സിനിമ

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ

തിരുവനന്തപുരം: നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്‍സ് പാൾസി ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോ​ഗമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. 

ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാ​ഗം അനക്കാനാവുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്.’’–മിഥുൻ പറഞ്ഞു.

ഈ രോ​ഗം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിൻ ബീബർ വേൾഡ് ടൂർ മാറ്റിവച്ചിരുന്നു. കൂടാതെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും രോ​ഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

Leave A Comment