പ്രാർത്ഥനാ മന്ത്രങ്ങളുടെ പുണ്യപൊൻപ്രഭാപൂരം പരത്തുന്ന രാമായണമാസം
വാൽക്കണ്ണാടി
കാലച്ചക്രത്തിരിച്ചിലിലെ കനിനീരൊഴുക്കിൽ ചരിത്രവും ചൈതന്യവും ചാരുതയേകി കർക്കിടകം വന്നെത്തി. ആചാരാനുഷ്ടാനങ്ങൾ അലിഞ്ഞ് ചേർന്നും ആത്മീയ വിശുദ്ധി വഴിഞ്ഞൊഴുകിയും പരിപാവനവും പവിത്രവുമായ പ്രാർത്ഥനാ മന്ത്രങ്ങളുടെ പുണ്യപൊൻപ്രഭാപൂരം പരത്തുന്ന രാമായണമാസം പിറന്നു. ഇനി സർവ്വൈശ്വര്യങ്ങളുടെ സമ്മോഹനവും സംഗമസ്ഥാനങ്ങളുമായ ക്ഷേത്ര സന്നിധികളും വീടുകളും ഭക്തി നിർഭരമായ അലൗകിക അന്തരീക്ഷത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
ഭാരതത്തിന്റെ സംസ്‌കാര സഞ്ചയിക
ആർഷ സംസ്‌കാരത്തിന്റെ പ്രതിധ്വനി രാമായണത്തിൽ മുഖ്യ ധാരയായി ആദ്യന്തം മധുരോദാരമായി ഉയർന്നു കേൾക്കുന്നു. ജീവാത്മാവും പരമാത്മാവുമായുള്ള ദൃഢബന്ധം വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. അത് മനുഷ്യനും പ്രകൃതിയുമായുള്ള സമന്വയത്തിന്റെ സംഗീതമാണ്. മാനുഷിക ബന്ധങ്ങളുടെ മികച്ച മാതൃകയാണ്. രാജനീതിയുടെയും കർമ്മ നിഷ്ഠയുടെയും വിജയ വൈജയന്തിയാണ്. ദൈവിക ചിന്തയും വേദാന്ത തത്വ ശാസ്ത്രങ്ങളും നിത്യ ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. ജീവിത മൂല്യങ്ങളുടെ അതിവിശിഷ്ടമായ സൗകുമാര്യവും സൗഷ്ടവവും രാമായണത്തിൽ ഇഴുകിച്ചേർന്നിട്ടുണ്ട്.
വാല്മീകിയുടെ രാമായണം ഭാരതത്തിന്റെ സംസ്‌കാര സഞ്ചയികയാണ്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ ഇഷ്വാകു വംശാധിപതിയായ ദശരഥപുത്രനായി പിറന്നു. അയോധ്യയിൽ ഉത്തമഭരണ അധികാരിയായി വാണു. കർത്തവ്യ സമർപ്പണവും കർമ്മനിഷ്ഠയും പ്രജാക്ഷേമവും ജീവിതവ്രതമാക്കി. ഈ കഥാതന്തു ബ്രഹ്മചരിതത്തിൽ നിന്നും വാല്മീകി ഉൾക്കൊണ്ടതാണ്. ഏഴു കാണ്ഡങ്ങളിലായി അഞ്ഞൂറ് സർഗങ്ങളിലൂടെ ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് വാല്മീകിയുടെ ആദി കാവ്യം. കാവ്യത്തിന്റെ കടിഞ്ഞൂൽ കണ്മണി ത്രേതാ യുഗത്തിലെ ജീവിത സാഹചര്യങ്ങളിൽ അത് പടർന്ന് പന്തലിച്ചു വിഭിന്ന ഭാഷകളിലായി ആയിരത്തില്പരം രാമായണ കൃതികൾ ഉണ്ടായിട്ടുണ്ട്. ഭാസന്റെ പ്രതിമാനാടകവും ഭവഭൂതിയുടെ ഉത്തര രാമ ചരിതവും കാളിദാസന്റെ രഘുവംശവും മറ്റും രാമായണം കഥയുടെ വിശിഷ്ട വിളവെടുപ്പുകളുമാണ് . കാലഘട്ട വീക്ഷണ വ്യതിയാനങ്ങൾ വിളംബരം ചെയ്ത് വീണ്ടും വീണ്ടും രാമകൃതികൾ വിരിയുന്നു. ആ പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കും.
