ജനകീയനായ നേതാവ് 'കെ കരുണാകരൻ'
വാൽക്കണ്ണാടി
കേരള രാഷ്ട്രീയത്തിലെ അതികായകനും കോൺഗ്രസിലെ ഭീഷ്മ തുല്യനുമായിരുന്നു ലീഡർ കെ.കരുണാകരൻ. ആ മഹാനുഭാവന്റെ പതിമൂന്നാം ചരമ വാർഷികദിനം കടന്നു പോകുന്നു. അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ആറ് പതിറ്റാണ്ടിലേറെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു. കോൺഗ്രസ് നേതാവ്, ജനപ്രതിനിധി, ഭരണാധികാരി തുടങ്ങിയ നിലകളിലെല്ലാം അനന്യ സാധാരണമായ പ്രവർത്തന വിജയം കൈവരിച്ച കരുണാകരൻ രാഷ്ട്രീയ ആദർശത്തിന്റെ ആൾ രൂപയായിരുന്നു.
ലീഡറിലേക്കുള്ള വഴി
സ്വാതന്ത്ര്യ സമര കാലത്തെ ദേശീയ നേതാക്കളുടെ പ്രവർത്തന ശൈലി കണ്ടു വളർന്ന കരുണാകരന് തന്റെ ജീവിത പാത ഏതെന്ന് കണ്ടെത്താനും അതിലൂടെ സഞ്ചരിക്കേണ്ടതെങ്ങനെ എന്ന് മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല. അദ്ദെഹം പൊതു രംഗത്തിറങ്ങുമ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ വഴി കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അതിലൂടെ അദ്ദേഹം നിർഭയനായി മുന്നേറി. എളിയ ചുറ്റുപാടുകളിൽ പ്രവർത്തനം തുടങ്ങിയ കരുണാകരനെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നേതാവായി ഉയർത്തിയത് ആ ധീരതയാണെന്നും പറയാം.

അനുയായികൾ സ്നേഹാദരങ്ങളോടെ അദ്ദേഹത്തിന് നൽകിയ ലീഡർ എന്ന വിശേഷണം കരുണാകരനെ സംബന്ധിച്ചിടത്തോളം എല്ലാ നിലക്കും അനർത്ഥമായിരുന്നു. ചിത്രകലയിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി വരയ്ക്കാനായി. രാഷ്ട്രീയത്തിൽ എപ്പോൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കരുണാകരന് അറിയാമായിരുന്നു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പ്രശംസിക്കേണ്ടവരെ പ്രശംസിച്ചും ശാസിക്കേണ്ടവരെ ശാസിച്ചും അദ്ദേഹം രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.
പാർട്ടിക്ക് പുറത്തു നിന്നു മാത്രമല്ല പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പുകൾ നേരിട്ട നേതാവാണ് കരുണാകരൻ. പ്രായോഗിക രാഷ്ട്രീയത്തിൽ കരുണാകരനുള്ള വൈദഗ്‌ധ്യം കോൺഗ്രസിനു മാത്രമല്ല അതിനോടൊപ്പം നിന്ന കക്ഷികൾക്കും പല ഘട്ടങ്ങളിലും തുണയായി. കർമ്മനിരതയുടെ കാര്യത്തിലും കരുണാകരനോടൊപ്പം നിൽക്കുന്ന നേതാക്കൾ ഏറെയുണ്ടാവില്ല.
അസാധ്യതയെ സാധ്യതയാക്കുന്ന കർമ്മകുശലത
കരുണാകരന്റെ വേഗം പ്രസിദ്ധമാണ്. യാത്രയുടെ കാര്യത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തന മേഖലകളിലും അത് കാണാമായിരുന്നു. നാലു തവണ മുഖ്യ മന്ത്രിയും ഒരു തവണ കേന്ദ്ര മന്ത്രിയുമായ കരുണാകരൻ ഭരണാധികാരി എന്ന നിലയിൽ നാല് തവണ കേരളത്തിന്റെ സമഗ്ര വികസനത്തിൽ വലിയ പങ്കു വഹിച്ചു. ആലോചന ഘട്ടത്തിൽ അസാധ്യമെന്നു തോന്നുന്ന പല പദ്ധതികളും യാഥാർഥ്യമാക്കാൻ കരുണാകരന്റെ തന്ത്രജ്ഞതയും ഉൾക്കരുത്തും ശുഭ പ്രതീക്ഷയും സഹായകരമായി.

