വാല്‍ക്കണ്ണാടി

മാളക്കടവ് വെറുമൊരു കടവല്ല


വാൽക്കണ്ണാടി 

പൗരാണിക പ്രൌഡിയുടെ പരിവേഷം പകര്‍ന്ന് ചരിത്രവും ചൈതന്യവും ചാരുതയേകി ചാലിട്ടൊഴുകുന്ന മാള കടവിന് ഇന്ന് ശൂന്യതയും മൂകതയും മാത്രം. ഈ കടവ് ഭൂത കാലത്തിന്റെ മധുര സ്മരണകളില്‍ വിസ്മൃതിയിലാണ്ടു കഴിയുന്നു. ഇവിടെ നിറഞ്ഞിരുന്ന ആരവം നിശബ്തതക്കു വേണ്ടി എന്നോ വേദിയൊഴിഞ്ഞു. അവിശ്വരണീയമായ അനേകം അനുഭവങ്ങള്‍ ഈ കടവ് വഹിച്ചു പോരുന്നു. മാളകടവ് മാളയുടെ ചരിത്രത്തിന്‍റെ മാത്രമല്ല സംഘ കാല കൃതികളില്‍ നിന്നാരംഭിക്കുന്ന ചേര രാജ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്. മാള ഒരു യഹൂദ ആവാസ കേന്ദ്രമായതിനാല്‍ മാന്തേ പെരുന്തറ എന്ന തുറമുഖം തന്നെയാണ് മാളകടവ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നതോടെ രണ്ടായിരം വര്‍ഷത്തിലധികം പഴക്കം ഇതിനുണ്ടെന്ന് അനുമാനിക്കാം. മുസിരിസ് തുറമുഖത്തിന്റെ ഉപതുറമുഖമായി മാന്തയ്  പെരുന്തറ നില നിന്നിട്ടുണ്ടാകും.




മാളയുടെ പ്രശസ്തിക്ക് നിദാനം ഈ കടവ്
ണ്ട് ആള്‍ തിരക്ക് കൊണ്ടും കെട്ടു വള്ളങ്ങള്‍ കൊണ്ടും മാളകടവ് മുഖരിതമായിരുന്നു. മാത്രമല്ല മാളയുടെ സാമുദായിക വളര്‍ച്ചക്കും സഞ്ചാര ചരക്കു ഗതാഗതത്തിനും ഈകടവ് പ്രധാന പങ്കു വഹിച്ചിരുന്നു. ഇപ്പോള്‍ യഹൂദരോഴികെയുള്ളവര്‍  ഇവിടുത്തെ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വധീനം ചെലുത്തുന്നു. മാളയുടെ പ്രശസ്തിക്ക് നിദാനം ഈ കടവ് തന്നെയാണ്. മാള കടവ് മത്സ്യ സമ്പത്തിന്റെ വിള നിലമാവുകയായിരുന്നു. ഇരിങ്ങാലക്കുടയും  ചലക്കുടിയും  ആലുവയും അറിയപ്പെടുന്നതിനു മുന്‍പ് മാള ഗതകാല പ്രൗഡിയിലെത്തിയിരുന്നു. മുസ്ലിങ്ങൾ ,യഹൂദർ ,ഗൗഡ സാരസ്വതർ,കുടുംബികൾ ,തുടങ്ങിയ മതസ്ഥരെല്ലാം മാളയിലേക്ക് ചേക്കേറിയത് ഈ വഴിത്താരയിലൂടെയായിരുന്നു. അമ്പഴക്കാട്  കോട്ടക്കൽ  സെന്റ്‌  തെരേസാസ് ആശ്രമം സ്ഥാപിക്കുന്നതിന് വിശുദ്ധ പദവിയിലെത്തിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കടന്നു വന്നതും മാള കടവിലൂടെയാണ്. 
    

 
മാളയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് ഈ കടവുമായി ബന്ധപ്പെട്ട് ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. അഴീക്കോട്‌-കോട്ടപ്പുറം വഴി മാള കൊച്ചി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആയിരുന്നു അത്. 1950 വരെ അത് നില നിന്നിരുന്നു. ഒരു പ്രാചീന കാര്‍ഷിക കച്ചവട കേന്ദ്രമായിരുന്ന മാള കടവിന്‍റെ നിയന്ത്രണം  ആദ്യ കാലത്ത് യഹൂദര്‍ തന്നെയായിരുന്നു.

സഞ്ചാര ചരക്ക് ഗതാഗതത്തിന് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു 
മാള ചന്ത എന്ന പേരില്‍ പ്രസിദ്ധമായിരുന്ന ഇവിടെ നിന്നാണ് മര ഉരുപ്പിടികള്‍, വെട്ടു കല്ല്‌, കരിങ്കല്ല്, കുരുമുളക്,വെറ്റില,അടയ്ക്ക,മരച്ചീനി,നാളികേരം,ചകിരി മടല്‍, ഇല്ലി മുള്ള്, തുകല്‍, വാഴയില, ഓടു തുടങ്ങിയവയെല്ലാം തിരുവിതാം കൂറിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തേയ്ക്കും, കൊല്ലം, കൊച്ചി,കൊടുങ്ങല്ലൂര്‍, തുറമുഖങ്ങളിലേയ്ക്കും കയറ്റി അയച്ചിരുന്നത്. ആലുവക്കടുത്തുള്ള മംഗലപ്പുഴ,മാര്‍ത്താണ്ഡവര്‍മ്മ പാലങ്ങളും പുല്ലൂറ്റ് പാലവും നിലവില്‍ വരുന്നതോടെ ഈ കടവിന്‍റെ പ്രാധാന്യം കുറഞ്ഞു വരികയും ജല ഗതാഗതങ്ങള്‍ നില്‍ക്കുകയും ചെയ്തു. ടെമ്പോ വാഹനങ്ങളുടെ കടന്നു വരവും അതിനു ആക്കം കൂട്ടി. സഞ്ചാര ചരക്ക് ഗതാഗതത്തിന് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന ഇവിടെ രാവും പകലും തിരിച്ചറിയാനാകാതെ ജനത്തിരക്കുകൊണ്ടുള്ള സജീവത നില നിന്നിരുന്നു.
 


ടൂറിസ്റ്റ് പാതക്കായി പരിശ്രമങ്ങള്‍ നടന്നിരുന്നു

പഴയ ആരവങ്ങള്‍ അവസാനിച്ചപ്പോള്‍ മാലിന്യ കൂമ്പാരങ്ങളുടെയും വിസര്‍ജ്യങ്ങളുടെയും അഴുക്കു ചാലായി മാള ക്കടവ് മാറിയിരിക്കുന്നു. മാള കടവിനെ പ്രകൃതി രമണീയമായ ഒരു ടൂറിസ്റ്റ് പാതക്കായി പ്രയോജനപ്പെടുത്തുന്നതിന് പരിശ്രമങ്ങള്‍ നടന്നിരുന്നു. ഏറെ വിശാലതയുള്ള ഈ പ്രദേശം പുറമ്പോക്കു പോലെ അനാഥമാണെന്ന് തോന്നുന്ന പരിതസ്ഥിതിയില്‍ നിന്ന് മോചനമേകാന്‍ മാള കടവ് മണ്ണ് നീക്കി ആഴം കൂട്ടി ബോട്ട് സര്‍വീസുകളുടെയും വള്ളങ്ങളുടെയും സഞ്ചാര പഥങ്ങള്‍ പുനര്‍ ജനിക്കുമെന്ന് പ്രത്യാശിക്കാം.





തയ്യാറാക്കിയത് -സുരേഷ് അന്നമനട

Leave A Comment