രാമായണ കർത്താവായ വാല്മീകി
ആർഷഭാരതത്തിലെ ദിവ്യ ജ്യോതിസ്സായ വാല്മീകി ആദി കവിയും അദ്ദേഹം രചിച്ച രാമായണം ആദ്യ കാവ്യവുമാണ്. രാമായണത്തിന്റെ വ്യതിരിക്തത തന്നെയാണ് . ഋഷി കവിയുടെ പ്രതിഭാ വിലാസവും ഇതിവൃത്തത്തിന്റെ മഹിമയും കാവ്യതേജസ്സിന് അതുല്യ പദവി പ്രദാനം ചെയ്യുന്നു. രമണന്റെ യാത്രാ ചരിത്രത്തിലൂടെ ഇരുട്ട് അകലുന്നു.സംസ്‌കാരം വിളയുന്നു. വിജ്ഞാനത്തിന്റെ വിസ്മയ നക്ഷത്രത്തെ പ്രശോഭിക്കുന്നു. രാജധർമ്മത്തിന്റെ വിമലത പൂത്തുലയുന്നു. രാമായണ കർത്താവായ വാല്മീകിക്ക് പല പേരുകൾ പറയുന്നുണ്ട്. അഗ്നിശർമ്മൻ, ലോഹ ജംഘൻ, വൈശാഖൻ, രത്‌നാകരൻ എന്നിവ അതിൽ ചിലതാണ്.
ശ്രീരാമന്റെ രമിപ്പിക്കുന്ന കഥ രചിക്കാൻ രത്നം കയ്യിലുള്ളവനേ കഴിയൂ. ജീവിത ധർമ്മം കൊണ്ട് അദ്ദേഹത്തിന് തൻ്റെ പേര് അന്വർത്ഥമാക്കാൻ കഴിഞ്ഞു. അർത്ഥഗർഭമായ മൂല്യങ്ങൾ മൂല്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന അദ്ദേഹത്തിൻ്റെ ജീവ ചരിത്ര പരാമർശങ്ങൾ സ്കന്ദ പുരാണത്തിലും മറ്റും ഉണ്ട്. അദ്ദേഹം ജന്മനാ ബ്രാഹ്‌മണനായിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കൾ ഉപേക്ഷിക്കുകയോ അവരെ നഷ്ടപ്പെടുകയോ ചെയ്തു. ഒരു കള്ളൻ വളർത്തിയതായി പറയപ്പെടുന്നു.
വൃക്ഷലി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. കളവും പിടിച്ചുപറിയും ജീവിതമാർഗമാക്കി. യാത്രക്കാസുടെ സ്വത്തു തട്ടിയെടുത്ത് ജീവിച്ചു. മെയ്യനങ്ങാതെ സൗഖ്യം. കാണാൻ പ്രദേശം വിഹാരവേദിയായി. ഋഷി വര്യനായായ വാല്മീകിക്ക് രാമായണ രചനക്ക് വഴി തെളിയിച്ച ഒരു ദീപ്ത ചരിത്രമുണ്ട്. ഒരിക്കൽ വാല്മീകി തമസാ നദിയിൽ ഇരുന്നിരുന്ന പക്ഷികളെ ലാക്കാക്കി അമ്പെയ്തു. ഉടൻ ഒരു പക്ഷി പിടഞ്ഞു വീണു. ഇണപ്പക്ഷിയുടെ വേദന കണ്ട് മഹർഷിയുടെ ഉള്ളുരുകി. വേദന രോക്ഷമായി. രോഷം ശാപമായി. ശാപം ശ്ലോകമായി ഇങ്ങനെ രൂപപ്പെട്ടു.
"മാനിഷാദ പ്രതിഷ്‌ഠാനം ത
യത്ക്രൗഞ്ചമിഥുനാദേകമധ: കാമമോഹിതം"
ശോകസാഗരമായ ഈ ശ്ലോകമാണ് കവിതയുടെ ആദ്യ രൂപം. ഉദരപൂരണത്തിന് ഇണപ്പക്ഷിയെ കൊന്ന കാട്ടാളൻ നശിക്കട്ടെ എന്നാണ് അതിന്റെ സാരം. മദമത്തനായ രാവണന് നാശമുണ്ടാകട്ടെ എന്നൊരർത്ഥവുമുണ്ട്. ഈ ശ്ലോകത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് ഒരു കാവ്യം രചിക്കാൻ നാരദൻ വാല്മീകിയോട് പറഞ്ഞു. പ്രപഞ്ച വിദാതാവായ ബ്രഹ്‌മാവ് പണ്ടേ രചിച്ച രാമകഥ ഉത്തമമാണെന്ന് വാല്മീകി തിരിച്ചറിഞ്ഞു.
വിശ്വനായകനായ വിഷ്ണു ധർമ്മ സംരക്ഷണാർത്ഥം കൈക്കൊണ്ട ദശാവതാരങ്ങളിൽ ഉൽകൃഷ്ടമായത് ശ്രീരാമാവതാരമാണല്ലോ. യാഗാന്ഗ്നി തേജസിൽ പിറന്നു സരയൂ തീർത്ഥത്തിൽ ലയിച്ച ദിവ്യവും ഉദാത്തവുമായ ജൈത്രയാത്ര. മര്യാദാപുരുഷോത്തമൻ എന്ന് പുകൾപെറ്റ പുണ്യചരിതന്റെ വിജയകഥ. വേഗങ്ങളുടെയും പുരാണങ്ങളുടേയും ജീവിതഗന്ധിയായ ചിത്രങ്ങൾ വാല്മീകിയുടെ മനസ്സിൽ മിന്നിമറഞ്ഞു. സ്വാനുഭവത്തിന്റെ ഊഷ്മളതയിൽ അതിന് ചന്തമേറി.
മഹത്തായ ചരിത്രവും ബൃഹത്തായ ചിത്രീകരണവും രാമായണത്തെ വിശിഷ്ടമാക്കി. വാല്മീകി രചിച്ച രാമായണം ആശ്രമത്തിൽ കഴിഞ്ഞിരുന്ന ലവകുശന്മാർ പാടി നടന്നു. ശ്രീരാമനും അത് കേൾക്കാൻ ഇടയായി. ആചാര്യനാൽ വിരചിതമായ തന്റെ കഥ സ്വപുത്രന്മാർ പാടികേൾക്കുന്ന ശ്രീരാമഹൃദയം പുളകിതമായി. അങ്ങനെ ആദികവിയുടെ ആദ്യ കാവ്യമായ രാമായണം എക്കാലത്തെയും വഴികാട്ടിയായി. ഏവർക്കും മാതൃകയായി. ജീവസ്പന്ദനത്തിന്റെ രൂപഭാവസാന്ദ്രത നിറഞ്ഞ ഇതിഹാസമായി.
ആദികാവ്യവും മഹാകാവ്യവും
രാമായണം ആദ്യത്തെ ഇതിഹാസമാണെന്നതോടൊപ്പം ആദികാവ്യവും മഹാകാവ്യവും കൂടിയാണ്. വാല്മീകിയുടെ ആദ്യവാക്കുകൾ തന്നെ കാവ്യത്തിന്റെ സവിശേഷതകൾ ഒത്തുചേരുന്നതാണ്. വേദങ്ങളിലെ താളത്തുടിപ്പും പുരാണങ്ങളിലെ കഥയുടെ കെട്ടുറപ്പും ഉപനിഷത്തുകളിലെ ശബ്ദാർത്ഥ മികവും ഇതിഹാസത്തിന്റെ ലക്ഷണ സംഹിതകളും മഹാകാവ്യത്തിന്റെ അത്യുദാത്തമഹിമകളും ഒത്തുചേരുന്നതാണ് രാമായണം. ബ്രാഹ്മണനായി പിറന്ന് സംസർഗ ദോഷംകൊണ്ട് പപങ്കിലമായ ജീവിതം നയിക്കേണ്ടി വന്ന ആളാണ് രത്നാകരൻ. പക്ഷെ ജീവിതചര്യയിൽ ഋഷിയായി. വാല്മീകി രചനാസിദ്ധി കൊണ്ട് പ്രഥമ കവിയും ഋഷി കവിയുമായി ഇപ്പോഴും വിളങ്ങിക്കൊണ്ടിരിക്കുന്നു.