തൃശൂർ-ഗുരുവായൂർ തീവണ്ടിപ്പാത സ്ഥാപിക്കാനും ഏഴിമല നാവിക അക്കാദമി കേരളത്തിന് ലഭിക്കാനും കായംകുളത്ത് എൻ ടി പി സി താപ നിലയും കൊച്ചിയിൽ അന്താരാഷ്‌ട്ര സ്റ്റേഡിയവും കൊണ്ട് വരാൻ കഴിഞ്ഞത് കരുണാകരന്റെ ശ്രമഫലമാണ്. കാർഷിക വ്യാവസായിക വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഒട്ടേറെ പദ്ധതികൾക്ക് കേരളത്തിൽ തുടക്കം കുറയ്ക്കുന്നതിൽ കരുണാകരൻ പ്രധാന പങ്കു വഹിച്ചു. കൊച്ചിയിൽ കയറ്റുമതി വികസന മേഖല 1983 -ൽ സ്ഥാപിക്കാൻ കേന്ദ്രാനുമതി നേടിയെടുത്തു. വികസന പദ്ധതികളെയും മറ്റേതെങ്കിലും പരിഷ്കരണങ്ങൾ ആയാലും തടസ്സങ്ങൾ അതിജീവിച്ച് നടപ്പാക്കുന്നവരാണ് കരുത്തുറ്റ ഭരണാധികാരികൾ എന്ന് കരുണാകരൻ കരുതി. ഭരണത്തിന്റെ ഫലങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ട ഉദ്യോഗസ്ഥ സമൂഹത്തെ ഏതു കാലഘട്ടത്തിലും നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഭരണാധികാരി എന്ന നിലയിൽ എതിരാളികളുടെ പോലും പ്രശംസ നേടിയെടുത്തയാളാണ് കാരുണാകരൻ. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ഇക്കര്യത്തിൽ കരുണാകരന് ഒരു വാശി തന്നെയുണ്ടായിരുന്നു. പ്രതിബന്ധങ്ങൾ എത്ര കടുത്തതായാലും വിമർശനങ്ങൾ എത്ര നിശിതമായതായാലും അവയെ നേരിട്ട് അദ്ദേഹം തീരുമാനങ്ങൾ നടപ്പിലാക്കാൻ മുതിർന്നു. എതിർപ്പുകളും വിമർശനങ്ങളും കരുണാകരനെ കൂടുതൽ ഊർജ്ജസ്വലനാക്കുകയാണ് പതിവ്. ഗുരുവായൂരപ്പ ഭക്തനായിരുന്ന കരുണാകരൻ തന്നോട് കൂറു പുലർത്തുകയും പ്രതി സന്ധി ഘട്ടത്തിൽ തന്നെ സഹായിക്കുകയും ചെയ്തവരുടെ ക്ഷേമത്തിൽ ഇപ്പോഴും തല്പരനായിരുന്നു.

ആശ്രിതവത്സലൻ എന്ന് അനുയായികളും അഭ്യുദയകാംക്ഷികളും ആരാധനയോടെയും എതിരാളികളും വിമർശകരും തെല്ലൊരു അനുമതിയോടെയും നൽകിയ വിശേഷണം കരുണാകരൻ തികഞ്ഞ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ഒപ്പം നിൽക്കുന്നവരെയും ആരാധകരെയും മാത്രമല്ല തന്നെ ആശ്രയിക്കുന്ന ഏവരെയും സഹായിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഏറെക്കാലം തന്റെ നിയോജക മണ്ഡലത്തിന്റെ മൊത്തത്തിലുള്ള വികസനം മാത്രമല്ല അവിടത്തെ ജനങ്ങളുടെ ക്ഷേമത്തിലും അദ്ദേഹം തല്പരനായായിരുന്നു.
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക്
കണ്ണൂർ ചിറയ്ക്കൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കല്യാണി മാരസ്യാരുടെയും മൂന്നാമത്തെ മകനായി 1918 ജൂലൈ അഞ്ചിനാണ് കരുണാകരൻ ജനിച്ചത്. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കണ്ണിൽ വെള്ളം നിറയുന്ന അസുഖം കാരണം എട്ടാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തി. പിന്നീട് പത്ത് വരെ പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയില്ല . ചിത്ര രചനയിലായിരുന്നു താല്പര്യം. തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും സ്വർണ്ണ മെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസായി.1936 ലാണ് കോൺഗ്രസ് അംഗമാകുന്നത്.

തൃശൂർ ആയിരുന്നു തട്ടകം. 1937 -ൽ കോൺഗ്രസ് തൃശൂർ ടൗൺ സെക്രട്ടറിയായി. സ്വതന്ത്ര്യ സമരത്തെ തുടർന്ന് 1942 -ൽ അറസ്റ്റിലായി. ജയിൽ മോചിതനായി വന്ന ശേഷം തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. 1945 -ൽ തൃശൂർ നഗരസഭാ കൗൺസിലറായി . ഒല്ലൂക്കരയിൽ പ്രജാമണ്ഡലത്തിലേക്കു വൻ ഭൂരിപക്ഷത്തോടെ 1948 -ൽ വിജയിച്ചു. അതെ വർഷം കേരളത്തിൽ ഐ എൻ ടി യു സിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി 1954 -ൽ മണലൂരിൽ നിന്നും 1957 -ൽ വിയ്യൂരിൽ നിന്നും തിരു കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവാഹം 1954 ജൂൺ രണ്ടിനായിരുന്നു. മുറപ്പെണ്ണായ കല്യാണിക്കുട്ടിയമ്മയെ വീട്ടുകാരുടെ ആഗ്രഹപ്രകാരം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് താലികെട്ടി. ആദ്യമായുള്ള ഗുരുവായൂർ ദർശനം പിന്നീട് ജീവിതത്തിന്റെ ഭാഗമായി.
മാളയുടെ മാണിക്യം
കേരളപ്പിറവിക്കു ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരൻ എ.ആർ. മേനോനോട് തോറ്റു. 1960 ൽ ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റും കെ പി സി സി അംഗവുമായി. ചാലക്കുടി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ നിന്നും വേർതിരിച്ച് രൂപവത്ക്കരിച്ച മാളയിൽ നിന്ന് 1965 ൽ വിജയം നേടി. സിപിഐ യിലെ കെ.എ തോമസായിരുന്നു എതിരാളി. ഭൂരിപക്ഷം 4725.1967 ലും എതിരാളി മാറിയില്ല. ജയിച്ചു. പക്ഷെ ഭൂരിപക്ഷം 364 ആയി കുറഞ്ഞു. കരുണാകരൻ 1969 ൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി. മാളയിൽ നിന്ന് വർഗീസ് മേച്ചേരിയെ 11 ,053 വോട്ടുകൾക്ക് 1970 -ൽ പരാജയപ്പെടുത്തി.

സി.അച്യുതമേനോനോൻ മന്ത്രിസഭയിൽ 1971 ൽ സെപ്റ്റംബർ 25 ന് ആഭ്യന്തര മന്ത്രിയായി. പോൾ കോക്കാടിനെ 9466 വോട്ടിന് 1977 ൽ മാളയിൽ പരാജയപ്പെട്ടുത്തിയ കരുണാകരൻ മാർച്ച് 25 ന് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. പക്ഷെ അധികാരം സത്യപ്രതിജ്ഞക്ക് ശേഷം അധിക നാൾ നീണ്ടു നിന്നില്ല. രാജൻ കേസിനെ തുടർന്ന് ഏപ്രിൽ 25 ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു. 1978 ൽ കോൺഗ്രസ് പാർലമെന്ററി ബോർഡിൽ അംഗമായ കരുണാകരൻ 1981 ഡിസംബർ 25 ന് മുഖ്യ മന്ത്രി പദത്തിൽ തിരിച്ചെത്തി. ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അട്ടിമറിച്ചാണ് അദ്ദേഹം രണ്ടാമത്തെ തവണ കേരളത്തിന്റെ ചെങ്കോൽ കൈയ്യിലെടുത്തത്. പക്ഷെ അധികം വൈകാതെ ആ മന്ത്രി സഭ നിലം പതിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ നേമത്തും മാളയിലും കരുണാകരൻ മത്സരിച്ചു.
മാളയിൽ ഇ ഗോപാലകൃഷ്ണമേനോനെ 3410 വോട്ടുകൾക്കും നേമത്ത് ഫാക്കിൽ ഖാനെ 3348 വോട്ടുകൾക്കും പരാജയപ്പെടുത്തി. നേമത്തു നിന്നും രാജി വച്ച് കരുണാകരൻ ഇഷ്ട മണ്ഡലമായ മാള നില നിർത്തി. അങ്ങനെ 1982 മെയ് 24 ന് അദ്ദേഹം മൂന്നാമത്തെ തവണ കേരളത്തിലെ മുഖ്യമന്ത്രിയായി. അദ്ദേഹം മാളയിൽ പ്രൊഫസർ മീനാക്ഷി തമ്പാനെ 1987 ൽ 6392 വോട്ടുകൾക്ക് തോൽപ്പിച്ചെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം ഇടതുമുന്നണിക്കായിരുന്നു. മാളയിൽ നിന്ന് തന്നെ 1991 ലെ തെരഞ്ഞെടുപ്പിൽ വി.കെ.രാജനെ 2974 വോട്ടിന് പരാജയപ്പെടുത്തി. കരുണാകരൻ ജൂൺ 24 ന് നാലാമത്തെ തവണ മുഖ്യ മന്ത്രി പദത്തിലെത്തി. പിന്നീടുള്ള കാലത്ത് വ്യകതിപരമായും സംഘടനാപരമായി അദ്ദേഹം പ്രശ്നങ്ങൾ നേരിട്ടു.
പതറാതെ മുന്നോട്ട്
തിരുവനന്തപുരം പള്ളിപ്പുറത്ത് 1982 ൽ ജൂൺ ഒന്നിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കരുണാകരൻ ആരോഗ്യം വീണ്ടെടുക്കും മുമ്പേ കോൺഗ്രസിലെ തിരുത്തൽ വാദത്തിന്റെ തിരിച്ചടികൾ നേരിട്ടു. ആ മുറിവുണങ്ങും മുമ്പ് പ്രിയതമ കല്യാണിക്കുട്ടിയമ്മ 1993 മാർച്ച് 25 ന് വിട പറഞ്ഞത് അദ്ദേഹത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഗ്രഹപ്പിഴവുകൾ തീർന്നിട്ടുണ്ടായിരുന്നില്ല. ഐഎസ് ആർ ഓ ചാരക്കേസ് സംബന്ധിച്ച ആരോപണത്തിന്റെ പേരിൽ 1995 ൽ ഏപ്രിൽ 24 ന് മുഖ്യമന്ത്രികസേര വരെ ഒഴിയേണ്ടി വന്നു.

കാൽ നൂറ്റാണ്ടിലധികം നിയമസഭയിൽ നിറഞ്ഞു നിന്ന അദ്ദേഹം 1995 ഏപ്രിൽ 25 ന് രാജ്യസഭാംഗമായി. കേന്ദ്ര വ്യവസായ വകുപ്പിൽ ജൂൺ 10 ന് ക്യാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരും മുമ്പ് 1996 ലെ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും ജനവിധി എതിരായി. സിപിഐ യിലെ വി.വി.രാഘവനോട് 14800 വോട്ടിനായിരുന്നു പരാജയം. പിന്നിൽ നിന്നും കുത്തിയവരുടെ മുന്നിൽ അടിയറവു പറയാൻ തയാറില്ലാതിരുന്ന കരുണാകരൻ 1998 ലെ ലോക സഭാ തെരഞ്ഞെടുപ്പിൽ അങ്കത്തട്ട് തലസ്ഥാനത്തേക്ക് മാറ്റി. സിറ്റിംഗ് എം.പി കെ.വി.സുരേന്ദ്ര നാഥിനെ 15366 വോട്ടിന് പരാജയപ്പെടുത്തി. 1999 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മണ്ഡലം മാറി. മുകുന്ദപുരത്ത് ഇ.എം.എസിന്റെ മകൻ ഇ.എം.ശ്രീധരനെ 54463 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കരുണാകരൻ തോൽവിയറിയിച്ചത്.
അടിതെറ്റിയ ഡി ഐ സി രൂപീകരണം
കരുണാകരൻ 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. മകൻ കെ.മുരളീധരനെ കെ.പിസി.സി സ്ഥാനത്തെത്തിച്ച അദ്ദേഹം എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കെതിരെ വിമർശനത്തിന്റെ മുന തൊടുത്തു. തുടർന്ന് മുരളീധരനെ സംസ്‌ഥാന വൈദ്യുതി മന്ത്രിയാക്കി. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ 2004 ൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു മുരളിയുടെ വിധി. അതോടൊപ്പം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടത് കരുണാകരന് ക്ഷീണമായി.
ഇതിനിടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭക്കെതിരെയും വിമർശനത്തിന്റെ കെട്ടഴിച്ചു. വിമർശനം സോണിയാ ഗാന്ധിക്കെതിരെയും നീണ്ടതോടെ കരുണാകരൻ ഹൈക്കമാൻഡിനു തീർത്തും അനഭിമതനായി. അതോടെ കോൺഗ്രസിൽ നിന്നും പുറത്ത് വന്ന അദ്ദേഹം 2005 മെയ് ഒന്നിന്
കെ.മുരളീധരനെ പ്രസിഡന്റാക്കി ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് രൂപവൽക്കരിച്ചു. രാജ്യസഭാംഗത്വം രാജി വച്ചു .
2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തുണച്ചെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടായില്ല. ഇതേ തുടർന്ന് 2006 മെയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസിനോടൊത്ത് നേരിട്ടെങ്കിലും മത്സരിച്ച ഒന്നൊഴികെയുള്ള മണ്ഡലങ്ങളിൽ ഡി.ഐ.സി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.

ടി. എം ജേയ്‌ക്കബിന്റെ പാർട്ടിയെ ഡിഐസിയിൽ ലയിപ്പിക്കാനായെങ്കിലും ആ ബന്ധം അധികം നീണ്ടു നിന്നില്ല. 2006 നവംബർ 12 ന് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ഡി ഐ സി യെ ലയിപ്പിച്ചായിരുന്നു കരുണാകാരന്റെ രാഷ്ട്രീയ പരീക്ഷണം. ഈ രാഷ്ട്രീയ പരീക്ഷണം അധിക കാലം നീണ്ടു നിന്നില്ല. എൻ.സി.പി ദേശീയ നിർവാക സമിതി അംഗമായിരുന്ന ആദ്ദേഹം ഒരു വർഷവും രണ്ടര മാസവും കഴിഞ്ഞ് 2008 ഫെബ്രുവരി ഒന്നിന് മാതൃ സംഘടനയായ കോൺഗ്രസിലേക്ക് മടങ്ങി. എൻ സി പി സംസ്‌ഥാന പ്രസിഡന്റായ മകൻ കെ.മുരളീധരനെ ഉപേക്ഷിച്ചായിരുന്നു മടക്കയാത്ര. സോണിയാഗാന്ധി ഉൾപ്പെട്ടാണ് അദ്ദേഹത്തെ കോൺഗ്രസിലേക്ക് മടക്കി കൊണ്ട് വന്നത്.
തിരികെ മാതൃസംഘടനയിലേക്ക്
കരുണാകരന്റെ മടങ്ങി വരവിൽ കോൺഗ്രസ് നേതാക്കളിൽ നേരിയ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ലീഡറുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിൽ എതിർപ്പുകൾക്ക് പ്രസക്തിയില്ലാതായി. കോൺഗ്രസിലേക്ക് തിരിച്ചു വന്ന അദ്ദേഹം കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗമായിരിക്കെ 2010 ഡിസംബർ 23 ന് ഈ ലോകത്തോട് വിട ചൊല്ലി. കേരളത്തിൽ ലീഡർ കെ.കരുണാകരന്റെ നാമധേയത്തിൽ നിരവധി സ്‌മാരകങ്ങൾ നില കൊള്ളുന്നു.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment