ചരിത്ര പ്രസിദ്ധമായ മുസ്‌ലിം ദേവാലയം 'ചേരമാൻ ജുമാ മസ്ജിദ്'
വാൽക്കണ്ണാടി
ഭാരതത്തിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായി എ.ഡി. 629 -ൽ സ്ഥാപിച്ച കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് ആത്മീയ വിശുദ്ധി വഴിഞ്ഞൊഴുകുന്ന പുണ്യ സങ്കേതമായി പൗരാണിക പ്രൗഡി പകർന്ന് പ്രശോഭിച്ചു നിൽക്കുന്നു. ചരിത്ര പ്രസിദ്ധമായ ഈ തീർഥാടന കേന്ദ്രം അനുദിനം അസംഖ്യം വിശ്വാസികളെ ആകർഷിച്ചു പോരുന്നു.
ചേരമാൻ പെരുമാളിന്റെ ഇസ്‌ലാം മതത്തിലേക്കുള്ള നിർണ്ണായക പ്രവേശനം
ഒരു വിശ്വാസത്തെ ആത്മാവിലാവാഹിക്കാൻ സിംഹാസനം ഉപേക്ഷിച്ച ഒരു രാജാധി രാജന്റെ ഐതിഹാസിക ചിത്രം ചരിത്രത്തിലെ മഹനീയവും അപൂർവ്വവുമായ കാഴ്ച്ചയാണ്. ചേരമാൻ പെരുമാളിന്റെ മക്കയിലേക്കുള്ള തീർഥാടനത്തെയും ഇസ്‌ലാം മത സ്വീകാരത്തെയും കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് നിലവിലുള്ളത്.

കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഒരിക്കൽ അമ്പരാന്തത്തിൽ ചന്ദ്രൻ രണ്ടായി പിളർന്ന് പോകുന്നതായ അസാധാരണവും ദുർഗ്രഹവുമായ ഒരു സ്വപ്നം കണ്ടു. രാജ സദസിലെ ജ്യോതിഷികൾക്കൊന്നും തൃപ്തികരമായ ഒരുവ്യഖ്യാനം ഈ സ്വപ്നത്തെ ക്കുറിച്ച് നൽകാനായില്ല. പിന്നീടൊരിക്കൽ സിലോണിലേക്ക് പോകുന്ന ഒരു സംഘം അറബിക്കച്ചവടക്കാർ യാത്ര മദ്ധ്യേ പെരുമാളിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം ദുർഗ്രഹമായ ഈ സ്വപ്നത്തെക്കുറിച്ച് അവരോടു സൂചിപ്പിച്ചു.
അറേബ്യയയിൽ പ്രവാചകൻ അനുഷ്ടിച്ച ഒരു ദിവ്യാത്മതമായിരിക്കാം ഇതെന്ന് അവർ വിശദീകരിച്ചു. ഈ വ്യാഖ്യാനം ബോധ്യപ്പെട്ട പെരുമാളിനു കച്ചവട സംഘത്തിന്റെ മതം അത്യുത്കൃഷ്ടമെന്ന് ബോധ്യപ്പെടുകയും ഇത് ഇസ്‌ലാം മതത്തിലേക്കുള്ള നിർണ്ണായക പ്രവേശനത്തിന് കാരണമാവുകയും ചെയ്തു. പ്രവാചകനെ കാണാനും ആ സന്നിധിയിൽ നിമഗ്നനാവാനും അദ്ദേഹം ആഗ്രഹിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരിൽ
ചേരമാൻ പെരുമാൾ തൻ്റെ സാമ്രാജ്യം പലതായി വിഭജിച്ച പ്രാദേശിക പ്രമുഖർക്ക് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് ഏൽപ്പിച്ചു കൊടുത്ത് മക്കയിലേക്ക് യാത്രയായി. പ്രവാചക ദർശനം സാക്ഷാൽക്കരിച്ച് ഇസ്‌ലാം മതം സ്വീകരിച്ചു. കുറച്ച് കാലം പ്രവാചകനോടൊപ്പം ചെലവഴിച്ചതിനു ശേഷം സ്വാദേശത്തേക്ക് മദൻഹിയ പെരുമാൾ വഴിമധ്യേ രോഗ ഗ്രസ്തനായി. അറേബ്യാൻ ഉപ ഭൂഖണ്ഡത്തിലെ ദുഫാറിൽ വച്ച് മരണത്തിന് അദ്ദേഹം കീഴടങ്ങി. മരണത്തിനു മുൻപ് മലബാറിലെ പ്രാദേശിക ഭരണാധികാരിക്കായി ചില കുറിമാനങ്ങൾ എഴുതിയ വിശ്വസ്തരായ തൻ്റെ സുഹൃത്തുക്കളെ അദ്ദേഹം ഏൽപ്പിച്ചിരുന്നു.