ലോകസംരക്ഷകനായ വിഷ്ണുവിന്റെ ദശാവതാര കഥകളിൽ സപ്‌തമനും രാമന്മാരിൽ മാധ്യമനുമായ ശ്രീരാമൻ സൂര്യവംശജനാണ്. ദേവസ്വരൂപനായി പിറന്നു വിശ്രുതമായ അർക്കവംശത്തിലെ അരചന്മാരിൽ പ്രധാനിയായി ശോഭിച്ചു. പ്രപഞ്ച ജീവിത ഗതിവിഗതികളെ മുഖാമുഖം കാണുമ്പോഴെല്ലാം പരിണതപ്രജ്ഞനായി മുന്നോട്ടു പോയി. പ്രതിയോഗികൾ പോലും വണങ്ങി സ്തുതിക്കുന്ന വ്യക്തിപ്രഭാവം, കർത്തവ്യ നിഷ്ഠയിൽ അതീവ ജാഗരൂകൻ, പ്രജാഹിതം കണ്ടറിഞ്ഞ ഭരണാധികാരി ഈ വിധത്തിലെല്ലാം ബഹുമുഖ പൈതൃകത്തിന്റെയും പ്രതാപത്തിന്റെയും പ്രവർത്തന സരണികളുടെയും ഉടമയായ രാമന്റെ യാത്ര കാവ്യ തേജസിന്റെ വിശിഷ്ട വേദി തന്നെയാണ്. വിശിഷ്ട വിഭവ സമ്പത്ത് വിളഞ്ഞ ജീവിത സത്യങ്ങൾ രാമാ കഥാ പ്രഭാവത്തിന്റെ ആധാര ശിലകളാണ്.
എഴുത്തച്ഛനെ യുഗപരിവർത്തകനാക്കിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
മലയാളത്തിൽ എഴുത്തച്ഛനു മുമ്പ് രാമകഥാപാട്ട്, രാമചരിതം, കണ്ണശ്ശരാമായണം എന്നീ കൃതികളുണ്ടായിട്ടുണ്ട്. പൂനം നമ്പൂതിരിയുടെ രാമായണചമ്പുവും ശ്രദ്ധേയമാണ്. ചമ്പു, ആട്ടക്കഥ, തുള്ളൽ എന്നീ പ്രസ്ഥാനങ്ങളിൽ രാമകഥാ സംബന്ധികളായ ഒട്ടേറെ കൃതികളുണ്ടായിട്ടുണ്ട്. രാമായണ കഥാസ്പർശമില്ലാത്ത കവികളും കൃതികളും വിരളമാണ്.
എഴുത്തച്ഛൻ വാല്മീകിയുടെ കഥാതന്തുവിനെ അദ്ധ്യാത്മരാമായണത്തിന്റെ പശ്ചാത്തലത്തിൽ പോഷിപ്പിച്ചു. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും മേന്മകൾ കൂട്ടിയിണക്കി. കിളിപ്പാട്ടു പ്രസ്ഥാനത്തിന് കെട്ടുറപ്പ് നൽകി. സംസ്‌കൃത വൃത്തങ്ങളുടെ സത്തും ദ്രാവിഡ ഈരടികളുടെ ചാരുതയും ഏകോപിപ്പിച്ചു. കാകളിക്കും അതിന്റെ വകഭേദങ്ങളായ മണികാഞ്ചി, കളകാഞ്ചി എന്നിവയ്ക്കും മികവേകി. കേകയുടെയും അന്നനടയുടെയും അഴക് വിളയിച്ചു. രൂപപരവും ഭാവപരവുമായ ഈ പരിവർത്തനങ്ങൾ മലയാളകവിതയുടെ വികാസപരിണാമങ്ങൾക്ക് മാർഗ്ഗദർശകമായി.
ഈ മാറ്റങ്ങൾ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് സർവ്വജനകീയത കൈവരുത്തി. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കു വേണ്ടി സോദ്ദേശ്യപരമായി സാഹിത്യരചന നടത്തിയ നമ്മുടെ ആദ്യകവിയാണ് എഴുത്തച്ഛൻ. എഴുത്തച്ഛനെ യുഗപരിവർത്തകനായി വളർത്തിയത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്.
പത്തു ദിക്കിലേക്ക് രഥം നയിക്കാൻ പ്രാപ്‌തൻ; ദശരഥൻ
പ്രാചീന ഭാരത്തിലെ പ്രസിദ്ധ രാജവംശങ്ങളാണ് സൂര്യവംശവും ചന്ദ്രവംശവും സൂര്യനിൽ നിന്നും ഉണ്ടായ സൂര്യവംശ സ്ഥാപകൻ ഇഷ്വാകുവാണ്. അതിനാൽ ഇഷ്വാകുവംശമെന്നും അറിയപ്പെടുന്നു. അംശുമാൻ, ദീലീപൻ, രഘു, ദശരഥൻ, ശ്രീരാമൻ എന്നിവർ ഈ വംശത്തിലെ ശ്രേഷ്ഠന്മാരാണ്. ദീലീപൻ കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ച് അന്യഗൃഹീതനായി. അദ്ദേഹത്തിന്റെ പുത്രനായ രഘു വിശ്വജിത്ത് യാഗം നടത്തി വിശ്രുകനായി. അതിനാൽ പിന്നീട് രഘുവംശം എന്ന പേരിൽ പ്രസിദ്ധമായി.
