സിനിമ

അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയണം- കെപിഎംഎസ്

തൃശ്ശൂർ: സംസ്ഥാന ഗവൺമെൻ്റിൻ്റെ സാംസ്കാരിക വകുപ്പു സംഘടിപ്പിച്ച സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ പട്ടികജാതിക്കാർക്കെതിരെ പ്രകടിപ്പിച്ച ജാതിയാക്ഷേപം പ്രതിഷേധാർഹവും വളരെ ഗൗരവസ്വഭാവമുള്ളതുമാണെന്ന് കെപിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട് അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാർക്ക് സിനിമ നിർമ്മിക്കുവാൻ അനുവദിക്കുന്ന ഒന്നരക്കോടി രൂപ അധികമാണെന്നും, അവർ നിർമ്മിക്കുന്ന സിനിമ നിലവാരമില്ലാത്തതാണെന്നും ഫണ്ട് അനുവദിക്കുന്നതിനു മുൻപ് അവർക്ക് ട്രെയ്നിങ്ങ് നൽകേണ്ടതാണെന്നുമുള്ള അഭിപ്രായം സാംസ്കാരിക കേരളം തള്ളിക്കളയണം. പട്ടികജാതിക്കാരുടെ ഗണത്തിൽ സ്ത്രീകളേയും ഉൾപ്പെടുത്തുവാൻ അദ്ദേഹം മറന്നില്ല.

പട്ടിക വിഭാഗങ്ങൾക്ക് സിനിമാ നിമ്മാണത്തിന് അനുവദിക്കപ്പെടുന്ന ഫണ്ട് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. അതിന് ഗോപാലകൃഷ്ണൻ്റെ തീട്ടൂരംആവശ്യമില്ല  അവഞ്ജയോടെ തള്ളിക്കളയുന്നു. പട്ടികജാതി സമുദായം സർഗ്ഗാത്മകവും അതുല്യവുമായ നിരവധി കലകാരന്മാർക്ക് ജന്മം നൽകിയിട്ടുണ്ട്. മലയാള സിനിമയുടെ ആദ്യത്തെ നടി  പി.കെ. റോസിയെ നാടുകടത്തിയ ചരിത്രവും കേരളം മറന്നിട്ടില്ല.

എന്നാൽ, സിനിമാ മേഖലയിലേക്ക് അവരുടെ പ്രവേശനം തടയപ്പെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്. കാരണം, ഗോപാലകൃഷ്ണനെപ്പോലുള്ളവരുടെ  ജാതിയിൽ ചാലിച്ച ട്രെയ്നിങ്ങ് ലഭിക്കാത്തതുകൊണ്ടല്ല മറിച്ച്, ഈ മേഖലയെ അടക്കിഭരിക്കുന്ന ഗോപാലകൃഷ്ണനെപ്പോലുള്ള ജാതി മേധാവികൾ പട്ടിക വിഭാഗങ്ങളുടെ നേരെ പുലർത്തുന്ന വെറുപ്പും അവജ്ഞയും അവഗണനയും ബഹിഷ്കരണവും അവസരനിഷേധവുമാണ്. ഒരു വർഗ്ഗത്തിനു നേരെ മാത്രം പുലർത്തുന്ന ഇത്തരം അധിക്ഷേപം ഭരണഘടനയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഒരേസമയം പട്ടിക വിഭാഗ വിരുദ്ധനും വനിതാ വിരുദ്ധനുമായ അടൂരിനെ പോലെയുള്ളവരുടെ ജാതിയുടെ പുറ്റ് പിടിച്ച മനസ്സുള്ളവരെ കേരളം തിരിച്ചറിയണമെന്നും സാംസ്കാരിക വകുപ്പ് കൃത്യമായി പ്രസ്തുത വിഷയത്തിൽ പ്രതികരിക്കണമെന്നും കെപിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട്  പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave A Comment