പിന്നീട് മാലിക് ബിൽ ദിനാറും കൂട്ടാളികളും കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന് ഈ കുറിമാനങ്ങൾ പ്രാദേശിക പ്രമുഖർക്ക് നൽകി. അതിലെ നിർദേശ പ്രകാരം വിവിധ സ്ഥലങ്ങളിലായി പള്ളികൾ പണിയാനുള്ള സമ്മതം ഭരണാധികാരികളിൽ നിന്ന് അവർക്ക് ലഭിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെടുകയും മാലിക് ബിൻ ദിനാർ സ്വയം തന്നെ ചേരമാൻ പള്ളിയിലെ പ്രഥമ സാന്നിധ്യമായി അവരോധിതനാവുകയും ചെയ്തു. കുറച്ചു നാൾക്കു ശേഷം മാലിക് ബിൻ ദിനാർ തൻ്റെ മകനായ ഹബബീബ് ബിൻ മാലിക്കിനെ അടുത്ത ഖാദിയായി നിയമിച്ച് കേരളത്തിൽ ഉടനീളം വിപുലമായി യാത്ര ചെയ്തു മാലിക് ദിനാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ നിർമ്മിച്ചു.

പിന്നീട് അറേബ്യയിലേക്ക് പോയ അദ്ദേഹം അവിടെ വച്ച് നിര്യാതനായി. ചേരമാൻ പള്ളിയിലെ പുരാതനമായ ഖബറുകൾ ഹബീബ് ബിൻ മാലിക്കിന്റെയും അദ്ദേഹത്തിന്റെ പത്നി ഖുമരിയയുടേയും ആണെന്ന് വിശ്വസിക്കപ്പെടുന്നു. മുസിരിസ് എന്ന പേരിൽ വിഖ്യാതമായിരുന്ന കൊടുങ്ങല്ലൂർ ഇന്ന് ചരിത്രത്തിലെ ഒരു അനുബന്ധം മാത്രമായി അവശേഷിച്ചിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേ കൊടുങ്ങല്ലൂർ കേരള സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിലായിരുന്നു.
കൊടുങ്ങല്ലൂരിന് കേരള മുസ്‌ലിം ചരിത്രത്തിലുള്ള സ്ഥാനം
കൊടുങ്ങല്ലൂർ ബിസി 400 നു പോലും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധത്തെ നിയന്ത്രിച്ചിരുന്നു. പ്രസിദ്ധ പ്രാചീന ചരിത്രകാരനായിരുന്ന പ്ലിനി മുസിരിസിനെ ഇന്ത്യയിലെ പ്രമുഖ തുറമുഖം എന്നാണു രേഖപ്പെടുത്തിയിക്കുന്നത്. ഫിനീഷ്യർ, ഗ്രീക്കുകാർ, അറബികൾ, പേർഷ്യക്കാർ, ചൈനക്കാർ തുടങ്ങിയവർ കച്ചവടത്തിനായി മുസിരിസിലെത്തിയിരുന്നു.

