വാല്‍ക്കണ്ണാടി

'ആനപ്പാറ' അത്ഭുതപ്പാറ

വാൽക്കണ്ണാടി 

ജൈന മത സംസ്‌കാരത്തിന്റെ സ്‌മരണയുണർത്തുന്ന അപൂർവ്വ അവശേഷിപ്പായ ആനപ്പാറ ആരെയും ആകർഷിക്കും. പുത്തൻചിറയിലെ കൊമ്പത്തുകടവിലുള്ള ആനപ്പാറ അത്ഭുതപ്പാറയായും അറിയപ്പെടുന്നു. വിദേശീയരടക്കമുള്ള വിനോദ സഞ്ചാരികൾ ആനപ്പാറ വീക്ഷിക്കാനെത്തുന്നു. പ്രകൃതി പ്രതിഭാസ വൈചിത്ര്വത്തെ ഓർമ്മിപ്പിക്കുന്നു. ആനപ്പാറ ഭൂമിയുടെ ഗുരുത്വകർഷണത്തിന്റെ ഉദാഹരണമാണ്. ജൈന മുനികൾ പാറയിടുക്കുകളെയും ഗുഹകളെയും ക്ഷേത്രങ്ങളാക്കി പ്രാർഥിച്ചിരുന്നു. ആനപ്പാറക്കും ആ പുരാവൃത്താന്തമുണ്ട്. 

 ജൈന മത സൂചനകൾ 

കേരളത്തിൽ ജൈനർ എ.ഡി.ഏഴാം ശതകത്തിൽ വാസമാരംഭിച്ചതായി ചരിത്ര രേഖകൾ പറയുന്നു. പശ്ചിമ ഘട്ടത്തിലെ ആനമലയും ആനമുടിയും ഈ മത വിഭാഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നെന്ന് രേഖകൾ പറയുന്നു. പശ്ചിമഘട്ടത്തിലെ  ആനമലയും ആനമുടിയും ഈ മത വിഭാഗങ്ങളുടെ ആവാസ കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് വിശ്വാസമുണ്ട്. ആനപ്പാറക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പാറകൊണ്ട് നിറഞ്ഞതായിരുന്നു. കുടിയേറ്റം കൊണ്ട് മാറ്റങ്ങളുടെ അവസ്ഥ കൈവന്നു.

 

പാറ പൊട്ടിച്ചതിന്റെ ഫലമായി കുളങ്ങളും പറമ്പുകളുമുണ്ടായി. ആനപ്പാറക്ക് ചുറ്റും മനുഷ്യർക്ക്‌ അഭയം നൽകാൻ സുരക്ഷിതത്വ ഗുഹകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എങ്കിലും ദൃഢമായ ഒരു വിശ്വാസ പ്രമാണം ആനപ്പാറയെ ചുറ്റിപ്പറ്റി നില കൊള്ളുന്നു. ഈ പ്രദേശത്ത് മണ്ണെടുക്കുമ്പോൾ ജൈന മത സൂചനകളുള്ള മൺകുപ്പികളും കണ്ടു കിട്ടാറുണ്ട്.

വില്വമംഗലം എന്ന പേരും പാറയ്ക്കുണ്ട്

ദീർഘ ഗോളാകൃതിയിൽ  25 അടി ഉയരത്തിൽ എഴുന്നു നിൽക്കുന്ന  രണ്ടു പാറക്കെട്ടുകളാണ് പൗരാണിക ചരിത്ര പ്രതീകമായി  അവശേഷിച്ചിട്ടുള്ള ആനപ്പാറ. വലതുവശത്തെ പാറ ശിൽപ്പം കീഴോട്ടു വരുന്തോറും വണ്ണം കുറയുന്നു. പമ്പരം കുത്തി നിർത്തിയതു  പോലെയാണിത്.  ഈ പാറയുടെ സന്നിധി പൂകി വെറ്റിലയും അടക്കയും ദക്ഷിണ വച്ച് പ്രാർഥിച്ചാൽ അഭീഷ്ടം സാധിക്കുമെന്ന് വിശ്വസിച്ചു പോരുന്നു.

 


ആനപ്പാറയിൽ നിന്നും ജൈനരെ  നിഷ്കാസനം   ചെയ്തത് വില്വമംഗലം സ്വാമിയാരാണെന്ന് 
പറയുന്നു. സ്വാമിയാർ ഇവിടെ പതിമൂന്നാം നൂറ്റാണ്ടിൽ താമസിച്ചിരുന്നതായി തെളിവുകളുണ്ട്. ആ ഓർമ്മയ്ക്കാവണം വില്വമംഗലം എന്ന പേരും പാറയ്ക്കുണ്ട്. പുത്തൻ ചിറയിൽ ഈ നാമധേയത്തിൽ ധാരാളം കുടുംബങ്ങളുമുണ്ട്. കൊമ്പത്തുകടവിനടുത്തുള്ള കുതിരത്തടവും മാണിയംകാവ് ക്ഷേത്രവുമെല്ലാം ഇവിടം ജൈന മത ആവാസ കേന്ദ്രങ്ങളായിരുന്നുവെന്നതിന് സാക്ഷ്യങ്ങളായി നിൽക്കുന്നു.

തയ്യാറാക്കിയത് സുരേഷ് അന്നമനട 

Leave A Comment