കേരള വ്യാസന്‍റെ പിറവിക്ക് 160 വര്‍ഷം തികയുമ്പോള്‍

മലയാള സാഹിത്യ ലോകത്ത് പ്രഥമ ഗണനീയനായി പ്രശോഭിച്ചു നിൽക്കുന്ന പ്രതിഭാസമാണ് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. ആ പുണ്യ ശ്ലോകന്റെ പിറവിക്ക് 160 വര്‍ഷം തികയുന്നു. വ്യാസ മഹാ ഭാരതത്തിന്റെ തർജമ ഒന്ന് കൊണ്ട് തന്നെ നിത്യ സ്‌മരണീയനായി തീർന്ന അദ്ദേഹം നിമിഷകവി എന്ന നിലയിലും ദ്രുതകവി എന്ന നിലയിലും എഴുതിക്കൂട്ടിയതെല്ലാം ഇന്നും പൂർണ്ണമായി ശേഖരിക്കപ്പെട്ടിട്ടില്ല . തന്റെ അപാര സംസ്‌കൃത പാണ്ഡിത്വം മലയാള ഭാഷയുടെ സർവ്വതോന്മുഖമായ പുരോഗതിക്കായി വിനിയോഗിച്ച മാതൃഭാഷ പ്രണയിയാണ് അദ്ദേഹം . ആശയവും ഭാവവും ചോർന്നു പോകാതെ കവിതകൾ വിവര്ത്തനം ചെയ്യുന്നതിൽ തമ്പുരാനോളം കഴിവുറ്റ ഒരു വ്യക്തി ഇന്നേ വരെ കേരളത്തിൽ ഉണ്ടായിട്ടില്ല . അതൊരു വലിയ സിദ്ധി തന്നെയായിരുന്നു . ഇത്രയധികം പച്ച മലയാളങ്ങൾ പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവിയും ജന്മമെടുത്തിട്ടില്ല. പത്രാധിപർ, സാഹിത്യപോഷകൻ , സർവ്വോപരി ഹൃദയ വിശുദ്ധി , സമഭാവന ,ഗുരുഭക്തി , കൃത്യനിഷ്‌ഠ ,മുതലായ സൗശീലങ്ങളുടെ വിളനിലമായിരുന്ന ശുദ്ധാത്മാവ് എന്നിങ്ങനെ വിവിധ വ്യക്തി വൈശിഷ്ട്യങ്ങളുടെ ബഹു സമ്മതനായിത്തീർന്ന കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജീവിതസാരവവും സാഹിതീയ കർമ്മങ്ങളും എന്നെന്നും മഹിത മുദ്രിതങ്ങളാണ്.
കേരള വ്യാസന്‍റെ പ്രസിദ്ധി
കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്ത് വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞപ്പിള്ള തമ്പുരാട്ടിയുടെയും മകനായി കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1864 സെപ്റ്റംബർ 18 നാണ് ജനിച്ചത് . ഈ ശിശുവാണ് പിൽക്കാലത്ത് കേരള വ്യാസൻ എന്ന് പ്രശസ്തി നേടിയ നമ്മുടെ കഥാപുരുഷൻ . രാമാ വർമ്മ എന്നായിരുന്നു കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശരിയായ പേര് . കുലാചാരമനുസരിച്ച് രാമവർമ്മയെ മൂന്നാം വയസ്സിൽ എഴുത്തിനിരുത്തി . അമ്മാവനും ഗുരുവുമായ കുഞ്ഞിരാമവർമ്മാവിൽ നിന്ന് വ്യാകരണ ഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കി . പിന്നീട് തർക്കവും ജ്യോതിഷവും പഠിച്ചു . ചതുരംഗം , ഗോളികളിൽ അതീവ തല്പരനായിരുന്നു . കാവ്യ നാടകാലങ്കാരങ്ങളിലും ശാസ്ത്രങ്ങളിലും പാണ്ഡിത്വം നേടുകയും പരദേവതയായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് വർഷം ഭജനമിരിക്കുകയും ചെയ്ത ശേഷമാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ 19 ആം വയസ്സിൽ ഭാഷ കവികളുടെ ഗണനാ പ്രസംഗത്തിൽ അര്ഹനായതും കവിതാ രചനയിൽ പ്രസിദ്ധി നേടുകയും ചെയ്തത് .
ഖണ്ഡകാവ്യപ്രസ്ഥാനത്തിന് തുടക്കം
തമ്പുരാന്റെ ആദ്യ ഗ്രന്ഥമായ കവിഭാരതം 22 ആം വയസ്സിലാണ് രചിച്ചത് . ഈ കാവ്യം പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ യശസ്സ് കേരളത്തിലാകെ പ്രചരിച്ചു . കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1066 തുലാം മാസം ആറാം തിയതി കൊടുങ്ങല്ലൂർ കോവിലകത്തു നടന്ന നല നിർമ്മാണ പരീക്ഷയിൽ സാമന്തകം എന്ന നാടകം രചിച്ചു സാഹിത്യ രസികനായ ശങ്കര നാരായണയ്യരുടെ മഠത്തിൽ വച്ചാണ് ഈ പരീക്ഷ നടന്നത് . ചാലക്കുടിയിലെ നടുവത്ത് മനക്കൽ നടന്ന നാടക നിർമ്മാണ പരീക്ഷയിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ കൃതിയാണ് സീതാസ്വയംവരം ഇതേ തുടർന്ന് സരസദൃത്ത കവി കുല കിരീടമണി എന്ന ബിരുദം തമ്പുരാന് ലഭിച്ചു .

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നാടകങ്ങളിൽ അരങ്ങത്ത് തമ്പുരാന്റെ ഏറ്റവും പ്രചാരം നേടിയത് ചന്ദ്രികയാണ്. ചന്ദ്രികയെ നാടാക്കി എന്നാണു വിളിച്ചത് . മലയാളത്തിൽ ഖണ്ഡകാവ്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് . അക്കാലത്ത് മറ്റൊരു പ്രസിദ്ധ ഖണ്ഡകാവ്യമായ തുപ്പൽ കോളാമ്പി ഒരു ദ്രുത കവനമാണ് . അത്യന്തം രസകരമായ ഒരു ചരിത്ര കഥയാണ് തുപ്പൽ കോളാമ്പിയുടെ വിഷയം.
ആദ്യത്തെ പച്ചമലയാള കൃതി
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മറ്റൊരു പ്രസിദ്ധ ഖണ്ഡകാവ്യമാണ് നല്ല ഭാഷ ,. ആദ്യത്തെ പച്ചമലയാള കൃതിയെന്ന പ്രാധാന്യവും ഇതിനുണ്ട് . തൃശൂരിൽ നിന്നും 1890 ൽ സിപി അച്യുതമേനോൻ പ്രസിദ്ധപ്പെടുത്തിയ വിദ്യാവിനോദിനിയിലും തമ്പുരാൻ ലേഖന സഹായം ചെയ്തു പോന്നിരുന്നു . കുഞ്ഞിക്കുട്ടൻ തമ്പുരാൻ 21 ആം വയസ്സിൽ കോഴിപ്പിള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു . കോട്ടയത്ത് മലയാള മനോരമയുടെ നേതൃത്വത്തിൽ കവി സമാജം നടത്തിയ മൂന്നു ദിവസത്തെ സമ്മേളനത്തിന് 27 വയസ്സുകാരനായ തമ്പുരാനാണ് നിർദേശങ്ങൾ നൽകിയത് . സമ്മേളനത്തിന്റെ മൂന്നാം ദിവസം അദ്ധ്യക്ഷ സ്ഥാനവും വഹിച്ചു . കു ഞ്ഞിക്കുട്ടൻ തമ്പുരാൻ കവിതാവേഗ പരീക്ഷയിൽ പങ്കെടുത്ത് പന്ത്രണ്ട് മണിക്കൂർ കൊണ്ട് എഴുതിയ നാടകമാണ് നളചരിതം . ഇതിനു പുറമെ മധുസൂദന വിജയം , സ്വാമന്തകം ,ബാണയുദ്ധം , രാജസൂയം , മുതലായ നാടകങ്ങളും തമ്പുരാൻ രചിച്ചിട്ടുണ്ട് . നല്ല ഭാഷയെത്തുടർന്ന് ഒടി സൂര്യാഷ്ടകം , എന്നീ രണ്ടു പച്ചമലയാള കൃതികളും എഴുതി.
സമസ്യാപൂരണ മാഹാത്മ്യം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ മിക്ക സമസ്യകൾക്കും പൂരകങ്ങളയച്ചിരുന്നു . സമസ്യകളിൽ തന്നെ പാദ സമസ്യ , അർധ സമസ്യ ,ഖണ്ഡ സമസ്യ , എന്നിങ്ങനെ പല വിധത്തിലുണ്ടായിരുന്നു . പാലുള്ളി ചരിതമെന്നു പേരായ ഒരാഖ്യാനാത്മക ഖണ്ഡകാവ്യവും ത്രിവിക്രമഃ വിജയമെന്നുപേരായ ഒരു നാടകവും ഹംസ സന്ദേശമെന്നൊരു സന്ദേശകാവ്യവും ശബ്ദാലങ്കാരവുമാണ് കോട്ടയ്ക്കലിൽ ചെലവഴിച്ച വർഷങ്ങളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച പ്രധാന കൃതികൾ . കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മരണം വരെ ശബ്ദാലങ്കാരം എന്ന കൃതി അച്ചടിച്ചിരുന്നില്ല . മംഗളോദയം മാസികയുടെ അഞ്ചു ലക്കങ്ങളിലായി 1092 ൽ അത് പ്രസിദ്ധപ്പെടുത്തി .

വിവിധ രീതിയിലുള്ള യമകങ്ങൾ ,ബന്ധങ്ങൾ , അനുപ്രാസങ്ങൾ , സമസ്യകൾ , മുതലായവയ്‌ക്കെല്ലാം ഉദാഹരണങ്ങൾ പദ്യങ്ങളിലായി രചിച്ചു ചേർത്തിട്ടുണ്ട് . കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരത വിവർത്തനം ചെയ്യാനാരംഭിച്ചത് . കോട്ടയ്ക്കലിൽ വച്ചാണ് . പ്രതിദിനം നൂറ് ശ്ലോകങ്ങൾ തർജമ ചെയ്യണമെന്ന നിയമം തമ്പുരാൻ പാലിച്ചിരുന്നു . അമിതമായ ഉത്സാഹം കയറിയ ചില ദിവസങ്ങളിൽ അദ്ദേഹം പ്രഭാതത്തിലെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മുന്നൂറ് ശ്ലോകങ്ങൾ വരെ തർജമ ചെയ്തിട്ടുണ്ട് .
വ്യവഹാരത്തില്‍ കുടുങ്ങിയ വിവർത്തനം
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ചരമശേഷം വളരെ കാലത്തേക്ക് മഹാഭാരത വിവർത്തനത്തിന് പുതിയൊരു പതിപ്പുണ്ടായില്ല . വിവർത്തനത്തിന്റെ പകർപ്പവകാശത്തെപ്പറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അനുജനായ ഭാഗവതർ കുഞ്ഞുണ്ണിത്തമ്പുരാനെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തെ ഗോദവർമ്മ തമ്പുരാനും തമ്മിൽ നടന്ന വ്യവഹാരമാണ് പുതിയ പതിപ്പിന് വിഘ്നമുണ്ടാക്കിയത് . രാമായണം മാസികയുടെ ആദ്യ ലക്കം 1082 മേടമാസത്തിലാണ് പുറത്തിറങ്ങിയത് . അതിനു ശേഷം ഭാരതം മാസികയുടെ എല്ലാ ലക്കങ്ങളിലും പ്രേരണക്കു വഴങ്ങിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ആധ്യാത്മിക രാമായണത്തിന് മലയാളത്തിൽ വിവർത്തനമുണ്ടാക്കിയത് . കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രസിദ്ധമായ സന്ദേശ കാവ്യമാണ് 1897 -ൽ രചിച്ച ഹംസ സന്ദേശം.
പ്രൗഢരസമായ ഗദ്യ ശൈലിയുടെ ഉടമ
തമ്പുരാന്റെ ഈ കാവ്യം നൈസർഗികമായ രചന സൗഷ്ഠവവും സരസതയും കൊണ്ട് അനുഗൃഹീതമാണെങ്കിലും വേണ്ടത്ര പ്രചാരവും പ്രസിദ്ധിയും ഇതിനില്ലാതെ പോയി . എറണാകുളത്ത് വച്ച് തമ്പുരാൻ 1890 ൽ രചിച്ച കൃതിയാണ് ഭക്ഷയോഗ ശതകം . അദ്ദേഹത്തിന്റെ പുസ്തക രൂപത്തിൽ പുറത്തു വന്ന രണ്ടാമത്തെ കൃതിയാണിത് .
സ്വതന്ത്ര കാവ്യ രചനയിലും വിവർത്തനത്തിലും അമാനുഷ വൈഭവമുള്ള കവിയായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രസന്ന പ്രൗഢരസമായ ഗദ്യ ശൈലിയുടെയും ഉടമയായിരുന്നു . അദ്ദേഹം രചിച്ച ഗദ്യ ലേഖനങ്ങളുടെ എണ്ണം നിരവധിയാണ് . വിഷയ വൈവിധ്യമാണ് തമ്പുരാന്റെ ഗദ്യ രചനകളുടെ മറ്റൊരു സവിശേഷത . നമ്പൂതിരി സമുദായത്തിലേക്ക് വെളിച്ചം വീശുന്ന വെള്ള എന്ന ലേഖനമാണ് തമ്പുരാന്റെ ഗദ്യ ലേഖനങ്ങളിൽ മകുടസ്ഥാനീയം എന്ന് ഉള്ളൂർ പ്രശംസിച്ചിട്ടുണ്ട് . മഹാഭാരതം എന്ന സമുദ്രത്തിന്റെ അഗാധതയിൽ മുങ്ങിത്തപ്പി രത്നങ്ങളെടുത്തു . കാണിക്കാനുള്ള തമ്പുരാന്റെ അസാമാന്യ പാടവം ഇത്തരം ലേഖനങ്ങളിൽ പ്രകടമാണ് .
ഭാഷാ ശാസ്ത്രത്തിലെ തര്‍ക്കം
രാജരാജവർമ്മയുടെ ഭാഷ ഭൂഷണത്തിന് തമ്പുരാനെഴുതിയ വിശദവും വിമർശനാത്മകവുമായ നിരൂപണം തമ്പുരാന്റെ സാഹിത്യ ശാസ്ത്ര പാണ്ഡിത്യത്തിനും നിരൂപണ നിപുണതക്കും ഉത്തമോദാഹരണമായി പരിഗണിക്കപ്പെടുന്നു . വൃത്തമഞ്ജരിയുടെ നിരൂപണവും തമ്പുരാൻ എഴുതിയിട്ടുണ്ട് . എഴുത്തച്ഛനാണ് മലയാള ഭാഷാ രീതിയുടെയും അക്ഷര മാലയുടെയും ലിപിയുടെയും ഉപജ്ഞാതാവ് എന്ന ലോഗന്റെ അഭിപ്രായത്തെ തമ്പുരാൻ യുക്തിയുക്തമായും പ്രമാണ സഹിതമായും എതിർക്കുന്നു . തുഞ്ചനു മുൻപുണ്ടായ മലയാള കൃതികളുടെ ഒരു പട്ടിക തന്നെ അദ്ദേഹം കൊടുക്കുന്നു . കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയിട്ടുള്ള ശാസ്ത്ര ഗ്രന്ഥങ്ങളും ശ്രദ്ധേയമാണ് . വിവിധ രീതികളിലുള്ള യമകങ്ങൾ ,ബന്ധങ്ങൾ ,അനുപ്രാസങ്ങൾ , സമസ്യകൾ , എന്നിവയെല്ലാം തമ്പുരാൻ അതിമനോഹരങ്ങളായ ശ്ലോകങ്ങളിൽ നൽകിയിട്ടുണ്ട് ,
സംസ്കൃതത്തിലെ മുടിചൂടാമന്നന്‍
കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ശാസ്ത്ര ഗ്രന്ഥമാണ് ധനശാസ്ത്ര കാരിക , ഇത് മലയാളത്തിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട് . വിളംബിമാജ്‌ജുഷ , ആദ്യ ശതകം , സ്വയംവര അമന്ത്രാക്ഷരമാല , കിരാതരുദ്രസ്രവം , ബദ്രുവാഹന വിജയം , കിരാതാർജൂനിയം , ശബ്‌ദോഹരണ വ്യായോഗം , ജരാസന്ധവധവ്യായോഗം , ദശകുമാര ചരിതം , ശ്രീശങ്കരഗുരു ചരിതം , പ്രാർഥന , ഗുരുവായൂപുരസ്തവം , കാലടി ക്ഷേത്ര നിർമ്മാണം , കൃതഘ്ന സ്തുരുഷ്ക , എന്നിവയെല്ലാം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രധാനപ്പെട്ട സംസ്‌കൃത കൃതികളാണ് . ഇവക്കു പുറമെ സംസ്‌കൃതത്തിൽ നിരവധി കത്തുകളും രചിച്ചിട്ടുണ്ട് .
വിശ്വമഹാകവിക്കും വിവര്‍ത്തനമെഴുതി
ഉദ്ദന്ധശാസ്ത്രിയുടെ കോകില സന്ദേശവും ശുകസന്ദേശവും തർജ്ജമ ചെയ്തിട്ടുള്ളത് മന്ദാക്രാന്ത വൃത്തത്തിലല്ല . മറിച്ച് സ്രഗ്ധര വൃത്തത്തിലാണ് . എന്നാൽ . സ്വതന്ത്ര കൃതിയായ ഹംസ സന്ദേശം മന്ദാക്രാന്തയിൽ തന്നെയാണ് തമ്പുരാൻ രചിച്ചത് . കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിക്രമോർവ്വശീയം ,ആശ്ചര്യചൂഡാമണി , ചന്ദ്രികാവീഥി , ഹാംലെറ്റ് , ഒഥല്ലോ , അഭിജ്ഞാന ശാകുന്തളം , മൃച്ഛകടികം , എന്നീ ഏഴു നാടകങ്ങളാണ് അഥവാ രൂപകങ്ങളാണ് വിവർത്തനം ചെയ്തിട്ടുള്ളത് . തമ്പുരാന്റെ വിവർത്തന നാടകങ്ങളിൽ ആശ്ചര്യചൂഡാമണി മാന്യസ്ഥാനം അർഹിക്കുന്നു.
.

വിശ്വമഹാകവിയുടെ ദുരന്തനാടകങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഹാംലെറ്റ് എന്ന നാടകം അതിമനോഹരമായ മലയാള ശൈലിയിൽ വിവർത്തനം ചെയ്തത് സാഹിത്യ ലോകാത്ഭുതങ്ങളിൽ ഒന്ന് തന്നെയാണ് . തനിക്ക് തീരിയറിയാത്ത ഒരു ഭാഷയിലെ വിശ്വോത്തര കൃതി അതിലെ ആശയം മറ്റൊരാൾ പറഞ്ഞു കേട്ട് മാതൃഭാഷയിലാക്കിയതാണ് ഈ വിവർത്തന വിസ്മയം . ഒഥല്ലോ അച്ചടിച്ചിട്ടില്ല . എങ്കിലും ഇതിന്റെ കൈയെഴുത്തു പ്രതി കണ്ടെത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട് .
മരിക്കാത്ത വാങ്മയ ചിത്രങ്ങള്‍
വെണ്മണി പ്രസ്ഥാനം മലയാള കവിതയ്ക്ക് സമ്മാനിച്ച പുത്തൻ കാവ്യ ശാഖയാണ് കവിതാകത്തുകൾ. വെണ്മണി അച്ഛന്റെ കാലത്ത് ജന്മമെടുത്ത ഈ പ്രസ്ഥാനത്തെ ഏറ്റവും ജനകീയമാക്കിയതും സമ്പന്നമാക്കിയതും കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് . ഇദ്ദേഹം പതിനായിരം കവിതകത്തുകൾ രചിച്ചിട്ടുണ്ട് . ഈ കത്തുകള്‍ അമൂല്യമായ സാഹിത്യ ശേഖരങ്ങളാണ് . രസകരവും വിജ്ഞാനപ്രദവും ആയ ഒരു വിനോദ യാത്രയായാണ് ഈ കവിതാകത്തുകളുടെ പാരായണം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സകല സാഹിതീയ പരിശ്രമങ്ങളുടെയും ലക്ഷ്യവും പ്രചോദക ശക്തിയും ഭാഷാപോഷണമായിരുന്നു . പ്രാണ പ്രയാണ സമയത്തുപോലും ആ സാരസ്വരത പ്രവാഹം നിലച്ചിരുന്നില്ല . അങ്ങനെ മൂന്ന് പതിറ്റാണ്ടുകാലം മനസാവാചാകർമ്മണാ മലയാളത്തെ സ്നേഹിക്കുകയും സേവിക്കുകയും അവിസ്മരണീയങ്ങളും അമൂല്യങ്ങളുമായ അനേകം വാങ്മയ രത്നങ്ങൾ നമുക്ക് സമ്മാനിക്കുകയും ചെയ്ത ആ കവീശ്വരൻ 1913 ജനുവരി 22 ന് വിഷ്ണുലോക പ്രാപ്‌തനായി.
സുരേഷ് അന്നമനട
Leave A Comment