സീസർ ടൈറ്റസിന്റെ നേതൃത്വത്തിൽ ജറുസലേമിലെ വംശീയ ഉന്മൂലനത്തിൽ നിന്നും എ.ഡി 69 ൽ പലായനം ചെയ്തു. ജൂതന്മാർ കൊടുങ്ങല്ലൂരിലാണ് അഭയം കണ്ടെത്തിയത്. മുസ്‌രിസിന്റെ പ്രാചീനത തെളിയിക്കാൻ ഒരു ചിപിത്തനമെന്ന വാല്മീകി രാമായണത്തിലെ പരാമർശം തന്നെ ഒരു സൂചകമായെടുക്കാം. ആഗസ്റ്റസ് സീസർ കൊടുങ്ങല്ലൂരിൽ ഒരു ക്ഷേത്രം നിർമ്മിക്കുകയും രണ്ട് കമ്പനിപ്പടയാളികളെ കൊണ്ട് അതിന് സംരക്ഷണംനല്കി തനറെ വ്യാപാര താല്പര്യങ്ങളെ പരിരക്ഷിച്ചതായി ചരിത്രം പറയുന്നു. എ.ഡി. 52 ൽ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നതും ചരിത്രമാണ്.
കേരളത്തിൽ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങൾ ബിസി 900 -ൽ ഷേബ രാഞ്ജി സോളമൻ രാജാവിന് സമ്മാനിച്ചത് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. ചേരമാൻ പെരുമാളിന്റെ സ്ഥാന ത്യാഗത്തിനുശേഷമുള്ള കേരള രാഷ്ട്രീയ ചരിത്രത്തിനു കുറേക്കൂടി വ്യക്തത കൈ വരുന്നുണ്ട്. ഹൈദർ അലിയുടെ 1766 ലെ മലബാർ അത്ര മാത്രം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നതിൽ വളരെയധികം സ്വധീനം ചെലുത്തുകയുണ്ടായി. മൈസൂരിന്റെ 1792 ലെ പതനം ഇന്ത്യയെ കോളനി ഭരണത്തിന്റെ ഹസ്തങ്ങളിലെത്തിക്കുകയും കേരളത്തെ സാമൂഹികവും സാമ്പത്തികവുമായ ഇരുണ്ട യുഗത്തിലാക്കുകയും ഒരു നൂറ്റാണ്ടിനു ശേഷം സ്വാമി വിവേകാനന്ദനെക്കൊണ്ട് കേരളം ഭ്രാന്താലയമാണ് എന്ന പ്രസിദ്ധ നിരീക്ഷണത്തിലെത്തിക്കുകയും ചെയ്ത ദുരന്ത മുഹൂർത്തമായി മാറി. കൊടുങ്ങല്ലൂരിന് കേരള മുസ്‌ലിം ചരിത്രത്തിൽ അഭൂതപൂർവ്വമായ സ്ഥാനമാണ് ഉള്ളത്.
മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന് ജന്മം നൽകി
ഇന്ത്യ ഉപ ഭൂഖണ്ഡത്തിലേക്ക് ഇസ്‌ലാമിന്റെ ആഗമനം കൊടുങ്ങല്ലൂരിലൂടെ ആയത് ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്. സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ 19 -ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20 -ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊടുങ്ങല്ലൂരിലെ മുസ്‌ലിം നേതൃത്വങ്ങളായിരുന്നു ഏറെ മുന്നിൽ. അവരുടെ ഉൾക്കാഴ്ചയും ദീർഘ വീക്ഷണവും സത്യ സന്ധതയും അതുല്യവും മാതൃകായോഗ്യവുമായിരുന്നു.

1921 -ലെ മലബാർ സമരത്തെ തുടർന്ന് ഉത്പതിഷ്ണുക്കളായ മതപണ്ഡിതന്മാർ ബ്രിട്ടീഷുകാരുടെ പീഢനങ്ങൾ മൂലം പാലായനം ചെയ്തപ്പോൾ അവർക്ക് അഭയം നൽകിയത് കൊടുങ്ങല്ലൂരായിരുന്നു. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന് 20 -ആം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ ജന്മം നൽകാൻ കൊടുങ്ങല്ലൂരിലെ മുസ്‌ലിം നേതൃത്വത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി ഭാരതം സ്വതന്ത്രമാകുമ്പോൾ തന്നെ കൊടുങ്ങല്ലൂരിലെ മുസ്‌ലിം ജന വിഭാഗത്തിന്റെ സാക്ഷരതയും രാജ്യത്തിന്റെ സാക്ഷരതയും ഒപ്പമുണ്ടായിരുന്നു.
പെരുമാളിന്റെ കത്തിലെ നിർദേശം
വാങ് മൂല പാരമ്പര്യ ചരിത്രം പറയുന്നത് ചേരമാൻ പെരുമാൾ തന്റെ ആസന്നമായ ഭരണം ബോധ്യപ്പെട്ടതിനെ തുടർന്ന് താൻ മക്കയിലേക്കു പോകുന്നതിനു മുൻപ് ഭരണ ഭാരമേല്പിച്ചവർക്ക് ചില കത്തുകളെഴുതുകയുമുണ്ടായി എന്നാണ്. ഈ കത്തുകൾ അദ്ദേഹം തന്റെ സുഹൃത്തുക്കൾക്ക് നൽകി. മാലിക് ബിൻ ദിനാർ കേരളത്തിലേക്ക് വന്നപ്പോൾ ഈ കത്തുകൾ കൊണ്ട് വരികയും പെരുമാളിന്റെ ബന്ധുക്കൾക്ക് ഈ കത്തുമായി വരുന്നവരെ സ്വീകരിക്കുവാനും അവരെ നല്ല രീതിയിൽ ഉപചരിക്കുവാനും ആവശ്യപ്പെടുന്നുണ്ട്.

പെരുമാളിന്റെ കത്തിനെ ആദരവോടെ ഉൾക്കൊണ്ട് അവർ കത്തിലെ നിർദേശപ്രകാരം മാലിക്ബിൻ ദിനാറിനും കൂട്ടാളികളായ അറബികൾക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളി പണിയാൻ അനുവാദം കൊടുത്തു. കൊടുങ്ങല്ലൂരിൽ നിർമ്മിച്ച പള്ളി ഇതിൽ ആദ്യത്തേതാണ്. കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അഭിപ്രായം ഒരു പഴയ ബുദ്ധവിഹാരം പള്ളി പണിയാനായി വിട്ടു കൊടുത്തു എന്നാണ്.
ഇതര മതസ്ഥർ ഗണ്യമായി കടന്നു വരുന്നത് അഭിമാനാർഹം
ഈ പള്ളി പതിനൊന്നാം നൂറ്റാണ്ടിൽ ആദ്യമായി പുനരുദ്ധീകരിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്തതായി വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം മുന്നൂറ് വർഷങ്ങൾക്ക് മുമ്പാണ് പുനർ നിർമ്മാണം നടന്നത്. വർദ്ധിച്ചു വന്ന വിശ്വാസികളുടെ ബാഹുല്യത്താൽ ഒരു വുപുലീകരണം പള്ളിയുടെ മുൻ ഭാഗം ഉടച്ച് വാർത്ത് 1974 -ൽ നടന്നു. എന്നാൽ പള്ളിയുടെ പരമാവധി പവിത്ര സ്ഥാനം ഈ പുനരുദ്ധാരണത്തിനിടയിലും സ്പർശിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാതെ സൃഷ്ടിച്ചു വരുന്നു. മറ്റൊരു വുപുലീകരണം 1994 ലും പഴയ പള്ളിയുടെ മാതൃകയിൽ 2001 ലും നടത്തുകയും ചെയ്തു.

ഈ പള്ളിയിലേക്ക് മറ്റു മതസ്ഥർ ഗണ്യമായി കടന്നു വരുന്നത് അഭിമാനാർഹമായ കാര്യമായി മഹല്ല് കാണുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് പള്ളിയുടെ മതേതര സ്ഥാനത്തെ പ്രിയതരമായി സംരക്ഷിക്കുന്നു. റമദാൻ നാളുകളിൽ ഇതര മതസ്ഥർ ഇഫ്താർ പാർട്ടികൾ ഒരുക്കുന്നതിന് ഈ ദേവാലയം സാക്ഷ്യം വഹിക്കുന്നുണ്ട്. വിജയദശമി നാളുകളിൽ ഈ പള്ളിയിൽ വച്ച് വിദ്യാരംഭം കുറിക്കാൻ മുസ്ലീമേതര സമുദായക്കാർ തയാറാവുന്നത് ചേരമാൻ പള്ളിയിലെ അസാധാരണവും അതുല്യമായ മതമൈത്രിയുടെ പ്രതീകമാകുന്നു.

ഈ മഹല്ലിൽ 6983 അംഗങ്ങൾ അടങ്ങിയ 1574 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പള്ളിയിലെ നിയമാവലി അനുസരിച്ച് പ്രായപൂർത്തിയായ അംഗങ്ങൾ മാത്രമടങ്ങിയ രണ്ടു വർഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെട്ട മഹല്ല് കമ്മിറ്റിയിലാണ് പള്ളിക്കാര്യങ്ങളുടെ പരിപൂർണ്ണ നിയന്ത്രണം. പള്ളിയുടെ അധികാര പരിധിയിൽ താമസിക്കുന്ന മൊത്തം ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ മഹല്ല് കമ്മിറ്റി ആവിഷ്ക്കരിച്ചിട്ടുണ്ട്.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചേരമാൻ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment