അഹിംസയിലൂന്നിയ സത്യഗ്രഹം
വിശ്വ മാനവികതയുടെ വിഖ്യാതനായ ചരിത്ര പുരുഷനും നമ്മുടെ രാഷ്ട്ര പിതാവുമായ മഹാത്മാഗാന്ധിയുടെ പാവനമായ സ്മരണയുയര്‍ത്തി ഒക്ടോബർ 2 ഗാന്ധി ജയന്തി. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ ജീവിത പാഠവും സത് കര്‍മ്മങ്ങളും സന്ദേശങ്ങളും പ്രപഞ്ചമാകെ പുണ്യ പൂരിതമായി പ്രശോഭിക്കുന്നു. ഗുജറാത്തിലെ കത്വവാറിനടുത്തുള്ള പോര്‍ ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്തലീ ഭായിയുടെയും മകനായി മോഹന്‍ദാസ് 1869 ഒക്ടോബര്‍ 02ന് ഭൂജാതനായി. മോഹന്‍ദാസ് പോര്‍ ബന്തരിലും രാജ്ഘോട്ടിലും സ്കൂള്‍ പഠനം നടത്തി. അദ്ദേഹം 1882 ല്‍ സേത് ഗോകുല്‍ ദാസ് മക്കല്‍ജിയുടെ മകളായ കസ്തൂര്‍ബയെ വിവാഹം ചെയ്തു. കരംചന്ദ് ഗാന്ധി 1885 ല്‍ മരണമടഞ്ഞു. മോഹന്‍ദാസ് മുബൈ മെട്രിക്കുലേഷന്‍ പരീക്ഷ 1887ല്‍ വിജയിച്ചു. ഭവനഗറിലെ സമല്‍ദാസ് കോളേജിലും പഠനം തുടര്‍ന്നു. അദ്ദേഹം ഇന്നര്‍ ടൈംബിളില്‍ 1888 നവംബര്‍ 06ന് ബാരിസ്റ്റര്‍ പഠനത്തിന് പ്രവേശനം നേടി.
മോഹന്‍ ദാസ് ലണ്ടന്‍ മെട്രികുലേഷന്‍ പരീക്ഷ 1890 ജൂണില്‍ പാസ്സായി. എഡ്വിന്‍ ആര്‍നോള്‍ഡ് ഇംഗ്ലീഷിലാക്കിയ ഭഗവത്‌ഗീത ഗാന്ധിയുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹം മതത്തിന്‍റെ ഉന്നതമായ രൂപം പരിത്യാഗമാണെന്ന് കണ്ടെത്തി. മോഹന്‍ദാസ് കുട്ടിക്കാലത്ത് കണ്ട രാജ ഹരിശ്ചന്ദ്ര എന്ന നാടകത്തില്‍ നിന്നാണ് സത്യാന്വേഷണത്തിന്‍റെ സൗഭാഗ്യം കണ്ടെത്തിയത്. ഗാന്ധി ബാരിസ്റ്ററാകാനുള്ള യോഗ്യത 1891ജൂണ്‍ 10ന് കരസ്ഥമാക്കി. ലണ്ടന്‍ ഹൈക്കോടതിയില്‍ സന്നതുമെടുത്തു.
സത്യാന്വേഷണത്തിന്‍റെ സൗഭാഗ്യം
ഇന്ത്യയിലെത്തിയ മോഹന്‍ദാസ് തന്‍റെ അമ്മയുടെ മരണം ജ്യേഷ്ഠ സഹോദരനില്‍ നിന്നാണ് അറിഞ്ഞത്. ഗാന്ധി ഇന്ത്യന്‍ നിയമത്തില്‍ അവഗാഹമായ അറിവ് നേടാന്‍ മുംബൈ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആംഭിച്ചു. അദ്ദേഹത്തിന് പരിഭ്രമം കൊണ്ട് ആദ്യത്തെ കേസ് വാദിക്കാനായില്ല. ഇതിനു ശേഷം ഗാന്ധി മുംബൈയില്‍ നിന്നും രാജ്ഘട്ടിലെത്തി ഹര്‍ജികളും നിവേദനങ്ങളും തയാറാക്കുന്ന ഒരു ഓഫീസ് ആരംഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ അബ്ദുള്ളാകമ്പനിയുടെ കേസുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നിയമ വിദഗ്ധര്‍ക്ക് നല്‍കാനുള്ള നിയമനം ഗാന്ധിക്ക് ലഭിച്ചു.

അസ്വീകാര്യനായ അതിഥി എന്ന വിശേഷണം
ദക്ഷിണാഫ്രിക്കയിലെ ഡാര്‍ബാനില്‍ അദ്ദേഹം 1893 മേയ് മാസത്തില്‍ കപ്പലിറങ്ങി. ഡാര്‍ബാന്‍ കോടതിയില്‍ കേസ് വാദിക്കാനെത്തിയ ഗാന്ധിയോട് തലപ്പാവ് ഊരി മാറ്റാന്‍ ന്യായാധിപന്‍ നിര്‍ദേശിച്ചു. ഈ ആജ്ഞ ലഘിച്ച് അദ്ദേഹം കോടതിയില്‍ നിന്നും പുറത്തേക്ക് പോയി. ഇത് സംബന്ധിച്ച് ഗാന്ധി പത്രങ്ങളിലെഴുതി ഗാന്ധിയെ അസ്വീകാര്യനായ അതിഥി എന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. അങ്ങിനെ അസ്വീകാര്യനായ ഇ അതിഥി ദക്ഷിണാഫ്രിക്കയില്‍ കാലു കുത്തിയപ്പോള്‍ തന്നെ ഒരു വിധത്തിലുള്ള പ്രസിദ്ധി ആര്‍ജിച്ചു. ട്രാന്‍സ് വാളില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് പ്രിട്ടോറിയിലേക്കുള്ള തീവണ്ടിയില്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത ഗാന്ധിയോട് മൂന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റിലേക്ക് പോകാന്‍ വെള്ളക്കാരനായ റെയില്‍വേ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ചോദ്യം ചെയ്ത ഗാന്ധിയെ തീവണ്ടിയില്‍ നിന്നും മാരിട്ട്സ് ബര്‍ഗില്‍ വച്ച് പുറത്തേക്ക് തള്ളിയിട്ടു. ചാള്‍സ് ടൗണില്‍ നിന്നും സ്റ്റാന്‍ഡര്‍ട്ടനിലേക്ക് കുതിര വണ്ടിയില്‍ സഞ്ചരിക്കുമ്പോഴും ഗാന്ധിക്ക് അപമാനം സഹിക്കേണ്ടി വന്നു.
