'കുട്ടനാടിൻ്റെ ഇതിഹാസകാരൻ' തകഴി ശിവശങ്കരപ്പിള്ള
വാൽക്കണ്ണാടി
മലയാള സാഹിത്യത്തെ കുട്ടനാടിൻ്റെ കഥകളിലൂടെ വിശ്വപ്രശസ്തിയിലേക്ക് എത്തിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ 113 ആം ജന്മ വാർഷികം സ്‌മരണകൾ ഉണർത്തി കടന്നു പോകുന്നു. അദ്ദേഹം കുട്ടനാടിൻ്റെ ഇതിഹാസകാരനായിരുന്നു. കുട്ടനാടൻ ജീവിതത്തിന്റെ സംഘതാളം ഹൃദയതാളമാക്കിക്കൊണ്ടാണ് വിശ്വ പ്രസിദ്ധ സാഹിത്യകാരനായ തകഴി കഥ പറഞ്ഞത്. സ്വന്തം തട്ടകമായ കുട്ടനാടിന്റെ ആത്മവീര്യമാണ് അദ്ദേഹം അക്ഷര കലയിലേക്ക് പകർന്നത്.
തകഴിയുടെ സാഹിത്യ ജീവിതം
ആലപ്പുഴ ജില്ലയിലെ തകഴിയിൽ പടഹാരം മുറിയിൽ ശിവശങ്കരപ്പിള്ള 1912 ഏപ്രിൽ 17ന് ജനിച്ചു. പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പും അരീപ്പുറത്ത് പർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. തകഴിയുടെ ആദ്യത്തെ കഥയായ സാധുക്കൾ സർവ്വീസ് മാസികയിൽ 1929 ലാണ് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം ലോ കോളേജിൽ തകഴി പ്ലീഡർഷിപ്പ് പരീക്ഷക്കു ചേർന്നു. തിരുവനന്തപുരത്ത് നിന്ന് പുതിയൊരു വെളിച്ചവുമായി മടങ്ങിയെത്തിയ ശിവശങ്കരപ്പിള്ള അമ്പലപ്പുഴ മുൻസിഫ് കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും പ്ലീഡറായി പ്രവർത്തിക്കാൻ തുടങ്ങി.
അദ്ദേഹം 20 വർഷം ആ ജോലി തുടർന്നു. മോപ്പസാങ്, എമിൽസോള, ചോക്കോഫ്, ടോൾസ്റ്റോയ്, വിക്ടർയുഗോ തുടങ്ങിയ പ്രതിഭകളുടെ രചനകൾ തകഴി വായിച്ചു. ഫ്രോയ്ഡിന്റെ മാനസികാപഗ്രന്ഥനവും ബർട്രൻഡ് റസ്റ്റലിന്റെ തത്വ ചിന്തയും കേസരി പരിചയപ്പെടുത്തി. അങ്ങിനെ തകഴിയുടെ സാഹിത്യ ജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് പ്രവേശിച്ചു.
തകഴിയുടെ സൃഷ്ടികൾ
തകഴിയുടെ ആദ്യത്തെ നോവലായ 'ത്യാഗത്തിന്റെ പ്രതിഫലം' 1934 -ൽ പ്രസിദ്ധീകരിച്ചു. അടുത്ത വർഷം രണ്ടാമത്തെ നോവലായ 'പതിത പങ്കജ'വും പ്രകാശിതമായി.
പുതുമലർ എന്ന ആദ്യത്തെ കഥാസമാഹാരവും 1935 -ൽ പുറത്ത് വന്നു. വെള്ളപ്പൊക്കത്തിൽ എന്ന പ്രശസ്ത കഥ ഈ കൃതിയിലാണ്. അടിയൊഴുക്കുകൾ, ചങാതികൾ, മകളുടെ മകൾ, നിത്യകന്യക, പതിവ്രത, പ്രതീക്ഷകൾ, തെരഞ്ഞെടുത്ത കഥകൾ, ഇങ്ക്വിലാബ്, ഘോഷയാത്ര, മാഞ്ചുവട്ടിൽ, പ്രതിജ്ഞ, ഞെരക്കങ്ങൾ കണക്കു തീർക്കൽ, ആദ്യത്തെ പ്രസവം, ഞാൻ പിറന്ന നാട്, ആലിംഗനം, ചരിത്ര സത്യങ്ങൾ, തകഴിയുടെ കഥകൾ തുടങ്ങിയ കഥാ സമാഹാരങ്ങളും തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തലയോട്, തെണ്ടിവർഗം എന്നീ നോവലുകളും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. തകഴി തുടർന്ന് രചിച്ച ഔസേപ്പിന്റെ മക്കൾ, അഞ്ചു പെണ്ണുങ്ങൾ, ജീവിതം സുന്ദരമാണ് - പക്ഷെ ഏണിപ്പടികൾ എന്നിവയെല്ലാം ശ്രദ്ധേയങ്ങളായ നോവലുകളാണ്. പാപ്പിയമ്മയും മക്കളും, ചുക്ക്, നെല്ലും തേങ്ങയും, നുരയും പാതയും, പുന്നപ്രവയലാറിന് ശേഷം,
അവന്റെ സ്‌മരണകൾ, കുറെമനുഷ്യരുടെ കഥ, പേരില്ലാക്കഥ, പെണ്ണ്, പരമാർത്ഥങ്ങൾ, വില്പനക്കാരി, അത്താഴം, അകത്തളം, ബലൂണുകൾ, മാംസത്തിന്റെ വിളി, പെണ്ണായി പിന്നവൾ, വ്യാകുലമാതാവ്, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്.
തകഴിയെ പ്രശസ്തിയിലേക്കുയർത്തിയ കൃതികൾ
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കഥകളിലൊന്നായ ചെമ്മീൻ 1956 ലാണ് പുറത്തു വന്നത്. ഈ കൃതി തകഴിയെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർത്തി. രാമു കാര്യാട്ട് ചെമ്മീന് നൽകിയ ചലച്ചിത്രാവിഷ്കാരം എന്നത്തേയും പ്രിയപ്പെട്ട മലയാള സിനിമയായി മാറി. നിരവധി വിദേശ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു.
തകഴിയുടെ ഏറ്റവും മികച്ച നോവലായി കണക്കാക്കപ്പെടുന്ന കയർ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രണ്ടു നൂറ്റാണ്ടിന്റെ കഥ പറയുകയാണ്. വയലാർ ഗ്രാമത്തിൽ ഉണ്ടായ തൊഴിലാളി വിപ്ലവത്തിന്റെ നാടകീയാവിഷ്കരണമാണ് തലയോട്. തകഴിയുടെ വളർച്ച വ്യക്തമാക്കുന്ന സൃഷ്ടിയാണ് തോട്ടിയുടെ മകൻ.
വർഗങ്ങളുടെ കഥ പറഞ്ഞ കഥാകാരൻ
ശിവശങ്കരപ്പിള്ള ചുറ്റുപാടുകളിൽ നടന്നതെല്ലാം എഴുതി പ്രതിഫലിപ്പിച്ചു. അദ്ദേഹം വർഗങ്ങളുടെ കഥ പറഞ്ഞു. തകഴിയെന്ന ഗ്രാമം അദ്ദേഹത്തിന് അനേകം അനുഭവങ്ങൾ പകർന്നു നൽകിയിരുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, മദ്യപാനം, സ്ത്രീസേവ തുടങ്ങിയ സാമൂഹ്യ അനാചാരങ്ങളെ തകഴി എതിർത്തു. അദ്ദേഹം ഗാന്ധിസം മുതൽ മാർക്സിസം വരെ പരാമർശിച്ച്. ഇതേ തുടർന്ന് തകഴിയുടെ സാമൂഹ്യ ബോധത്തിന് നിയതമായ രൂപവും ഭാവവും കൈ വന്നു.
തകഴിക്കു സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളോട് അതീവ താല്പര്യമുണ്ടായിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തെ അദ്ദേഹം ആദരിച്ചു. നാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതിനെപ്പറ്റി തകഴിയുടെ കഥാപാത്രം പ്രതികരിച്ചു. തകഴിയുടെ സാഹിത്യകൃതികൾ സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനപ്രമാണമായി സ്വീകരിച്ചു. ആദ്യ കാലത്ത് വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി തൂലിക ചലിപ്പിച്ച ഈ കഥാകൃത്ത് പിൽക്കാലത്ത് അതിൽ നിന്ന് തെന്നി മാറി നീങ്ങുന്നുമുണ്ട്. എങ്കിലും സമൂഹം തന്നെയാണ് തന്റെ എഴുത്തിനു പിൻബലം നൽകിയതെന്ന് പറഞ്ഞു കൊണ്ടിരുന്നു.
കഥന രീതിയിൽ നവീനത കലർത്തിയ എഴുത്തുകാരൻ
തകഴിയുടെ സാഹിത്യം നാടും വീടും മണ്ണും മനുഷ്യനും ചേർന്നതാണ്. അദ്ദേഹം അക്ഷരങ്ങൾ കൊണ്ട് നിന്ദ്യരുടെയും നിസ്വരുടെയും പാതിത്വം നീക്കാൻ പോരാടി. തേങ്ങയും പച്ചക്കറിയും വിളയുന്ന പച്ചമണ്ണിലെ പച്ച മനുഷ്യനായിരുന്നു ശിവശങ്കരപ്പിള്ള.
അനുഭവങ്ങളെ ഊഷ്മളമായ ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചു പോന്നു. തകഴിയുടെ രചനകളിൽ സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ ജീവൻ ഊതിക്കൊടുത്ത ചൈതന്യമായി സ്പന്ദിക്കുന്നു. മണ്ണിന്റെ മണം ശാസിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്ത എഴുത്തുകാരനാണ് തകഴി.
അദ്ദേഹം ദുരിതമനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ ചിത്രീകരണം നടത്തി. സാമൂഹിക ജീവിതത്തിൽ ഒരു പുതുയുഗം പിറന്നു കാണാൻ സാഹിത്യകാരനായ തകഴി ആഗ്രഹിച്ചു. ഈ വീക്ഷണം അദ്ദേഹത്തിന്റെ കഥകൾക്ക് മാനം നൽകി.
ഒരു ബോധോദയത്തെക്കുറിച്ചുള്ള അനുസ്‌മരണ
മലയാള ഭാഷയിലെ ഏകപുരാവൃത്താഖ്യായികമായ കയറിനോട് കിട നിൽക്കാവുന്ന ഭാഷ നോവലുകളുടെ എണ്ണം അംഗുലീപരിമിതമാണ്. ചില കൃതികൾ രൂപഭദ്രമായ രാഷ്ട്രീയ നോവലിനു വേണ്ടി തകഴി എന്ന നോവലിസ്റ്റ് നടത്തുന്ന അന്വേഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. തകഴിയുടെ ഉല്പതിഷ്ണുവിനെ രൂപപ്പെടുത്തിയത് സ്വാതന്ത്ര്യ സമര പശ്ചാത്തലമോ കർഷക സമരങ്ങളോ, സോഷ്യലിസ്റ്റ് ആശയങ്ങളോ മാത്രമല്ല, മരുമക്കത്തായ ഘടനയിലെ വൈരുദ്ധ്യങ്ങൾ കൂടിയാണ്.
തിരുവിതാംകൂറിലെ സാമൂഹിക രാഷ്ട്രീയ ചരിത്ര സംഭവങ്ങൾ സജീവമായി പകർത്തിക്കാട്ടുന്ന ഏണിപ്പടികൾ ശ്രദ്ധേയമാണ്. ഒരു ജനതയിൽ നൈസർഗികമായി ഉന്മിഷത്തമാകുന്ന സാമൂഹിക ബോധത്തിന് അടിപണിയുന്ന പ്രേമകഥയാണ് രണ്ടിടങ്ങഴി. തകഴിയുടെ ഭാഷയും അതിന്റെ സ്വഭാവവും ആർജ്ജവവും സാരള്യവുമാണ്.
കയറിലെ വായ്മൊഴി വരമൊഴിയുടെ ചാരുകസേരയിൽ നേരെയങ്ങു കേറിയിരിക്കുന്നതാണ്. പ്രമേയത്തിലും പ്രതിപാദനത്തിലും മറ്റു നോവലുകളിൽ നിന്നും കാതങ്ങളോളം അകന്നു നിൽക്കുന്ന കയർ മലയാള സാഹിത്യത്തിന്റെ അപൂർവ്വതയാണ്. തന്റെ ഉള്ളിൽ താലോലിച്ചിരുന്ന സൂക്ഷ്മ സ്വഭാവമുള്ള സർഗവീക്ഷണം ജ്ഞാനപീഠം സ്വീകരിച്ച വേളയിലാണ് അദ്ദേഹം ഉറക്കെ പ്രകടിപ്പിച്ചത്. ഒരു ബോധോദയത്തെക്കുറിച്ചുള്ള അനുസ്‌മരണമായിരുന്നു അത്.
അങ്ങനെ തോട്ടികളുടെയും തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും തെണ്ടികളുടേയും ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയ കഥാഖ്യാനങ്ങളായ ഈ നോവലുകൾ രാഷ്ട്രീയത്തിന്റെയും കലയുടെയും ബന്ധവൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തുകയും രാഷ്ട്രീയ നോവലിന്റെ ശിൽപം സംബന്ധിച്ച് കഥാകാരൻ സൗന്ദര്യാത്മക തലത്തിൽ നടത്തുന്ന അന്വേഷണത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. കുട്ടനാടിന്റെ വായ്‌മൊഴിയുടെ സാഹിത്യമാണ് തകഴിയുടെ വാങ്മയം.
തകഴിയുടെ കയർ എം. എസ് സത്യു ടെലിവിഷൻ പാരമ്പരയാക്കിയിട്ടുണ്ട്. ഓരോ എഴുത്തുകാനുമുണ്ട് രചനയുടേതായ പ്രത്യേക സംസ്‌കാരം. ഒപ്പം സ്വതന്ത്ര ബോധവും. അത് തകഴിയിൽ ഏറ്റവും ചൈതന്യവത്തായ വികസ്വരമാണ്. തകഴിയുടെ ഭാവന അതിൻ്റെ സാമൂഹിക സ്പർശനം കൊണ്ട് മനുഷ്യന്റെ നിസ്സഹായതകളുടെയും ധർമ്മ സങ്കടങ്ങളുടെയും വ്യത്യസ്തത വശങ്ങളുടെയും ഉത്തേജനമാകുന്നു.
മലയാള സാഹിത്യത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ച എഴുത്തുകാരൻ
നോവലുകൾക്കും ചെറുകഥകൾക്കും പുറമെ തോറ്റില്ല എന്ന നാടകവും എന്റെ ബാല്യകാല കഥ, എൻ്റെ വക്കീൽ ജീവിതം, ഓർമ്മയുടെ തീരങ്ങളിൽ എന്നീ ആത്മകഥകളും അമേരിക്കൻ തിരശീല എന്ന യാത്ര വിവരണവും തകഴി രചിച്ചു. അദ്ദേഹത്തിന്റെ അവസാനത്തെ നോവൽ ഒരു എരിഞ്ഞടങ്ങൽ ആണ്.
കേന്ദ്ര സാഹിത്യ അവാർഡിന് 1957 -ൽ ചെമ്മീൻ അർഹമായി. കേരള സാഹിത്യ അക്കാദമി അവാർഡ് 1965 -ൽ ഏണിപ്പടികൾ നേടി. വയലാർ അവാർഡ് 1980 -ൽ കയർ കരസ്ഥമാക്കി. തകഴിയെ ജ്ഞാനപീഠം ബഹുമതി 1984 -ൽ തേടിയെത്തി. അദ്ദേഹത്തെ രാഷ്ട്രം 1985 -ൽ പത്മഭൂഷൺ പദവി നൽകി ആദരിച്ചു. കേരളം മോപ്പസാങ് എന്ന് പ്രകീത്തിപ്പെട്ടിരുന്നു. കേരളം സാഹിത്യ അക്കാദമി പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നിട്ടുണ്ട്. പുരോഗമനസാഹിത്യ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മലയാള സാഹിത്യത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ച തകഴി ശി വശങ്കരപ്പിള്ള 1999 ഏപ്രിൽ പത്തിന് അന്തരിച്ചു. ഈ പ്രതിഭാധനന്റെ രചനകൾ കാലത്തിന്റെ മുദ്രിതസ്മൃതികളായി എന്നെന്നും ജീവിക്കും.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment