വാല്‍ക്കണ്ണാടി

അഭൗമ തേജസ്സറിയിക്കുന്ന അന്നമനട മഹാദേവ ക്ഷേത്രം

വാൽക്കണ്ണാടി 

കാലച്ചക്രത്തിരിച്ചിലിൽ ചരിത്രവും ചൈതന്യവും  ചാരുതയേകി ചാലിട്ടൊഴുകുന്ന ചാലക്കുടി പുഴയുടെ തീരത്ത് അഭൗമ തേജസ്സറിയിക്കുന്ന ഒരു ആരാധന ക്ഷേത്രമാണ് അന്നമനട മഹാദേവ ക്ഷേത്രം. 

പ്രസിദ്ധിയും പഴമയും ഐശ്വര്യവും ഇഴുകിച്ചേർന്ന  അന്നമനട ശിവക്ഷേത്രം, കൊച്ചി, തിരുവിതാംകൂർ, രാജാക്കന്മാരുടെ സന്ധി സാന്നിധ്യങ്ങൾ കൊണ്ട് പുകൾപെറ്റതാണ് . കൊച്ചിയിലെ പല നാടുവാഴികളും  ഭരിച്ചിരുന്ന അടൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നില നിൽക്കുന്നതെങ്കിലും അടൂരിൽപ്പെട്ട അന്നമനടയിലാണ് സ്ഥാപിതം എന്നത് കൊണ്ട് അന്നമനട മഹാദേവ ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തിയാർജ്ജിച്ചിട്ടുള്ളത്. 



കേരളത്തിലെ മുപ്പത്തി രണ്ട് പഴയ നമ്പൂതിരി ഗ്രാമങ്ങളിൽ പ്രധാനമാണ് അടൂർ ഗ്രാമം. സാമൂതിരി മഹാരാജാവിന്റെയും ടിപ്പു സുൽത്താന്റെയും ആക്രമങ്ങളെ തടയുന്നതിന് കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ അന്നമനടയിൽ വച്ച് കൂടിക്കാഴ്ച നടത്തി ഉടമ്പടി ഉണ്ടാക്കിയതിനെ സംബന്ധിച്ച് കൊച്ചി രാജ്യ ചരിത്ര ഗ്രന്ഥത്തിലെ ഉദ്ധരിണികൾ സൂചിപ്പിച്ചിരുന്നു. 

പത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു
ക്ഷേത്രത്തിന്റെ പഴക്കം ഏറെയാണെങ്കിലും സ്ഥാപിതകാലം രേഖകളിൽ വിരളമാണ്. ഹരിജൻ യുവതി പുല്ലരിയാൻ പോയപ്പോൾ അരിവാൾ ശിലയിൽ കൊണ്ട് രക്തം പൊടിഞ്ഞ് ദേവ ചൈതന്യം കണ്ടെത്തിയെന്ന് ഐതിഹ്യമുണ്ട്. ആദ്യ കാലങ്ങളിൽ മാപ്രാമ്പിള്ളി, കാശാംകോട്ടം, കടയ്ക്കവട്ടം, കുറയ്ക്കാട്ടുപള്ളി, തുടങ്ങിയ പത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു ഇത്.



നാട്ടു വാഴ്ചകൾക്കും സാമൂതിരിക്കും തിരുവിതാംകൂർ രജാവിനും ക്ഷേത്രത്തിലും ഗ്രാമത്തിലും മേൽക്കോയ്മ ഉണ്ടായിരുന്ന വിപ്ലാർ വട്ടം സ്വരൂപം അടൂർ ഗ്രാമം ആക്രമിച്ച് ക്ഷേത്രത്തിലെ തോണി ബലമായി എടുത്തുകൊണ്ട് പോരുകയും ക്ഷേത്രം തീ വെച്ച് നശിപ്പിക്കുകയും ബ്രാഹ്മണരെ ദ്രോഹിക്കുകയും ചെയ്തിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്.

 ഈ സംഭവം നടക്കുമ്പോൾ കോഡൻ  മലയൻ എന്ന  നാടുവാഴിക്കായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഇതോടെ നമ്പൂതിരിമാർ സാമൂതിരിയെ അഭയം പ്രാപിച്ചു. സാമൂതിരി ക്ഷേത്രവും ഗ്രാമവും ഏറ്റെടുത്ത് മങ്ങാട്ടച്ചനെ ഏൽപ്പിച്ചു. തിരുവിതാംകൂറും കൊച്ചിയും തമ്മിൽ 1761-ൽ ഒരു ഒത്തു തീർപ്പുണ്ടാക്കി. സാമൂതിരിയെ ഇവിടെ നിന്ന് ഓടിക്കുകയും ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുവാൻ കൊച്ചി, വെള്ളോട്ട് നമ്പ്യാരെ നിയോഗിക്കുകയും ചെയ്തു. എന്നാൽ  ഗ്രാമത്തിലെ നമ്പൂതിരിമാർ, ഇത് അംഗീകരിച്ചില്ല. 



ക്ഷേത്രത്തിന്റെ മേൽക്കോയ്മയും ഭരണാധികാരവും 1763 -ൽ  തിരുവിതാംകൂർ രാജാവിന് സമർപ്പിച്ചു. രാജാവ് കൊല്ലം സ്വദേശിയായ കുഞ്ഞുപിള്ള  എന്നൊരാളെ  ദേവസ്വം  മാനേജരായി നിയമിക്കുകയും ചെയ്തു. ക്ഷേത്ര സങ്കേതങ്ങളായിരുന്ന അന്നമനട, കല്ലൂർ, വെണ്ണൂർ, വൈന്തല, മേലഡൂർ, കീഴടൂർ, തുടങ്ങിയ ദേശങ്ങൾ അപ്പോഴും  കൊച്ചിയുടെ കൈവശത്തിലായിരുന്നു. ഇതിനിടയിൽ പാലക്കാട്, രാജവംശത്തിന്റെ ശാഖയായ നാടുവിലടത്ത് മൊഴിവട്ടം, തുടങ്ങിയ മൊഴിവട്ടത്ത് ശാഖക്കാരുടെ എല്ലാ സ്വത്തുക്കളും അന്നമനട, കീഴ് തൃക്കോവിൽ, ആര്യൻ പറമ്പ്, ആലത്തൂർ, കൈമന ക്ഷേത്രങ്ങളിൽ ഈ ശാഖക്കുണ്ടായിരുന്ന  അവകാശങ്ങളും 1799 ൽ കൊച്ചി രാജ്യത്തിന് അട്ടിപ്പേറായി ഒഴിഞ്ഞു കൊടുത്തു.

 തിരുവിതാംകൂർ ശൈലിയിൽ പണി കഴിപ്പിച്ചിട്ടുള്ള ക്ഷേത്രം                                        
ട്ടിപ്പേറു വഴി കൊച്ചി രാജ്യം അന്നമനട ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഒരു കൊരട്ടി കൈമളായിരുന്നു അകക്കോയ്മ. ഇതേതുടർന്ന്  തർക്കം രൂക്ഷമായതോടെ 1761 ൽ കൊച്ചി, തിരുവിതാംകൂർ, രാജാക്കന്മാർ, തമ്മിലുണ്ടായ ഉടമ്പടി പ്രകാരം സാമൂതിരി കീഴടക്കിയ കൊച്ചിയുടെ നാടുകളിൽ തിരുവിതാംകൂർ അവകാശം ഉന്നയിക്കില്ലെന്ന് രേഖപ്പെടുത്തിയ കാലം ചൂണ്ടിക്കാട്ടി  ഇംഗ്ലീഷ്കാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനിയെ സമീപിക്കുവാൻ കൊച്ചി രാജാവ് തീരുമാനിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരായ സായിപ്പുമാർ സർവ്വേ നടത്തി. 1815 -ൽ കൊച്ചിക്കാണ് പരമാധികാരമെന്ന് റിപ്പോർട്ട് നൽകി. 



ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടൂർ ഗ്രാമത്തിലും അന്നമനട ദേവസ്വത്തിലും തിരുവിതാംകൂറിന് യാതൊരു അധികാരവുമില്ലെന്ന് ജഡ്ജി ജെ.സി ഹാനിങ് ടൺ വിധിയെഴുതുകയും ചെയ്തു. അന്നമനട മഹാദേവ ക്ഷേത്രം തിരുവിതാംകൂർ ശൈലിയിലാണ്  പണി കഴിപ്പിച്ചിട്ടുള്ളത്. പ്രധാന മൂർത്തി ശിവനാണ് . ശിവലിംഗത്തിന്  നാലര അടിയോളം ഉയരമുണ്ട്. മൂന്നു നിലകളുള്ള ശ്രീകോവിലും ഉണ്ട്. ക്ഷേത്രത്തിലെ കരിങ്കൽ ശില്പചാതുര്യവും അത്യധികം താഴ്ന്നതും വിസ്തൃതമായ ബലിക്കല്ലുമെല്ലാം ഏറെ സവിശേഷതയുളവാക്കുന്നു.
ഈ മഹാദേവ ക്ഷേത്രത്തിൽ   ഉപദേവതമാർ ഗണപതി, പാർവ്വതി, നരസിഹം, വിഷ്ണു എന്നിവരാണ്.


 
കുംഭത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു. ശിവരാത്രി മഹോത്സവത്തിനായി ക്ഷേത്ര മണപ്പുറം കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ ശർക്കര തുലാഭാരം പ്രധാനമാണ്. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം. അഷ്ടമിച്ചിറ ശിവക്ഷേത്രം, മാമ്പ്ര ശിവക്ഷേത്രം, ചിറങ്ങര ഭഗവതി ക്ഷേത്രം, ചെറ്റാരിക്കൽ ശിവക്ഷേത്രം, വാളൂർ എല്ലേലി ശിവ ക്ഷേത്രം, സ്ഫടികം ശിവ ക്ഷേത്രം, അയ്യപ്പക്കാവ് ശാസ്താ ക്ഷേത്രം, ചെറുവാളൂർ കൂട്ടാല ഭഗവതി ക്ഷേത്രം, എന്നിവ അന്നമനട ശിവ ക്ഷേത്രത്തിന്റെ ഉപ ഗ്രൂപ്പിൽപ്പെട്ട ആരാധനാലയങ്ങൾ ആണ്.  ഈ മഹാദേവ ലക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 11 കൊടിയേറും 

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment