സിനിമ

പോസ്റ്റ് ഇട്ടത് 'ആധുനിക കവിത'; പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ വിനായകൻ

കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ മരണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ച നടന്‍ വിനായകനെ ചോദ്യം ചെയ്ത് സൈബര്‍ പോലീസ്. വി.എസ്സിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും മുന്‍പ് പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യംചെയ്യല്‍. രാവിലെ 11 മണിയോടെ വിനായകന്‍ ചോദ്യംചെയ്യലിന് ഹാജരായി. 

സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ നടന്‍ അധിക്ഷേപിച്ചിരുന്നു. ആധുനിക കവിത എന്ന നിലയ്ക്ക് ആണ് പോസ്റ്റ് ഇട്ടതെന്ന് വിനായകന്‍ പോലീസിനോട് വ്യക്തമാക്കി. ഗായകന്‍ യേശുദാസിനെതിരെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുയര്‍ന്നത്. ഈ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ 'സമം' രംഗത്ത് വന്നിരുന്നു.

Leave A Comment