ബോവർ യുദ്ധം
ദക്ഷിണാഫ്രിക്കയിലെ ദൗത്യം തീര്‍ന്നതിനാല്‍ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങി. എന്നാല്‍ നേറ്റാളിലെ ഇന്ത്യക്കാരുടെ വോട്ടവകാശം എടുത്തു കളയാനുള്ള ബില്‍ പാസ്സാകുന്നതിനെക്കുറിച്ച് ഗാന്ധി അറിഞ്ഞു. ഈ ബില്ലില്‍ പതിയിരിക്കുന്ന അപകടം അദ്ദേഹം മനസ്സിലാക്കി. പ്രിട്ടോറിയയില്‍ ഇന്ത്യക്കാരുടെ ഒരു സമ്മേളനം ഗാന്ധി വിളിച്ചു കൂട്ടി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്ത്യക്കാരെ സ്വാധീനിച്ചു. അവര്‍ സഹകരണം വാഗ്ദാനം ചെയ്തു. നേറ്റാള്‍ ഗവന്‍മെന്റിന്റെ ബില്ലിനെതിരെ പതിനായിരം പേര്‍ ഒപ്പിട്ട ഒരു ഭീമ ഹര്‍ജി തയ്യാറാക്കി ബ്രിട്ടനിലെ സ്റ്റേറ്റ് സെക്രട്ടറിക്ക് നല്‍കി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെ സുരക്ഷിതരും സുസംഘടിതരുമാക്കാന്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 1894 മേയ് 22 ന് നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപിച്ചു. ധര്‍മ്മ സമര ഭടനായ ഗാന്ധിയുടെ അരങ്ങേറ്റം വിജയിച്ചു. ഇന്ത്യയില്‍ നിന്നും തന്‍റെ കുടുംബത്തെ കൊണ്ടു വരുന്നതിനായി ഗാന്ധി 1896 ജൂണ്‍ മാസത്തില്‍ ഡാര്‍ബാനില്‍ നിന്നും യാത്ര പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്ഥിതി ജന നേതാക്കളില്‍ സൂക്ഷ്മമായി ഗാന്ധി ബോധ്യപ്പെടുത്തി. ഗാന്ധി കുടുംബസമേതം ഡാര്‍ബാനിലേക്ക് 1897 ജനുവരി 13ന് യാത്രയായി. ദക്ഷിണാഫ്രിക്കയില്‍ കപ്പലിറങ്ങിയ ഗാന്ധിയെ തിരിച്ചറിഞ്ഞ ഏതാനും വെള്ളക്കാര്‍ അദ്ദേഹത്തെ ക്രൂരമായി കൈയ്യേറ്റം ചെയ്തു. പോലീസ് അധികൃതര്‍ ഗാന്ധിയെ സുഹൃത്തായ റാംസ്റ്റജിയുടെ വസതിയിലെത്തിച്ച് ശുശ്രൂഷ നല്‍കി. ഗാന്ധിയും കുടുംബവും ജോഹന്നാസ് ബര്‍ഗില്‍ താമസമുറപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ ബോവര്‍ യുദ്ധം പൊട്ടിപുറപ്പെട്ടു. ഗാന്ധി 1100 വളന്റിയര്‍മാരുള്ള ഒരു ഇന്ത്യന്‍ ആംബുലന്‍സ് കോറിന്റെ സഹായം ഗവൺമെന്റിനു നല്‍കി.

ബോവര്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയമായെന്ന് ഗാന്ധിക്ക് തോന്നി. ഗാന്ധിജിയുടെ യാത്രയയപ്പ് വേളയില്‍ പാരിതോഷകങ്ങളുടെ പ്രവാഹമായിരുന്നു. ഗാന്ധി ഇതിനകം ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും രത്നങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് സമൂഹത്തിനു ഉപകരിക്കാന്‍ ഉപയോഗിച്ചു. ഗാന്ധിയും കുടുംബവും അശ്രു പൂര്‍ണ്ണമായ യാത്രയയപ്പുകളോടെ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയില്‍ 1991ല്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധി പങ്കെടുത്തു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ സമ്മേളനം പാസാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് ഗാന്ധി 1992 ഡിസംബറില്‍ യാത്ര തിരിച്ചു.
ഗാന്ധി ജോണ്‍റെക്സിന്‍റെ അണ്‍ടു ദി ലാസ്റ്റ് എന്ന കൃതിയില്‍ 1904ല്‍ ആകൃഷ്ടനായി. പിന്നീട് ഈ കൃതി സര്‍വ്വോദയ എന്ന പേരില്‍ ഗാന്ധി ഗുജറാത്തിലേക്ക് ത്ര്‍ജമയും ചെയ്തു. ഇതിലെ ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഗാന്ധി സ്ഥാപിച്ച കോളനിയിലാണ് ഫിനിക്സ് സെറ്റില്‍മെന്റ്.
ഗാന്ധിക്ക് സര്‍ക്കാരിന്റെ സമ്മാനം
ജോഹാന്നസ്ബര്‍ഗില്‍ 1904ല്‍ പെട്ടെന്ന് പ്ലേഗ് ബാധയുണ്ടായി. ഈ സംഭവം കേട്ടറിഞ്ഞ ഗാന്ധി രോഗികളുടെ ശുശ്രൂഷ സ്വയം ഏറ്റെടുത്തു. ആല്‍ബര്‍ട്ട് വേസ്റ്റും ഹെന്‍ട്രി പോളക്കും ഗാന്ധിയുടെ സഹപ്രവര്‍ത്തകരുമായി മാറി. സുല് കലാപം 1906 ഫെബ്രുവരിയിലാണ് പൊട്ടിപുറപ്പെട്ടത്. ഗാന്ധിയുടെ ആംബുലന്‍സ് കോറിലെ അംഗങ്ങള്‍ സുളു വര്‍ഗക്കാരെ ശുശ്രൂഷിക്കേണ്ടി വന്നു. സുളു കലാപത്തിന്‍റെ ശുശ്രൂഷ നടത്തിയ ഗാന്ധിക്ക് സര്‍ജന്റ് മേജര്‍ എന്ന പദവിയും ഉടുപ്പും വിക്ടോറിയ ക്രോസും സര്‍ക്കാര്‍ സമ്മാനിച്ചു.
ട്രാന്‍സ് വോള്‍ ഗവണ്മെന്‍റ് 1906 ഓഗസ്ററ് 22 ന് ഒരു പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. ഈ നിയമമനുസരിച്ച് കുട്ടികളുള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും വിരലടയാളം സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് ഒരു സര്‍ട്ടിഫിക്കറ്റ് എപ്പോഴും കൂടെ കൊണ്ട് നടക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഇതിന്‍റെ ഫലമായി ഇന്ത്യക്കാരുടെ അഭിമാനം പൂര്‍ണ്ണമായും നശിക്കുമെന്ന് ഗാന്ധി വ്യക്തമാക്കി. ജോഹന്നാസ്ബര്‍ഗിലെ എംപയര്‍ തിയറ്ററില്‍ 1906 സെപ്റ്റംബര്‍ 11ന് ഗാന്ധി ഒരു സമ്മേളനം വിളിച്ചു കൂട്ടി. ഈ കരി നിയമം 1907 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നു. ഈ ഓര്‍ഡിനന്‍സിനെതിരെ ഗാന്ധി സത്യാഗ്രഹം എന്ന സമരമാര്‍ഗം സ്വീകരിച്ചു. അദ്ദേഹത്തെ 1908 സെപ്റ്റംബര്‍ 10 ന് അറസ്റ്റ് ചെയ്ത് തടവിലാക്കി.
ഹിന്ദു സ്വരാജ് രചിച്ചു
ഗാന്ധിജി ജീവിതത്തില്‍ ഉടനീളം ഗംഗയെ സാക്ഷിയാക്കി എടുത്ത വ്രതങ്ങള്‍ അഹിംസ,സത്യം,അസ്തേയം,ബ്രഹ്മചര്യം,അപരിഗ്രഹം എന്നിവയാണ്. ഗാന്ധി 1906 ജുലൈലാണ് ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ചത്. ഗാന്ധി 1909 നവംബര്‍ 13 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ കപ്പല്‍ യാത്രക്കിടയിലാണ് ഹിന്ദു സ്വരാജ് രചിച്ചത്. ഈ കൃതി ഗാന്ധിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ആധാരശിലയായി വിലയിരുത്തപ്പെടുന്നു. ഗാന്ധിയുടെ ഇംഗ്ലീഷ്കാരനായ സുഹൃത്ത് കല്ലന്‍ ബാക്ക് ജോഹന്നാസ് ബര്‍ഗില്‍ നിന്നും 20 മെയില്‍ അകലെയുള്ള ലോലി റെയില്‍വേസ്റ്റെഷനടുത്ത് 1100 ഏക്കര്‍ കൃഷിയിടം സ്വന്തമാക്കിയിരുന്നു.
ടോള്‍സ്റ്റോയ്‌യുടെ അഹിംസാത്മകമായ ആദര്‍ശങ്ങള്‍ കല്ലന്‍ ബാക്കിനെയും ഗാന്ധിയെയും ആകര്‍ഷിച്ചിരുന്നു. ഇതിന്‍റെ പരിണിത ഫലമാണ് ടോള്‍സ്റ്റോയ് ഫാം. ഇത് 1910 മെയ് 30 നാണ് സ്ഥാപിച്ചത്. ദക്ഷിണാഫ്രിക്കയിൽ ഗാന്ധി നടത്തിയ സമരങ്ങള്‍ ഇന്ത്യ ഒട്ടാകെ പ്രസിദ്ധി നേടിക്കൊടുത്തിരുന്നു. അദ്ദേഹം യാചക വേഷം ധരിച്ച മഹര്‍ഷിയായിരുന്നു. ഒരേ സമയം ദിവ്യനും യോദ്ധാവുമായിരുന്നു. ഗാന്ധി കസ്തൂര്‍ബയോടും കല്ലന്‍ ബാക്കിനോടുമൊപ്പം 1914 ജൂലൈ 18 ന് തനിക്ക് പ്രകാശം പകര്‍ന്ന തമോവൃത്മായ ഭൂഖണ്ഡത്തോട് വിട പറഞ്ഞു. മുംബയില്‍ 1915 ജനുവരി 09ന് എത്തിച്ചേര്‍ന്ന ഗാന്ധിക്ക് വികാര നിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്. അഹമ്മദാബാദിലെ കൊച്ച് റബില്‍ ഗാന്ധി 1915 മേയ് 20 ന് ആശ്രമം സ്ഥാപിച്ചു. ലോക സേവനം ജീവിത ദര്‍ശങ്ങളായി സ്വീകരിക്കുന്ന ഉത്തമ ഭാരതീയ പൗരന്മാരെ സൃഷ്ടിക്കുകയായിരുന്നു ഈ ആശ്രമത്തിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ഗാന്ധിയുടെ ആദ്യത്തെ സത്യഗ്രഹ സമരം
കാശിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ 1916 ഫെബ്രുവരി 06ന് നടന്ന ചടങ്ങില്‍ ഗാന്ധി പ്രത്യേക ക്ഷണിതാവായി പ്രസംഗിച്ചു. അദ്ദേഹത്തിന്‍റെ ബനാറസ് പ്രസംഗം അവശര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള ആദ്യത്തെ ആഹ്വാനമായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയില്‍ ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം 1917ല്‍ അരങ്ങേറി. അക്കാലത്ത് ഏറ്റവും കൂടുതല്‍ നീലം ഉല്‍പ്പാദിപ്പിച്ചിരുന്നത് ബീഹാറിലെ ചമ്പാരനിലായിരുന്നു. ചമ്പാരന്‍ കര്‍ഷകരുടെ ദുരിത കാരണമായ ചൂഷണങ്ങള്‍ക്ക് സമാപ്തി കൈ വന്നത് ഗാന്ധിയുടെ ശ്രമഫലമായാണ്.
അഹമ്മദാബാദിലെ തുണിമില്‍ മുതലാളിമാരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഗാന്ധി ഇടപെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഗാന്ധി 1918 മാര്‍ച്ച് 15ന് ഉപവാസം ആരംഭിച്ചു. ഗാന്ധിയുടെ പ്രാര്‍ഥന യോഗങ്ങളില്‍ എല്ലാ തൊഴിലാളികളും സംബന്ധിച്ചു. മില്ലുടമകള്‍ ഗാന്ധി ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായീകരിച്ചു. ഈ സമരത്തെ ധര്‍മ്മ യുദ്ധം എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ഖേയ്റ ജില്ലയിലെ കര്‍ഷകരുടെ അവസ്ഥ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഏറ്റവും കടുത്ത ക്ഷാമത്തില്‍ നട്ടം തിരിയുകയായിരുന്നു. ഇതിനെതിരെ അഹിംസാത്മകമായ സമരത്തിന് ഗാന്ധി കര്‍ഷകരെ ഉദ്ബോധിപ്പിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി. ഗാന്ധി ഒരു നാളിന സൃഷ്ടി കര്‍മ്മങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. അസ്പൃശ്വതാ നിര്‍മ്മാര്‍ജ്ജനം,ഹിന്ദു മുസ്ലീം ഐക്യം,ഖാദി പ്രചാരണം,മദ്യ വര്‍ജ്ജനം, എന്നിവയാണിത്.

ഇത് ഫലപ്രദമായാല്‍ സ്വരാജ് കൈ വരുമെന്ന് ഗാന്ധി ഉറച്ചു വിശ്വസിച്ചിരുന്നു. രാജ്യത്ത് സൃഷ്ടിക്കുന്ന റൗലറ്റ് ആക്ട് ബ്രിട്ടീഷ് ഭരണകൂടം പ്രാബല്യത്തില്‍ കൊണ്ട് വന്നു. ഈ പൗര സ്വാതന്ത്ര്യധ്വംസംകമായ നിയമത്തെ എതിര്‍ക്കണമെന്നും അതിനായി സത്യാഗ്രഹം തന്നെയാണ് ഉത്തമ മാര്‍ഗമെന്നും ഗാന്ധി നിശ്ചയിച്ചു. ഇതിന്‍റെ പ്രാരംഭമായി രാജ്യമാകെ ഹര്‍ത്താല്‍ ആചരിച്ചു. ഇന്ത്യന്‍ നഗരങ്ങളില്‍ പ്രക്ഷോഭം ഇളകി മറിഞ്ഞു. പഞ്ചാബില്‍ അതി ക്രൂരമായ അക്രമം അരങ്ങേറുകയും ചെയ്തു. അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ഒരു വമ്പിച്ച സമ്മേളനം 1919 ഏപ്രില്‍ 13 ന് നടന്നു. അന്ന് വിശ്വ ദിനമായിരുന്നു. ജനറല്‍ ഡയറിന്‍റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടത്തിനെതിരെ പട്ടാളം വെടി വച്ചു. ജാലിയന്‍ വാലാബാഗ് നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടക്കൊലയുടെ രക്തക്കളമായി മാറി. പഞ്ചാബ് ആകെ അന്ധ്കാരതിലായി ഗാന്ധിജി നിരാഹരമാനുഷ്ടിച്ചു.
ജനസഞ്ചയത്തെ നേര്‍ വഴിക്ക് ആനയിക്കാനുള്ള ശല്തി ഗാന്ധിയുടെ സമര മാര്‍ഗത്തിനുണ്ടായിരുന്നു. കൊല്‍ക്കത്തയിലും നാഗ പൂരിലും 1920ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രമേയം വന്‍ ഭൂരി പക്ഷത്തോടെ പാസ്സായി. നിസാഹകരണ പ്രസ്ഥാനം 1920 ഓഗസ്റ്റ് 01ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.ബ്രിട്ടീഷ് ഗവണ്മെന്റിനോടുള്ള സഹകരണം പൂര്‍ണ്ണമായും പിന്‍ വലിക്കുകയായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഗാന്ധി കേസരി ഹിന്ദ്, സുളു, ബോവര്‍ എന്നീ മെഡലുകള്‍ തിരികെ നല്‍കി. ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വിദേശ നിര്‍മ്മിതമായ വന്‍ വസ്ത്ര ശേഖരം മുംബയില്‍ വച്ചു 1921 ജൂലൈ 31 ന് അഗ്നിക്കിരയാക്കി.
ഗാന്ധി1920 ഏപ്രില്‍ 28ന് ഹോം റൂള്‍ ലീഗിലും അംഗമായി. അദ്ദേഹം ഗുജറാത്തില്‍ വിദ്യാപീഠം സ്ഥാപിച്ചു. ഗാന്ധി യന്ഗ് ഇന്ധ്യ, നവജീവന്‍ എന്നീ വാരികകളും ആരംഭിച്ചു. ഗുജറാത്തിലെ സമര സങ്കേതമായി ഗാന്ധി ബാര്‍ദോളിയെ തെരഞ്ഞെടുത്തു. സിവില്‍ നിയമ ലംഘനം 1922 ഫെബ്രുവരി 01 ന് തുടങ്ങുമെന്ന് ഗാന്ധി വൈസ്രോയിയെ അറിയിച്ചു. ബാര്‍ദോളിയിലെ കര്‍ഷകര്‍ക്ക് നീതിയും രക്ഷയും ഉറപ്പാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അദ്ദേഹം ഉപവസിച്ചു. പിന്നീട് ഗവണ്മെന്‍റ് ഉത്തരവ് പിന്‍ വലിച്ചു. കര്‍ഷകര്‍ക്കുള്ള നികുതി വര്‍ധനവും പിന്‍ വലിച്ചു. ബാര്‍ദോളിലെ കര്‍ഷകരും നേതാക്കളും ഉത്തമ മാതൃകകളായി തീര്‍ന്ന ചൌരി ചൌരയില്‍ നടന്ന അതി ക്രൂരമായ അക്രമത്തെ ക്കുറിച്ച് ഗാന്ധി വളരെ അസ്വസ്ഥനായിരുന്നു.
ഉപ്പു നിയമം ലംഘിച്ചു
ബല്‍ഗാമില്‍ 1924ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിയാണ് അദ്ധ്യക്ഷത വഹിച്ചത്. സൈമണ്‍ കമ്മീഷന്‍ 1928 ഫെബ്രുവരി മൂന്നിന് മുംബയില്‍ എത്തിച്ചേര്‍ന്നു. ഇതിനെതിരെയും ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നു. വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തിലും പ്രതിഷേധിച്ചു, ലാഹോറില്‍ 1929 ഡിസംബര്‍ 30 ന് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വാതന്ത്യ്ര പ്രമേയം ഗാന്ധി അവതരിപ്പിച്ചു. ഗാന്ധി ഉപ്പു നിയമം ലംഘിച്ചു കൊണ്ട് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് പ്രസിദ്ധമായ ദണ്ഡി യാത്ര. ഗാന്ധി നയിച്ച സത്യാഗ്രഹ സംഘം സബര്‍മതി ആശ്രമത്തില്‍ നിന്നും 1930 മാര്‍ച്ച് 12 ന് പുറപ്പെട്ടു.

ഗാന്ധിയും സത്യാഗ്രഹികളും കാൽ നടയായി 241 മെയില്‍ 25 ദിവസം കൊണ്ട് സഞ്ചരിച്ച് ഏപ്രില്‍ 08ന് സൂററ്റിലെ കടലോരമായ ദണ്ഡി ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അടുത്ത ദിവസം രാവിലെ അനേകം ആളുകളാല്‍ അനുഗതനായി ഗാന്ധി കൈകളില്‍ ഉപ്പു കോരിയെടുത്ത് നിയമം ലംഘിച്ചതായി പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ പ്രക്ഷോഭകാരികള്‍ ഉപ്പു നിയമം ലംഘിച്ചു. ഗാന്ധിജിയെ 1930 മേയ് 04ന് അറസ്റ്റ് ചെയ്തു തടവിലാക്കി. ഗാന്ധിയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും 1931 ജനുവരി 25ന് ജയിലില്‍ നിന്നും വിട്ടയച്ചു. കോണ്‍ഗ്രസ് നിയമവിരുദ്ധ സംഘടനയെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ പിന്‍ വലിച്ചു. ഇത് സംബന്ധിച്ച് 1931 മാര്‍ച്ച് 01ന് ഗാന്ധി ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പു വച്ചു. ലണ്ടനിലെ വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയായി പങ്കെടുക്കുവാന്‍ ഗാന്ധിജി 1931 ഒഗസ്റ്റ്റ് 29 ന് മുംബയില്‍ നിന്നും യാത്ര തിരിച്ചു. ഗാന്ധിയെ കിംങ്ങ്സ്ലി ഹാളിലേക്ക് ഏവരും സ്വാഗതം ചെയ്തു. അദ്ദേഹം കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി ഗാന്ധി കോംബ്രിഡ്ജും ഒക്സ്ഫോര്‍ഡും സന്ദര്‍ശിച്ചു.
ഹരിജനങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഗാന്ധി
ലോക പ്രസിദ്ധരായ ചാര്‍ളി ചാപ്ലിന്‍,ജോര്‍ജ്ജ് ബര്‍ണാഡ്ഷാ, ഹാരോള്‍ഡ് ലാസ്കി,റൊമെയ്ന്‍ റോളണ്ട് തുടങ്ങിയവരുമായി സമ്പര്‍ക്കവും പുലര്‍ത്തി. കൂടാതെ ഗാന്ധിക്ക് ഇറ്റലി സന്ദര്‍ശിക്കുന്നതിനും അവസരം ലഭിച്ചു. മുസ്സോളിനിയുമായും സംഭാഷണം നടത്തി. ഗാന്ധി അയിത്തോച്ചാടനത്തിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യം നല്‍കി. മാത്രമല്ല ഹരിജന്‍ സേവാ സംഘവും സ്ഥാപിച്ചു. കാക്കിനാഡയില്‍ 1923-ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം അയിത്തോച്ചാടന പ്രമേയം പാസ്സാക്കുകയും ചെയ്തു. അഖിലേന്ത്യാ നൂല്‍ നൂല്‍പ്പ് സംഘവും ഗ്രാമ വ്യവസായ സംഘവും ഗാന്ധി രൂപീകരിച്ചു. ക്ഷേത്ര പ്രവേശനം സംബന്ധിച്ച എല്ലാ പ്രക്ഷോഭങ്ങളെയും ഗാന്ധി പ്രോത്സാഹിപ്പിച്ചു.
ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ തീര്‍പ്പായി കമ്മ്യൂണല്‍ അവാര്‍ഡ് 1932 ഓഗസ്റ്റ് 17നാണ് പ്രഖ്യാപിച്ചത്. ഇത് അധകൃതരോട് ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനമാണെന്ന് ഗാന്ധി കുറ്റപ്പെടുത്തി. കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ അദ്ദേഹം 1932 സെപ്റ്റംബര്‍ 12ന് ഉപവാസം ആരംഭിച്ചു. ഇത് സംബന്ധിച്ച് ഒത്തു തീര്‍പ്പ് വ്യവസ്ഥയായ പുനകരാര്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഹരിജനങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഗാന്ധി 1933 നവംബറില്‍ ഹരിജന്‍ യാത്രക്ക് തുടക്കമിട്ടു. ഇത് ഒന്‍പത് മാസം നീണ്ടു നിന്നു. അദ്ദേഹം സബര്‍മതി ആശ്രമം ഹരിജന്‍ പ്രവര്‍ത്തകര്‍ക്കായി വിട്ട് കൊടുത്തു. അവിടെ ഹരിജന്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു.
മുംബയില്‍ 1934 ഒക്ടോബര്‍ 26ന് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധി ഒരു ഭരണഘടന ഭേദഗതി അവതരിപ്പിച്ചു. ക്യെറ്റയില്‍ 1935 മെയ് 31 ലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഗാന്ധി ദുരിത നിവാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഗാന്ധി സേവാ ഗ്രാമിലേക്ക് 1936 ഏപ്രില്‍ 30ന് താമസം മാറ്റി. ഗാന്ധിജി തന്‍റെ അഭിപ്രായങ്ങള്‍ പ്രായോഗികമാക്കാന്‍ 1937 ഒക്ടോബര്‍ 22ന് വാര്‍ധയില്‍ വിദ്യഭ്യാസ പ്രവര്‍ത്തകരുടെ ഒരു സമ്മേളനം സംഘടിപ്പിച്ചു. ഇവിടെ വച്ചാണ് വാര്‍ധാ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചത്. വിജയവാഡയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനം 20 ലക്ഷം വീടുകളില്‍ ചർക്ക എത്തിക്കാന്‍ നിശ്ചയിരിച്ചിരുന്നു.
ഇന്ത്യയിലെ പ്രവശ്യകളില്‍ കോണ്‍ഗ്രസ് മന്ത്രി സഭകള്‍ 1937ല്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം സേവാ ഗ്രാമില്‍ ഗാന്ധിയുടെ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അദ്ദേഹം എഴുതിയുണ്ടാക്കിയ നക്കല്‍ അവതരിപ്പിച്ചു. ഗാന്ധി സിവില്‍ നിയമ ലംഘനത്തിന്റെ ഒരു പുതിയ രൂപം കണ്ടെത്തി അതാണ് വ്യക്തി സത്യാഗ്രഹം. ബ്രിട്ടനിലെ യുദ്ധകാല മന്ത്രിസഭ ഇന്ത്യയിലേക്ക് അയച്ച ക്രിപ്സിന്റെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിക്ക് ചര്‍ക്ക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ചക്രായുധമായിരുന്നു. സേവാഗ്രാം മഹാ മകുടന്മാരുടെ സങ്കേതവുമായിരുന്നു. ഗാന്ധി ഗ്രാമീണ വിദ്യാഭ്യാസ ഉന്നമനത്തിനായി താലിമീ സംഘവും രൂപീകരിച്ചു.
ഗാന്ധിയുടെ നാവില്‍ നിന്നും ഉദിച്ച ക്വിറ്റ്‌ഇന്ത്യ എന്ന പദ ദ്വയം
മുംബയില്‍ 1942 ഓഗസ്റ്റ് 8ന് അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം ഗോവാലിയ ടാങ്ക് മൈതാനിയില്‍ നടന്നു. ഗാന്ധി അവതരിപ്പിച്ച ക്വിറ്റ് ഇന്ത്യ പ്രമേയം സമ്മേളനം പാസ്സാക്കി. ഗാന്ധിയുടെ നാവില്‍ നിന്നും ഉദിച്ചതാണ് ക്വിറ്റ്‌ഇന്ത്യ എന്ന പദ ദ്വയം. ഗാന്ധി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം മുഴക്കി. ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയെല്ലാം ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഗാന്ധിയെ പൂനെയിലെ ആഖാഗാന്‍ കൊട്ടാരത്തിലാണ് തടങ്കലിലാക്കിയത്. മഹാത്മാഗാന്ധിക്ക് ജയ്,ബ്രിട്ടന്‍ ഇന്ത്യ വിടുക, എന്നീ മുദ്രാവാക്യങ്ങള്‍ രാജ്യം മുഴുവന്‍ പ്രതിധ്വനിച്ചു.
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്കു വഹിച്ചു. ദേശാഭിമാനം ജീവനേക്കാള്‍ വിലമതിക്കുന്നുവെന്ന് തെളിഞ്ഞ അപൂര്‍വ്വ സന്ദര്‍ഭമായിരുന്നു അത്. പിന്നീട് രാജ്യത്താകമാനം അധികാര പ്രമാണിത്തത്തിന്‍റെ ചുടല നൃത്തം താണ്ഡവമാടി. മഹാത്മാ ഗാന്ധി തന്‍റെ 74ആം വയസ്സില്‍ 1943 ഫെബ്രുവരി 10ന് ഉപവാസം ആരംഭിച്ചു. ഗാന്ധി ബ്രിട്ടീഷ് അധികൃതരുമായി കത്തിടപാടുകലും നടത്തിയിരുന്നു. ആഖാഗാനില്‍ വച്ച് ഗാന്ധിക്ക് ജിവിതത്തിലെ ഏറ്റവും വലിയ വിയോഗ ദുഃഖം അനുഭവപ്പെട്ടു. കസ്തൂര്‍ബാ ഗാന്ധി 1944ഫെബ്രുവരി 22ന് അന്തരിച്ചു. ഗാന്ധിയെ 1944മേയ് 6ന് ജയിലില്‍ നിന്നും മോചിപ്പിച്ചു. ഇത് ഗാന്ധിയുടെ അവസാനത്തെ ജയില്‍ വാസമായിരുന്നു. ,മഹാത്മാഗാന്ധി ഇന്ത്യന്‍ ജയിലുകളില്‍ 2089 ദിവസവും ആഫ്രിക്കയില്‍ 249 ദിവസവുമാണ് കഴിച്ചു കൂട്ടിയത്.
മുംബയിലെ മലബാര്‍ ഹില്ലിലുള്ള മുഹമ്മദലി ജിന്നയുടെ വസതിയില്‍ വച്ച് 1944 സെപ്റ്റംബര്‍ 09 മുതല്‍ ഗാന്ധി ജിന്നാ സംഭാഷണം നടത്തി. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ ഗാന്ധി എതിര്‍ത്തു. ഇന്ത്യയില്‍ 1946 മാര്‍ച്ചില്‍ എത്തിച്ചേര്‍ന്ന ക്യാബിനറ്റ്മിഷനുമായി ചര്‍ച്ച നടത്താനും ഉപദേശങ്ങള്‍ നല്‍കുവാനും ഗാന്ധി ഡൽഹിയിൽ വന്നു. ഡല്‍ഹിയില്‍ തൊട്ടികള്‍ പാര്‍ക്കുന്ന ഭംഗി കോളനിയിലാണ് ഗാന്ധി താമസിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും യുക്തമായ ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ ക്യാബിനറ്റ് മിഷന്‍ പ്രഖ്യാപിച്ചു.
ആഹ്ളാദത്തിന്റെ നാളുകളിലെ ഗാന്ധിയുടെ അസാന്നിധ്യം
പണ്ഡിറ്റ്‌ജവര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ 1946 സെപ്റ്റംബര്‍ 02ന് ഇടക്കാല ഗവണ്‍മെന്റ് രൂപീകൃതമായി. എന്നാല്‍ രാജ്യത്താക മാനം ഹിന്ദു മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ അക്രമാസക്തനായ അന്തരീക്ഷം ഉടലെടുത്തു. കൊല്‍ക്കത്തയിലെ കൂട്ടക്കൊലയെക്കുറിച്ച് ഗാന്ധി സേവാഗ്രാമില്‍ വച്ചാണ് അറിഞ്ഞത്. ഹിന്ദു മുസ്ലീം മത മൈത്രിയുടെ ശാന്തി ദൂതനായി ഗാന്ധി ശ്രീരാം പൂര്‍ ഗ്രാമമാണ് തെരഞ്ഞെടുത്തത് അദ്ദേഹം ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. നവഖാലിയില്‍ 1946 ഒക്ടോബര്‍ 10ന് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടു.

ഗാന്ധി കൊല്‍ക്കത്തയിലും നവഖാലിയിലും എത്തിച്ചേര്‍ന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹവുമുണ്ടായി. ഭാരതീയ സ്വാതന്ത്ര്യത്തിന്‍റെ അസ്ഥിവാരം സമുദായ സൗഹാര്‍ദ്ദത്തില്‍ ഉറപ്പിക്കാനാണ് ഗാന്ധി ആഗ്രഹിച്ചത്. എല്ലായിടത്തും സമാധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം യത്നിച്ചു. ഇത് ജീവന്‍ ത്യജിച്ചു കൊണ്ടുള്ള ഒരു സ്നേഹ ദൗത്യ കര്‍മ്മമായിരുന്നു. ഇന്ത്യ വിഭാജിക്കുമെന്ന പ്രഖ്യാപനം 1947 ജൂണ്‍ 03ന് പുറത്തു വന്നു. ഇതാണ് മൗണ്ട് ബാറ്റന്‍ പദ്ധതിയെ സാധൂകരിച്ച ന്യായം. ഇന്ത്യയിലെ ജനങ്ങള്‍ ജയാരവങ്ങളോടെ 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ പുലരിയെ സ്വാഗതം ചെയ്തു.