രഘുവംശത്തിലെ അജന് ഇന്ദുമതിയിൽ ജനിച്ച പുത്രനാണ് ദശരഥൻ. പത്തു ദിക്കിലേക്ക് രഥം നയിക്കാൻ പ്രാപ്‌തനായതുകൊണ്ട് നേമി എന്ന പേരിനേക്കാൾ ദശരഥൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ മൂത്ത പുത്രനാണ് ശ്രീരാമൻ. ഉത്തമ പുരുഷൻ എന്ന് വിശേഷിക്കപ്പെടുന്ന ശ്രീരാമന്റെ കഥയാണ് രാമായണത്തിലെ ഇതിവൃത്തം.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ദൈവസിദ്ധികളും മനുഷ്യ മഹത്വങ്ങളും പരസ്‌പര പൂരകങ്ങളായി കാണുന്നത് ശ്രീരാമനിലാണ്. അതിനാലാകാം രാമായണകഥയിലെ ഓരോ സന്ദർഭത്തിലും നിരവധി കഥകളുള്ളത്. ഓരോ കഥാ പത്രത്തിലും കഥകൾ വിരിഞ്ഞ് പൂവണിയുന്നത്. മൂലകഥയിൽ ഇല്ലാത്ത കഥകളിലും കാവ്യകാന്തി ഓളം വെട്ടുന്നു.
കഥകളുടെ കരകാണാ കടലായി രാമായണത്തിലെ കഥകൾ
ബാലകാണ്ഡത്തിലെ പരമശിവന്റെ കഥാകഥനം തന്നെ ഒരു നീരുറവയാണ് രാക്ഷസ ശല്യം കൊണ്ട് ഭൂമിദേവി പൊറുതിമുട്ടി. നിവാരണത്തിനായി ബ്രഹ്‌മാവിനെ സമീപിച്ചു. വിഷ്ണുവിന് മാത്രമേ രക്ഷിക്കനാവൂ എന്നായിരുന്നു ബ്രഹ്മാവിന്റെ മറുപടി. എല്ലാവരും ഒത്തുചേർന്ന് വിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു സ്ഥിതിഗതികളുടെ ഗൗരവം ഉൾക്കൊണ്ടു. പ്രതിവിധിയും തെളിഞ്ഞു വന്നു. കശ്യപന് വിഷ്ണു പുത്രനായി കാണുവാനുള്ള ആഗ്രഹം നിറവേറ്റി. അവരുടെ സങ്കടം ശമിപ്പിക്കാമെന്ന് മഹാവിഷ്ണു സമ്മതിച്ചു. അങ്ങനെ കശ്യപൻ ദശരഥനായും അദിതി കൗസല്യയായും ജനിക്കുന്നു.അവരുടെ പുത്രനായും മഹാവിഷ്ണു ശ്രീരാമനായി പിറക്കുന്നു. ശ്രീരാമന്റെ ജനനത്തെപ്പറ്റിയുള്ള ഈ സൂചനകൾ കഥകളുടെ വിളഭൂമിയാണ്.
കഥകളുടെ കരകാണാ കടലായി രാമായണത്തിലെ കഥകൾക്ക് കണക്കില്ല. ഓരോ സംഭവവും ഓരോ കഥയായി രൂപപ്പെടുന്നു. ഓരോ കഥയിലും കഥാപാത്രങ്ങൾ വിളയുന്നു. കഥാപാത്രങ്ങളിലൂടെ കഥകൾ പരിണമിക്കുന്നു. വിളവെടുപ്പിലെ വിഭവങ്ങൾ അതീവ വിശിഷ്ടങ്ങൾ തന്നെ. വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ ദശരഥ പുത്രനായി പിറന്നു. അനുജന്മാരോടൊപ്പം രാജഗുരു വസിഷ്ഠന്റെ കീഴിൽ വിദ്യ അഭ്യസിച്ചു. വിശ്വാമിത്ര യാഗ രക്ഷാവേളയിൽ ദിവ്യമന്ത്രങ്ങളും വിശിഷ്ടായുധവിദ്യകളും ലഭിച്ചു. തുടർന്ന് സീതാസ്വയം വരം വന്നുചേർന്നു. പിതാവിന്റെ വാക്ക് പാലിക്കുവാൻ വനവാസത്തിനുപോയി. അപ്പോൾ രാവണൻ സീതയെ അപഹരിച്ചു. ഹനുമാൻ വഴി സഖ്യം ഉണ്ടായി.
തുടർന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുത്തു. വനവാസ കാലാവധി പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തി രാജാവായി വാണു. രാമരാജ്യം സഫലമായി. കൈവഴികളും തോടുകളും അരുവികളും നദികളും ഒത്തുചേർന്ന കരകാണാകടലാണ് രാമായണ കഥ.
രാമായണത്തിലെ അഞ്ചു വർഗ്ഗചിത്രങ്ങൾ
ഇതിഹാസകാവ്യമായ രാമായണത്തിലെ കഥാപാത്രങ്ങളെ അഞ്ച് വിഭങ്ങളായി തരം തിരിക്കാം. അതിൽ അഞ്ചു വർഗ്ഗചിത്രങ്ങൾ തെളിയുന്നു. അവരുടെ ജീവിതഗതിവിഗതികളിൽ സർവ്വ ചരാചരങ്ങളും പങ്കാളികളാകുന്നു. ജീവിത തമസ്യകളുടെ സംഘട്ടനങ്ങളും സങ്കീർണതകളും പ്രപഞ്ച താള ലയങ്ങളെ സ്വാധീനിക്കുന്നു. സംസ്‌കാര ചരിതങ്ങൾ രൂപം കൊള്ളുന്നു. ചിന്താസരണികൾ ഉടലെടുക്കുന്നു.
ദേവസ്വരൂപങ്ങളായ കഥാപാത്രങ്ങൾ, മാനുഷിക കഥാപാത്രങ്ങൾ, അസുര കഥാപാത്രങ്ങൾ, വാനരകഥാപാത്രങ്ങൾ, പക്ഷി മൃഗാദികൾ എന്നിങ്ങനെ കഥാപാത്രങ്ങൾ അഞ്ചു വിധത്തിൽപ്പെടുന്നു. ഇവർ പ്രത്യേക വിഭാഗങ്ങളായും സമ്മിശ്രമായും സംഘടിക്കുന്നു. പ്രതികരിക്കുന്നു.
വിശ്വവിധാതാവും ത്രിമൂർത്തികളും ദേവഗണങ്ങളും ദേവസ്വരൂപന്മാരായ ഋഷികളും ഉന്നത ശ്രേണിയിപ്പെട്ടവരെ പ്രതിനിധീകരിക്കുന്നു. ഈ കഥാപാത്രങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കഥയിൽ ആദ്യന്തം ഇടപെടുന്നുണ്ട് കഥാഗതികൾ നിയന്ത്രിക്കുന്നുണ്ട്. ഗതിതിരിച്ചു വിടുന്നുണ്ട്. ഉദാത്തമായ നിരീക്ഷണ നിഗമനങ്ങൾ നിരത്തുന്നുണ്ട്. അന്തർവാഹിനിയായി കഥാപരിണാമത്തെ സ്വാധീനിക്കുന്നുമുണ്ട്.
കർക്കിടകം രാമായണമാസം
ലോകത്തിൽ പർവ്വതങ്ങളും നദികളും എക്കാലവും വരെ നില നിൽക്കുമോ അക്കാലം വരെ രാമായണ കഥയും പ്രപഞ്ചമാകെ പ്രചരിച്ചു കൊണ്ടേയിരിക്കും. ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ പല വിധ ഗ്രഹ ദോഷങ്ങൾക്കും പരിഹാരമാണ് രാമായണ പാരായണമെന്ന് സങ്കൽപ്പിക്കുന്നു. കർക്കിടക മാസത്തിൽ ദിനം തോറും ഖണ്ഡശ വായിച്ച് പാരായണവും വ്രതാനുഷ്ടാനവും അവസാനിപ്പിക്കുന്നത് കോടി പുണ്യമായി പ്രദാനം ചെയ്യുന്നു.
വേദങ്ങളിലും ദേവാംഗങ്ങളിലും കർക്കിടക മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കർക്കിടകം രാശിയുടെ ആദ്യ ബിന്ദുവിലൂടെ സൂര്യൻ കടന്നു പോകാൻ എടുക്കുന്ന സമയമാണ് കർക്കിടക സംക്രാന്തി ഉത്തരായന ഋതുവിൽ നിന്നും ദക്ഷിണായനത്തിലേക്ക് സൂര്യൻ സഞ്ചരിക്കുന്ന ഈ കാലത്ത് ശാരീരികമായ പ്രത്യേകതകൾ , അസ്വസ്ഥതകൾ എന്നിവ മനുഷ്യരിൽ ഉണ്ടാകുമെന്ന് ആയുർവേദം പറയുന്നു. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങിനെ ജീവിക്കണം എന്നതിന്റെ തയാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കിടകം.
മനസ്സും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ ഭിക്ഷ സ്വീകരിക്കുവാൻ തയാറെടുക്കേണ്ട മാസമാണിത്. ആദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തേയും സ്രോതസ്സാണ് രാമായണം. രാമായണത്തേക്കാൾ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌കാരത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദൻ രാമായണത്തെക്കുറിച്ച് ഉദ്ഘോഷിച്ചിട്ടുള്ളത്.
കർക്കിടകം രാമായണമാസം എന്നാണല്ലോ അറിയപ്പെടുന്നത്. സീതാദേവിയുടെ മക്കളായ ലവകുശന്മാരെക്കൊണ്ട് വാല്മീകി മഹർഷി രാമായണം ആദ്യമായി പഠിച്ചത് ഒരു കർക്കിടക മാസത്തിലായിരുന്നു. കർക്കിടകമാസം പൊതുവേ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന മാസമാണ്. ഇതിൽ നിന്നും മോചനം ലഭിക്കാനായി ആചാര്യന്മാർ ഉപദേശിച്ച മാർഗമാണ് രാമായണപാരായണം. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിറുത്തുന്നതാണ് ഉത്തമം.
ഭാഷയുടെ പൈതൃക സമ്പത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ പഴഞ്ചൊല്ലുകളും ശൈലികളും രാമകഥയിൽ നിന്നും നമുക്ക് കൈമുതലായി കിട്ടിയിട്ടുണ്ട്. ലക്ഷ്മണരേഖ, മാർക്കടമുഷ്ടി, ബാലികേറാമല, അഴകിയ രാവണൻ, അണ്ണാറക്കണ്ണനും തന്നാലായത്, ശൂർപ്പണഖ, സുഗ്രീവാജ്ഞ, രാമരാജ്യം, രാമലക്ഷ്മണന്മാർ, എന്നിങ്ങനെ ഒട്ടേറെ അർത്ഥ സമ്പുഷ്ടമായ പടങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ നിരന്തരമായി ഉപയോഗിച്ചുവരുന്നു.
കള്ളക്കർക്കിടവും പൊന്നിൻ ചിങ്ങവും മലയാളികളുടെ സ്വകാര്യതയാണ്
സാമൂഹിക സാംസ്‌കാരിക സാഹിത്യമണ്ഡലങ്ങളിലെ മാറ്റങ്ങളിലൂടെ ഭാഷയുടെ വളർച്ചക്ക് വേദിയൊരുക്കിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാള ഭാഷയുടെ അക്ഷയ പാത്രമാണ്. മലയാളികളുടെ മൃതസഞ്ജീവനിയാണ്. ആ ദിവ്യ നിധി സ്വരൂപിച്ചെടുത്ത എഴുത്തച്ഛൻ യുഗപ്രഭാവനായ മഹാകവിയാണ്.
രാമായണപാരായണം കേരളീയ ഗൃഹങ്ങളിൽ മുൻ കാലങ്ങളിൽ നിത്യേന നടന്നിരുന്നു. ജീവിതത്തിന്റെ തത്രപ്പാടുകളിൽ അത് ഇന്ന് ഒരു ബദ്ധപ്പാടായിത്തീർന്നിരിക്കുന്നു. എന്നാൽ രാമായണ ഗ്രന്ഥമില്ലാത്ത വീടുകൾ അപൂർവ്വമാണ്. കർക്കിടക മാസത്തിലെ രാമായണപാരായണത്തിന്റെ യുക്തിയും ശാസ്ത്രീയതയും പലരും ചോദ്യം ചെയ്യുന്നുണ്ട്.
കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പഴയ തലമുറയ്ക്ക് കർക്കിടകം ഒരു പഞ്ഞമാസമായിരുന്നു. കള്ളക്കർക്കിടവും പൊന്നിൻ ചിങ്ങവും മലയാളികളുടെ സ്വകാര്യതയാണ്. കനത്ത മഴകാരണം കർക്കിടകത്തിൽ ജോലിയും കൂലിയും കുറവാണ്. ഇനങ്ങനെയുള്ള സമയത്ത് പുരാണ ഗ്രന്ഥ പാരായണത്തിലൂടടെ മനസ്സിനെ ആശ്വസിപ്പിച്ച് ദേഹശുധ്ധി വീണ്ടെടുക്കാമെന്ന് പണ്ടുള്ളവർ ധരിച്ചിട്ടുണ്ടാവാം. ഒഴിവു സമയം മനഃശുദ്ധിയുടെ ക്ലേശപരിഹാരത്തിന് ശ്രമിക്കുന്നത് ഉചിതമാണ്.
കർക്കിടകത്തിൽ മഴയുടെ ശക്തി കൊണ്ട് സൂര്യപ്രകാശം കുറയും. സൂര്യവംശജനും സൂര്യ ജ്യോതിസ്സുമായ ശ്രീരാമനെ പ്രീതിപ്പെടുത്തി സായൂജ്യമാർഗം കണ്ടെത്തുന്നതുമാകാം. രാമായണകഥയിലെ ഒരു സംഭവവുമായി ഇതിനു ബന്ധമുണ്ട്. സീതാന്വേഷണവേളയിൽ രാമൻ കിഷ്ക്കിന്ധയിലെ പ്രസ്രവരണഗിരിയിൽ താമസിച്ചിരുന്നപ്പോൾ ചാതുർമാസ്യവ്രതം അനുഷ്ഠിക്കാൻ ആരംഭിച്ചത് കർക്കിടക മാസത്തിലാണ്. അതിനാൽ ശ്രീരാമ മാഹാത്മ്യം കണ്ടെത്താൻ കർക്കിടകം ഏറ്റവും ഉചിതമാണ്.
നാലമ്പലദർശനം
ശ്രീരാമ മഹത്വം ഉൾക്കൊള്ളാൻ ശ്രീരാമ ക്ഷേത്ര ദർശനം വഴിതെളിക്കും. അതിനു സഹായകമായി മധ്യകേരളത്തിൽ നാലമ്പലദർശന പരിപാടി വർഷം തോറും കൂടുതൽ വിപുലമായി സംഘടിപ്പിച്ചിരുന്നു. ശ്രീരാമന്റെയും അനുജന്മാരുടെയും ക്ഷേത്രങ്ങളിൽ കർക്കിടകമാസത്തിൽ ഒരു ദിവസമെങ്കിലും ഒരുമിച്ച് ദർശനം നടത്തുന്നത് സുകൃതമായി കണക്കാക്കിവരുന്നു.
രാമായണത്തെ ഒരു ഹൈന്ദവ ഗ്രന്ഥത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് ഉചിതമല്ല. ചരിത്രം, ഭൂമിശാസ്ത്രം, പൗരധർമ്മം, സന്മാർഗ ചിന്തകൾ, ശാസ്ത്രീയ നിഗമനങ്ങൾ, പ്രകൃതിസന്തുലനം, പ്രകൃതിയും ജീവജാലങ്ങളുമായുള്ള ആത്മീയ ബന്ധം എന്നീ ഉദാത്തമേഖലകളിൽ രാമായണം മാർഗ്ഗദർശകമാണ്. വിശ്വസാഹിത്യത്തിൽ തന്നെ അത്യുന്നത സ്ഥാനമുള്ള രാമായണത്തിന്റെ അന്തർധാര ഉൾക്കൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജി രാമരാജ്യം വിഭാവനം ചെയ്തത്.
ആദികവിയുടെ ഭാവനയിൽ പ്രകാശിച്ചു ഉത്തമ ജീവിതവും എഴുത്തച്ഛൻ വിളയിച്ച സംഭാവനയും നമുക്ക് മാതൃകയാവട്ടെ. രാമരാജ്യം എന്ന അത്യുൽകൃഷ്ടമായ സങ്കൽപ്പ സൗന്ദര്യം സഫലീകരിക്കുവാൻ മലയാളികൾക്ക് കഴിയട്ടെ. കൈരളിക്ക് നവചൈതന്യത്തുടിപ്പുകൾ സിദ്ധിക്കുമാറാകട്ടെ. കേരളവും കൈരളിയും ധന്യമാകട്ടെ ഭക്തമനസുകളിൽ ആനന്ദാനുഭൂതി അനർഗളമാകട്ടെ.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment