന്നു
ചിത്രരചനക്കിടയിൽ മറക്കാനാവാത്ത
അവിസ്മരണീയമായ അനുഭവവും ഉണ്ടായി.
ചിത്രീകരണം നടക്കുന്ന വേളയിൽ ഒരിക്കൽ ഒരു വൃദ്ധൻ കാണാനെത്തിയിരുന്നു.
ചിത്രങ്ങളെ സൂക്ഷിച്ചു നോക്കി നിന്ന അദ്ദേഹത്തിന് ഇരിക്കാൻ കസേര നൽകി കുറെ സമയം ചിത്രങ്ങളെ നോക്കിയിരുന്ന ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു:
മോനെ ഈ ചുമരിനപ്പുറത്തെ സ്ഥലം മുമ്പ് ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല അതൊരു പച്ചത്തുരുത്തായിരുന്നു.അവിടെയിരുന്നാണ് കൂട്ടുകാരായ കൃഷ്ണ പിള്ളയും രാഘവൻ പിള്ളയും കള്ള് കുടിച്ചിരുന്നതും കവിത പാടിയിരുന്നതും !
ഇന്നിപ്പോൾ അവർ മുകളിൽ നിന്നും ഈ ചിത്രങ്ങൾ ആസ്വദിക്കുന്നുണ്ടാവും ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാനത് കണക്കാക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച അതായത് സെപ്റ്റംബർ 25 ന് മറക്കാനാവാത്തതും ഓർമ്മയിലെന്നും ചേർത്തുപിടിക്കാനുള്ള അനുഭവം ഉണ്ടായി. രമണീയം ട്രസ്റ്റ് നടത്തിയ ചങ്ങമ്പുഴ സായാഹ്നം എന്ന പരിപാടിയിൽ കൊച്ചി നഗരപിതാവും മഹാകവിയുടെ മകളും ഉണ്ടായിരുന്ന വേദിയിൽ വെച്ച് ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി. ശ്രീ ജോയ് വാഴയിൽ സാർ എന്നെ പൊന്നാടയിട്ട് ആദരിച്ചു. ഇതാണ് ഇതു വരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കിൽഭാര്യപ്രിയദർശിനി. മക്കൾ കെ. സി, അമൽ കൃഷ്ണ, കെ. സി. അദിതി കൃഷ്ണ നമ്പ്യാർ.
തയ്യാറാക്കിയത് : ഉമ ആനന്ദ്
Leave A Comment