സിനിമ

‘ഇയാളെ അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമാകും', നാദിർഷയെ ചേർത്തുപിടിച്ച് ഹരിഹരൻ

കൊച്ചി: തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിര്‍ഷ. നാദിർഷ കഴിവ് തെളിയിക്കാത്ത മേഖലകളില്ല. സംവിധായകൻ, നടന്‍, ഗായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ് അങ്ങനെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരെ പോകുന്നു ആ ലിസ്റ്റ്.ഇപ്പോള്‍ സംവിധായകന്‍ ഹരിഹരനെ ഞെട്ടിച്ചിരിക്കുകയാണ് താരം.കേരളവിഷൻ ചാനലിന്റെ പതിനഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന കേരളവിഷൻ ഫിലിം അവാർഡ് ചടങ്ങില്‍ നാദിര്‍ഷ പാടിയ പാട്ടാണ് ഹരിഹരന്റെ ഹൃദയം കവര്‍ന്നത്. പരിപാടിക്കുശേഷം ബാക്ക്സ്റ്റേജില്‍ നാദിര്‍ഷയെ അന്വേഷിച്ചെത്തി ഹരിഹരന്‍ അഭിനന്ദനം അറിയിക്കുകയായിരുന്നു. മനോഹരമായ നിമിഷങ്ങള്‍ നാദിര്‍ഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

‘ഇയാളെ അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ’ എന്നാണ് നാദിര്‍ഷയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഹരിഹരന്‍ പറഞ്ഞത്. ഈ സ്വപ്നതുല്യമായ വാക്കുകള്‍ക്ക് അപ്പുറത്തേക്ക് ഒരു പുരസ്കാരവും ഇല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നാദിര്‍ഷ വിഡിയോ പോസ്റ്റ് ചെയ്തത്. കേരളവിഷൻ ഫിലിം അവാർഡ് നൈറ്റിൽ നാദിർഷായുടെ നയിച്ച നാദിർഷോ എന്ന മെഗാ ഷോയും ഹരീഷ് കണാരൻ്റെ കോമഡി ഷോയും നടി അനുമോളും സംഘവും അവതരിപ്പിച്ച നൃത്ത വിസ്മയവും ഉൾപെടെ നിരവധി പരിപാടികൾ ഉണ്ടായിരുന്നു.

നാദിര്‍ഷയുടെ കുറിപ്പ്

ഇന്നലെ ‘കേരളാ വിഷന്‍ അവാര്‍ഡ് ദാന’ചടങ്ങില്‍ എനിക്ക് അവാര്‍ഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ‘നാദിര്‍ ഷോ ‘ എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളില്‍ ഹരിഹരന്‍ സാറിന്റെ സര്‍ഗ്ഗം എന്ന ചിത്രത്തിലെ ‘സംഗീതമേ…അമരസല്ലാപമേ ‘എന്ന ഗാനവും ഞാന്‍ പാടിയിരുന്നു.അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നില്‍ എന്നെ അന്വേഷിച്ച്‌ വന്ന് കെട്ടിപ്പിടിച്ച്‌ സാക്ഷാല്‍ ഹരിഹരന്‍ സാര്‍ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകള്‍.

അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാര്‍ഡും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Leave A Comment