എന്നാല്‍ ആ ആഹ്ളാദതിമിര്‍പ്പില്‍ ഗാന്ധിജിയുടെ അസാന്നിധ്യം അനുഭവപ്പെട്ടു. അദ്ദേഹം അന്നത്തെ ദിവസം ബാലിയഘട്ടിലെ ഹൈദരി ഹൌസിലായിരുന്നു. മഹാത്മാഗാന്ധി സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനായി 1948 ജനുവരി 12 ന് ഉപവാസം ആരംഭിച്ചു. പാക്കിസ്ഥാന് ലഭിക്കേണ്ട 5 5 കോഡി രൂപ ഉടനെ നല്‍കണമെന്ന് ഗാന്ധി ഇന്ത്യന്‍ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ ഉപവാസം ആരംഭിച്ച് 24 മണിക്കൂറിനകം കേന്ദ്ര മന്ത്രി സഭ യോഗം ചേര്‍ന്നു. ഡോ.രാജേന്ദ്ര പ്രസാദ് അധ്യക്ഷനായി. 1948 ജനുവരി 17ന് ഒരു സമാധാന കമ്മിറ്റി രൂപീകരിച്ചു. ഗാന്ധിജിയുടെ നിര്‍ദേശങ്ങള്‍ കമ്മിറ്റി അംഗീകരിച്ചു. അദ്ദേഹം ജനുവരി 18ന് ഉപവാസം അവസാനിപ്പിച്ചു.
ഗാന്ധി 1948 ജനുവരി 20 ന് പ്രാര്‍ത്ഥന യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഒരു സ്ഫോടനം ഉണ്ടായി. പഞ്ചാബുകാരനായ സാഹസികനും അഭയാര്‍ഥിയുമായ മന്ദന്‍ ലാലാണ് ബോംബെറിഞ്ഞത്. ഒരു പോലീസ് ഉദ്യോഗസ്ഥനെയെങ്കിലും തന്‍റെ പ്രാര്‍ഥന യോഗത്തിനെത്തുന്ന വരെ പരിശോധിക്കാന്‍ നിയോഗിച്ചാല്‍ താന്‍ മരണം വരെ ഉപവസിക്കുമെന്ന് ഗാന്ധിജിയുടെ താക്കീത് നിലവിലിരിക്കുമ്പോള്‍ ആ പരീക്ഷണത്തിന് ആരും തയാറായുമില്ല. ഒരു യഥാര്‍ഥ മഹാത്മാവാണെങ്കില്‍ ഹൃദയത്തില്‍ സ്നേഹവും അധരത്തില്‍ ഈശ്വര നാമവുമായി ഒരു കൊലപാതകിയുടെ വെടിയുണ്ടയെ നേരിടുമെന്ന് തന്‍റെ മരണത്തിന്‍റെ തലേ ദിവസം ഗാന്ധി പൗത്രിയോട് പറയുകയുണ്ടായി. ഗാന്ധി പതിവു പോലെ 1948 ജനുവരി 30ന് ദിന കൃത്യങ്ങള്‍ ആരംഭിച്ചു. അദ്ദേഹം കോണ്‍ഗ്രസിന്റെ ഭരണഘടനയുടെ ഒരു കരട് രൂപം എഴുതി തയാറാക്കി സെക്രട്ടറിയെ ഏല്‍പ്പിച്ചു. ആ പ്രമാണത്തില്‍ കോണ്‍ഗ്രസ് ഒരു യഥാര്‍ത്ഥ ലോക സേവാ സംഘമായി രൂപാന്തരപ്പെടണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. അന്ന് ഗാന്ധിക്ക് ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേലായിട്ടാണ് അവസാനത്തെ കൂടിക്കാഴ്ച നടന്നത്. അന്നത്തെ പ്രാര്‍ത്ഥന യോഗം അല്പം വൈകിയിരുന്നു. അദ്ദേഹം കൈകള്‍ കൂപ്പി പ്രാര്‍ത്ഥന മണ്ഡപത്തിലെത്തി. അവിടെ ശാന്തിയുടെയും സ്നേഹത്തിന്‍റെയും സജീവ വിഗ്രഹമായി നിന്നു. ഹിന്ദു വര്‍ഗീയ വിഘടന വാദിയായ നാഥുറാം വിനായക ഗോഡ്സേ ഗാന്ധിയെ വണങ്ങുവാനെന്നോണം മുന്നോട്ടു വന്നു. അയാള്‍ തോക്കിന്‍റെ കാഞ്ചി വലിച്ചു. മഹാത്മാജിയുടെ ഖദര്‍ വസ്ത്രം ചോരയില്‍ കുതിര്‍ന്നു. അദ്ദേഹം ഹേ റാം ഹേ റാം എന്ന് ഉച്ചരിച്ച് കൊണ്ട് നിര്‍ജീവമായ ഒരു ഭാണ്ഡം കണക്കെ നിലം പതിച്ചു. ആ മുഖം മരണത്തിലും പ്രസന്നമായിരുന്നു. ആ വന്ദ്യ ഗുരുഭൂതന്റെ ഭൌതീക ശരീരം ഭസ്മ പ്രായമായി മാറി.അദ്ദേഹത്തിന്‍റെ ഇംഗര്‍ സോള്‍വാച്ചിലെ സൂചികള്‍ സമയം 5.17 എന്ന് വ്യക്തമാക്കി.

ഒരു മഹത്തായ ജീവിതത്തിന് പാരി സമാപ്തി കുറിച്ചു. മഹാത്മാ ഗാന്ധിയുടെ ഭൗതീക ശരീരം യമുനാ തീരത്ത് സംസ്കരിക്കുകയും ചിതാ ഭസ്മം ത്രിവേണി സംഗമത്തില്‍ നിമജ്ഞനം ചെയ്യുകയുമുണ്ടായി. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞു നമ്മുടെ ജീവിതത്തില്‍ നിന്നും ആ പ്രകാശം പൊലിഞ്ഞു. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ പ്രകാശം രാജ്യത്ത് നില നില്‍ക്കും. കാരണം അത് സത്യത്തെ പ്രതിനിധീകരിക്കുന്നു. ഗാന്ധിയുടെ മക്കള്‍ ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ് എന്നിവരാണ്. മഹാത്മാഗാന്ധി അഞ്ചു തവണ കേരളം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര അഹിംസാദിനമായി ഒക്ടോബര്‍ 02 ആചരിക്കുന്നു.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment