വാല്‍ക്കണ്ണാടി

മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ്

വാൽക്കണ്ണാടി  
ലയാളത്തെ മാറോടണച്ച് മറക്കാനാവാത്ത മാതൃകാപുരുഷനും മഹാനുഭാവനുമായി മൺമറിഞ്ഞ പ്രൊഫസർ ഒ.എൻ.വി കുറുപ്പ് കേരളത്തിന്റെ കാവ്യ നഭസ്സിൽ നവ ഭാഷ്യങ്ങൾ നൽകിയ നിറ സാന്നിധ്യമായിരുന്നു. ഇദ്ദേഹം കവി, അധ്യാപകൻ, ഗാനരചയിതാവ്, പ്രഭാഷകൻ എന്നിങ്ങനെ വിവിധ  വൈശിഷ്ട്യങ്ങളുടെ വിഹായസ്സിൽ വിരാജിച്ച വ്യക്തിപ്രഭാവമാണ്.

 ഒ.എൻ.വി. യുടെ കാവ്യ ലോകം

.എൻ.വി. ബാലമുരളി എന്ന തൂലികാനാമത്തിൽ ഗാനരചന നടത്തിയിരുന്നു. പല തലമുറകളെ പതിറ്റാണ്ടുകളോളം സ്വാധീനിച്ച കവിതകളും നാടക ചലച്ചിത്ര ഗാനങ്ങളും ലളിത ഗാനങ്ങളുമെല്ലാം മലയാളിക്ക് നവമായ ഒരു അനുഭവലോകത്തെ പകർന്നു തന്നു. 

ഇദ്ദേഹം എവിടെയും ആവർത്തിച്ച വാക്ക് സ്നേഹമായിരുന്നു.  പാട്ടും പാട്ടുകാരനും കവിയും ഒന്നായിത്തീരുന്ന  ഒരു സോപാന വേദിയാണ് ഒ.എൻ.വി. യുടെ കാവ്യ ലോകം.  ഒ.എൻ.വി. രചിച്ച നാടക ഗാനങ്ങൾ കർഷക കേരളത്തിന്റെ ആത്മാവിനെ മുട്ടിയുണർത്തിയിരുന്നു. 

ഒ.എൻ.വി. യുടെ വിരൽ തുമ്പിൽ നിന്നും ആയിരത്തിലധികം കവിതകൾ വാർന്നു വീണു.  ഇദ്ദേഹത്തിന്റെ കവിതകളുടെ ഈണം ഗീതിസംസ്‌കാരമാണെന്ന് വിലയിരുത്തപ്പെടുന്നു.  ഒ.എൻ.വി. യുടെ പല രചനകളിലും ഗ്രാമ്യസൗന്ദര്യം പീലിവിരിച്ചാടുന്നു.

ഇദ്ദേഹം തൻ്റെ മൗനവാല്മീകത്തിൽ നിന്ന് സ്വാംശീകരിച്ചെടുക്കുന്ന വികാര വിചാരങ്ങൾ രചനകളുടെ ജീവസ്പനന്ദനങ്ങളായിത്തീരുന്നു. ഒ.എൻ.വി. മനസ്സ് തുറക്കുമ്പോൾ കവി ശാന്തനും സ്വച്ഛന്ദനുമായ സത്യമാകുന്നു.  ഇദ്ദേഹം ജ്ഞാനപീഠത്തിന്  അർഹനായപ്പോൾ ആരാധകർ നെഞ്ചേറ്റിയ ത്രയാക്ഷരി ആദരിക്കപ്പെട്ടു. ഈ കവി ഭാവുകത്വത്തിന്റെ പുതിയ ഉറവകൾ തുറന്നു കാട്ടി. ഭൂമിക്കൊരു ചരമഗീതം കവിയുടെ കരുത്തുറ്റ ഭാഷക്കും ചടുല താളത്തിനും രക്തസിന്ദൂര ചാർത്തണിയിക്കുന്നു. ഇദ്ദേഹത്തിന്റെ കവിത കാലത്തിൽ ഒരു തരം ഉഭയത്വം വികസിച്ച് വരുന്നു. 

സാർവദേശീയതയുടെ ചിഹ്നമായി കവിത

.എൻ.വി. യുടെ മാതൃ സങ്കല്പം തികച്ചും ഭൗതീകമാണ്.  ഇദ്ദേഹത്തിന്റെ കവിതകളിലെ സ്ത്രൈണ ബിംബങ്ങൾ സർവ്വംസഹകളാണ്.  ഒ.എൻ.വി. കുറുപ്പിന് മാതൃദായത്തറവാട്ടിലെ സഹോദരീസഹോദര തുല്യമാണ് സ്ഥിതിസമത്വം. കവി പ്രകൃതിയിൽ ദർശിക്കുന്നത് മുഴുവൻ മാതൃബിംബങ്ങളാണ്. സർവ്വസ്വവും അമ്മമാർ തന്നെയാണ്. സ്വയം കത്തിയെരിയുന്ന സൂര്യനും ഒ.എൻ.വി. ക്ക് സുസ്‌നേഹ മൂർത്തിയാണ്.  സാർവദേശീയതയുടെ ചിഹ്നമായി കവിതയിൽ വൃക്ഷം പ്രത്യക്ഷപ്പെടുന്നു.  കവിയും ഒരു വൃക്ഷമാണെന്ന കൽപ്പന കാണാൻ കഴിയും.  

ഇദ്ദേഹത്തിന്റെ കവിതകളിലെ പൂക്കൾ ആശയതലങ്ങളെ അടയാളപ്പെടുത്തുന്നു. അഗ്നിയും വ്യാപിച്ചു നിൽക്കുന്നു. നവോത്ഥാന മൂല്യങ്ങളെയും മാനവികതയയെയും ഉയർത്തിപ്പിടിക്കുന്ന കവി എന്ന് ഒ.എൻ.വി. കുറുപ്പിനെ ജ്ഞാനപീഠം അവാർഡ് കമ്മിറ്റി ആശ്ലേഷിച്ചിരുന്നു. ജീവിതം കവിതക്കും ഗാനത്തിനും അധ്യാപനത്തിനും നീക്കിവച്ച ഒ.എൻ.വി. യെന്ന  മൂന്നക്ഷരത്തിൻ്റെ പിറവിയും വളർച്ചയുമെല്ലാം മലയാളത്തിന്റെ മാഹാത്മ്യമാണ്.

വിന്ധ്യനും ഹിമാലയവും സഹ്യനും  ഒ.എൻ.വി. ക്ക് ഒരത്ഭുതമായിരുന്നു. ആ വിസ്മയത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ കാവ്യദേവതകൾ നൃത്തമാടിയത്. ഒ.എൻ.വി. ചരാചരസ്‌നേഹത്തിനും അനുകമ്പക്കും പ്രാധാന്യം നൽകി.
        
ആദ്യ കവിതക്ക് ലഭിച്ച പുരസ്‌കാരം

പൂമരങ്ങളിൽ നിന്നും പുൽവരമ്പുകളിലെ മഞ്ഞുതുള്ളിയിൽ നിന്നും പൂത്തുമ്പികളുടെ പരാഗരേണുക്കളിൽ നിന്നും ബാല്യത്തിന്റെ പീലിക്കണ്ണിൽ നിന്നും രചിക്കപ്പെട്ട ഗാനങ്ങൾ കവിക്ക് സാധാരണക്കാരുടെ മനസ്സിൽ മഹത്തായ ഇടം സൃഷ്ടിച്ചിരുന്നു. 

ഇദ്ദേഹം  അനവദ്യസുന്ദരഭാവകാവ്യങ്ങളിലൂടെ മലയാണ്മയെ വിശ്വസാഹിത്യ ചക്രവാളങ്ങളിലേക്ക് നയിച്ചുപോന്നു. അഖില കേരള പുരോഗമന സാഹിത്യസമ്മേളനം    1949-ൽ കൊല്ലത്ത് നടന്നു. ഇതോടനുബന്ധിച്ച് കവിതാ - കഥാ രചനാമത്സരങ്ങളുമുണ്ടായിരുന്നു. മികച്ച സൃഷ്ടികൾക്ക് സ്വർണ്ണമെഡൽ സമ്മാനിക്കുമെന്ന് നിശ്ചയിരിച്ചിരുന്നു. എന്നാൽ സംഘാടകരുടെ സാങ്കേതിക സാഹചര്യം മൂലം ഒരു കാലി കവർ മാത്രമാണ് ജേതാവായ ഒ.എൻ.വി. ക്ക് മുഖ്യാതിഥി സമ്മാനമായി സമർപ്പിച്ചത്.  

എന്നാൽ ഇദ്ദേഹം പുരസ്‌കാരം സ്വീകരിച്ചപ്പോൾ സദസ്സ് സത്യമറിയാതെ ആഹ്ളാദത്താൽ കൈയ്യടിച്ചു. ഒ.എൻ.വി. ക്ക് യാതൊരു ഭാവഭേദവുമുണ്ടയില്ല. അങ്ങിനെ ആദ്യ കവിതക്ക് സ്വർണ്ണത്തേക്കാൾ മികച്ച സമ്മാനമായി കവറിനെ കരുതിയ ഒ.എൻ.വി. വളരെ സംതൃപ്തിയോടെയാണ് മടങ്ങിയത്. ഇദ്ദേഹം മനുഷ്യസ്നേഹം നിറഞ്ഞ ഒരു കവി ഹൃദയം ജീവിതാന്ത്യം വരെ സൂക്ഷിച്ചു.  

തൊഴിലിൽ അധ്യാപകനും, ജീവിതത്തിൽ കവിയും 

കെ.പി.എ.സി. ക്കു വേണ്ടിയുള്ള ഗാനരചനയിലൂടെ ഒ.എൻ.വി. പ്രസിദ്ധിയിലേക്കുയർന്നു. അങ്ങിനെ തൊഴിലിൽ അധ്യാപകനും, ജീവിതത്തിൽ കവിയുമായിരിക്കുന്നതെന്ന അഭിലാഷം സാധ്യമായി.  ഇദ്ദേഹത്തിന്റെ ഓരോ ഗാനവും കാതുകളിൽ തേന്മഴ ചൊരിയുന്നു.  

ഒ.എൻ.വി. തന്റെ ജീവിതത്തിൽ അനുവർത്തിച്ച പ്രണയ വിശുദ്ധി സിനിമാഗാനങ്ങളിൽ കുടിയിരുത്തി.  ഇദ്ദേഹം അനുരാഗത്തിന്റെ അതിലോലഭാവങ്ങൾ ആവിഷ്കരിക്കുമ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതെ നിർമ്മലമായി അനുഭവപ്പെടുന്ന രീതി സ്വീകരിച്ചു പോന്നു.  

മൃണാളിനി സാരാഭായിയുടെ അന്ത്യത്തെക്കുറിച്ച് എഴുതിയ അനശ്വരതയിലേക്ക് എന്ന കവിതയാണ് ഒ.എൻ.വി. അവസാനമായി രചിച്ചത്. എന്നാൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഈ കവി മരണപ്പെട്ടു. വിനോദ് മങ്കരയുടെ കാംബോജി എന്ന സിനിമക്കെഴുതിയ ഗാനങ്ങൾ മരണത്തിന് അഞ്ചു ദിവസം മുൻപാണ് കൈമാറിയത്. മലയാളത്തിന്റെ ഇതിഹാസമായിരുന്ന പ്രൊഫ. ഒ.എൻ.വി.കുറുപ്പ് ജീവിതത്തിൽ നിന്നും 2016
ഫെബ്രുവരി 13 ന് വിടപറഞ്ഞു.
 
ഒ.എൻ.വി. എന്ന ചുരുക്കപ്പേരിന്റെ യഥാർത്ഥ നാമം

ലയാളത്തിന്റെ പ്രിയകവിയായ ഒ.എൻ.വി. കുറുപ്പ് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ് 27 -നാണ്  ജനിച്ചത്. 

ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലുക്കുറുപ്പ് എന്നാണ് ഒ.എൻ.വി. എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന കവിയുടെ യഥാർത്ഥ നാമം. ഒ.എൻ.വി. യെ മാതാപിതാക്കൾ പരമേശ്വരൻ എന്ന പേരാണ് ആദ്യം വിളിച്ചത്. വീട്ടിൽ അപ്പു എന്നൊരു ഓമനപ്പേരും വിളിച്ചു.  എന്നാൽ വിദ്യാലയത്തിൽ ചേർത്ത അവസരത്തിൽ പരമേശ്വരന് പകരം നാമമായ വേലുക്കുറുപ്പ് എന്ന പേര് നൽകി. അങ്ങനെ പരമേശ്വരൻ പിതാവിന്റെ ഇനീഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് ഒ.എൻ.വി. വേലുക്കുറുപ്പ് എന്ന പേരിനു ഉടമയായിത്തീർന്നു.

ഒ.എൻ.വി. യുടെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തു തന്നെയായിരുന്നു. ശങ്കരമംഗലത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഇന്റർമീഡിയേറ്റ് പാസ്സായി. അതിനുശേഷം കൊല്ലം എസ്. എൻ. കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. സാമ്പത്തിക ശാസ്ത്രയത്തിൽ 1952 ൽ ബിരുദം നേടി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1955 ൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

എറണാകുളം മഹാരാജാസ്‌ കോളേജിൽ 1957 ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും, തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി 1958 മുതൽ ഇരുപത്തിയഞ്ചു വർഷക്കാലം സേവനമനുഷ്ഠിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും 1986 ലാണ് ഒ.എൻ.വി. വിരമിച്ചത്. പിന്നീട് ഒരു വർഷക്കാലം ഇദ്ദേഹം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. 

പ്രകൃതിയുടെ വിസ്മയഭാവങ്ങൾ ഒപ്പിയെടുത്ത കവി 

.എൻ.വി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കാവ്യപന്ഥാവിലൂടെ യാത്ര ആരംഭിച്ചിരുന്നു. പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് ചവറ ഒ.എൻ.വി. കുറുപ്പ് എന്ന പേരിൽ മുന്നോട്ട് എന്ന കവിത അദ്ദേഹം എഴുതിയത്. പൊരുതുന്ന സൗന്ദര്യം എന്ന കവിതാമാഹാരം 1949 ആയിരുന്നു പുറത്തിറങ്ങിയത്. ചങ്ങമ്പുഴക്കവിതകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാവ്യ രംഗത്തേക്ക് കടന്നുവന്ന ഒ.എൻ.വി. അനുഭവങ്ങളുടെ തീക്ഷ്ണതയെ സത്യസന്ധമായി തൻ്റെ കവിതയിൽ ആവിഷ്കരിച്ചു.

മാനവികതയുടെ ശക്തനായ ഈ ജനകീയ കവി സാധാരണക്കാരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം കൈകോർത്തു നടന്ന്, അവരുടെ നേർത്ത സ്വപ്നങ്ങളും ചിന്തകളും വിശപ്പുകളും മോഹ ഭംഗങ്ങളും തൊട്ടറിഞ്ഞ് അവരുടെ കഥകൾ അവർക്കുവേണ്ടി ആർദ്രമായി പാടി നടന്നു. 

പ്രകൃതിയുടെ വിസ്മയഭാവങ്ങൾ എന്നും ഒ.എൻ.വി. യുടെ മനസ്സിനെ സ്വാധീനിച്ചിരുന്നതായി കാണാം.  സൂര്യനും ഭൂമിയും പൂക്കളും പുലരിയും സന്ധ്യയും മഴയും മഞ്ഞും നിലവും ഇരുളും കുയിലും കളകൂജനവും ഇദ്ദേഹത്തിന്റെ കവിതകളിൽ ഹൃദയഹാരിയായ ബിംബങ്ങളായി നിറയുന്നു.

പ്രപഞ്ചഭാവങ്ങളുടെ വിസ്മയത്തെ ഇദ്ദേഹം കാവ്യമായി ഒരുക്കിയത് മയിൽ‌പ്പീലി കവിതകളിലൂടെയാണ്. അവിടെ മയിൽ സൂര്യന്റെയും അഗ്നിയുടെയും സൗന്ദര്യത്തിന്റെയും അടയാളം കൂടിയാണ്. 

സിംഹാസനത്തിലേക്ക് വീണ്ടും എന്ന കവിതയിൽ അദ്ദേഹം അധികാര ഘടനയെ നിരസിച്ചു കൊണ്ട് സർഗാത്മകതയുടെ സോപാനത്തിലേക്കുള്ള ആരോഹണമാണ് നടത്തുന്നത്.  പിതാവിന്റെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഭൂമിയുടെ അറ്റം എന്ന കവിതയിൽ കുറിച്ചിട്ടുണ്ട്. 

ദുഃഖം എന്ന വികാരത്തിനു പുതിയ ഭാവവിശേഷങ്ങൾ നൽകി കവിതകളിലൂടെ തൻ്റെ സ്വകാര്യ ദുഖങ്ങളെ ഒ.എൻ.വി. പങ്കുവയ്ക്കുന്നതായി കാണാം.   

ഇങ്ങനെ നടന്നു പിന്നിട്ട വഴികളിൽ മനസ്സിനെ ആർദ്രമായി സ്പർശിച്ച നിമിഷങ്ങളെ ഇദ്ദേഹം കവിതയിലേക്ക് ഒപ്പിയെടുത്തിരിക്കുന്നതു കാണാം.  കാവ്യമനസ്സിൽ    നടന്ന ഓരോ വികാര വിചാരധാരകളെയും വിശ്വപ്രകൃതിയുമായി സമന്വയിപ്പിച്ചാണ് അദ്ദേഹം കാവ്യ രചന നടത്തിയിരുന്നത്. 

ചോറൂണ് എന്ന കവിതയിൽ കേരളീയ പ്രകൃതിയിലൂടെ ജീവിതത്തെയും ജീവിതാനുഭവങ്ങളെയും അതിലൂടെ പ്രകൃതിയെയും ഒ.എൻ.വി. വർണ്ണിക്കുന്നു. പ്രകൃതി സൗന്ദര്യത്തിലേക്ക് കേരളസംസ്‌കാരത്തെയും നാടൻ മൊഴികളെയും അന്വയിപ്പിക്കുകയാണ് കവിതയിലൂടെ ഇദ്ദേഹം ചെയ്തത്.  വിശ്വ പ്രകൃതിയുടെ സന്തതികളാണ് എല്ലാവരുമെന്ന് വരികളിലൂടെ ഒ.എൻ.വി. സൂചിപ്പിക്കുന്നു.  

ജീവിതവും കവിതയും ഒന്നായിത്തീരുന്ന കവിതകൾ 

കേരളത്തിന്റെ നാടോടിപാരമ്പര്യത്തേയും പ്രകൃതിയെയും കവി തൻ്റെ കവിതകളിൽ ചാലിച്ച് ചേർത്തിരിക്കുന്നതും നമുക്ക് കാണാൻ കഴിയും.  ഒ.എൻ.വി. കവിതയിൽ നാച്വറൽ ഹ്യൂമനിസം ഭൗതികവാദത്തിൽ അധിഷ്ഠിതമാണെന്ന് പറയാം.  ഭൂമിയുടെ പെൺകിടാങ്ങളായ പൂക്കളെ സ്നേഹിച്ചും വർണിച്ചും കൊതിതീരാത്ത കവി തന്നെയാണ് ഒ.എൻ.വി. പൂക്കളും ശലഭങ്ങളും പുഴകളും എന്നെന്നും ഇദ്ദേഹത്തിന് പ്രിയമേറിയ കാവ്യബിംബങ്ങൾ തന്നെയാണ്.  മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യന് കവി സ്വസ്തി പറയുന്നതും കാണാം.  

ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ ഭൂമിയാകുന്ന അക്ഷയ പാത്രത്തിൽ നിന്നും സൂര്യന്റെ താപവും വെളിച്ചവും ആഹരിക്കുന്ന സകല ജീവ ജാലങ്ങളും ഭൂമി എന്ന മാതാവിന്റെ മക്കളാണെന്ന്‌ കവി സ്ഥാപിക്കുന്നു.  ആസന്നമരണയായ ഭൂമിക്ക് ഒ.എൻ.വി. ചരമഗീതം എഴുതുന്നത് ഇന്ത്യയിൽ പരിസ്ഥിതിവാദം ഉരുത്തിരിയുന്നതിന് എത്രയോ മുമ്പായിരുന്നു എന്നത് നാം ഓർമ്മിക്കേണ്ടതുതന്നെയാണ്. 

ജീവിതവും കവിതയും ഒന്നായിത്തീരുന്ന ഒ.എൻ.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്നു മാത്രമാണ്. പ്രകൃതിയും മനുഷ്യനും ജീവിതവും ഒരു മാലയിലെ മുത്തുകൾപോലെ പറ്റിച്ചേർന്നു കിടക്കുന്ന മനോഹാരിത ഒ.എൻ.വി. കവിതയിലെ കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ നമുക്ക് കാണാൻ സാധിക്കും.  

മലയാളിമനസ്സിൽ വിരിഞ്ഞ താമര

ലയാള ചലച്ചിത്ര,  നാടകരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഒ.എൻ.വി.  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ നിർണായകമായ പങ്കുവഹിച്ച ഒ.എൻ.വി. കെപി.എ.സി. യുടെ നാടകങ്ങൾക്കു വേണ്ടി സ്ഥിരമായി ഗാനരചന നടത്തിയിരുന്നു.  

    പൊന്നരിവാളമ്പിളിയിൽ...
    മാരിവില്ലിന് തേൻമലരേ മാഞ്ഞുപോകയോ..
   
എന്നീ നാടകഗാനങ്ങൾ മലയാളികളുടെ മനസ്സുകൾ എന്നും താലോലിക്കുന്ന വരികൾ തന്നെയാണെന്നതിൽ സംശയമില്ല. 

ഇളകിമറിയുന്ന സ്വാതന്ത്ര്യസമരച്ചൂളയുടെയും വിപ്ലവവീര്യത്തിന്റെയും കാവ്യാനുഭവങ്ങളും ഒ.എൻ.വി. സഹൃദയർക്ക് നൽകിയിരുന്നതായി കാണാം.  പലപ്പോഴും ചില പ്രസ്ഥാനങ്ങളുടെ പരാജയങ്ങളിലുള്ള നിരാശ കാവ്യത്തിലൂടെ പങ്കിടാനും കവി തയ്യാറാകുന്നുണ്ട്.  ഒരു പ്രസ്ഥാനത്തോടും തൻ്റെ കൂറ്  ഉറപ്പിച്ചുകാണിക്കാൻ ഒ.എൻ.വി. തയ്യാറല്ലായിരുന്നു. 

ഇദ്ദേഹം 1946-56 കാലയളവിൽ രചിച്ച കവിതകൾ വിപ്ലവമുദ്രതകളാലും വിമോചന പോരാട്ടങ്ങളുടെ ആഹ്വാനങ്ങളാലും മുഖരിതമായിരുന്നു.  അന്നത്തെ കവിതാലോകത്ത് കടന്നു വന്ന സ്വാതന്ത്ര്യ ദാഹങ്ങളുടെയും വിഷാദഭാവങ്ങളുടെയും അനുരണനങ്ങളാണ് 1960-കളിലേക്ക് വരുമ്പോൾ ഒ.എൻ.വി. രചനകളിൽ പ്രതിധ്വനിക്കുന്നത്. 

 നാടകങ്ങൾക്കുവേണ്ടി മാത്രമല്ല, ചലച്ചിത്ര ഗാനശാഖയിലും ശ്രവണസുഭഗങ്ങളായ ധാരാളം ഗാനങ്ങൾ ഒ.എൻ.വി. മലയാളികൾക്ക് സമ്മാനിച്ചു. മാണിക്യവീണയുമായി മലയാളിമനസ്സിൽ വിരിഞ്ഞ താമരയായിരുന്നു ഇദ്ദേഹം.  ഓരോ കാവ്യവും സഹൃദയരുടെ ആത്മാവിൽ മുട്ടി വിളിച്ച് സ്നേഹാതുരമായ് തൊട്ടുരിയാടി ഇന്നും നിലനിൽക്കുന്നു. 


വിലപ്പെട്ട പുരസ്‌കാരം

മാനിലെ മലയാളികൾക്കൊപ്പം 1987-ൽ കേരളപ്പിറവി ആഘോഷിക്കാനെത്തിയ ഒ.എൻ.വി. നഗരം വിട്ട് ദൂരെ പാവപ്പെട്ട മലയാളികൾ താമസിക്കുന്ന ക്യാമ്പ് സന്ദർശിക്കുകയുണ്ടായി. ജോലി കഴിഞ്ഞ്  മടങ്ങിവന്നവർ അവരവരുടെ വിവിധ പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നതാണ് കവി അവിടെ കണ്ടത്.  മാത്രമല്ല പശ്ചാത്തല സംഗീതമായി ഉയർന്നു കേട്ടുകൊണ്ടിരിക്കുന്നത് ഒ.എൻ.വി. യുടെ വരികളായ വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ എന്ന ഗാനമായിരുന്നു. അവിചാരിതമായി തങ്ങളുടെ മുന്നിൽ എത്തിയ പ്രിയകവിയെ കണ്ട് അത്ഭുതപ്പെട്ടു.

 മലയാളികൾ കവിയുടെ ആ ഗാനം പ്രവാസികളായ തങ്ങൾക്ക് നാട്ടിലാണെന്ന ഓർമ്മയാണുണ്ടാക്കുന്നതെന്നും അതിനാൽ അത് കേൾക്കുമ്പോൾ തങ്ങൾ തികച്ചും സന്തോഷവാന്മാരാണെന്നും കവിയോട് പറയുകയുണ്ടായി.  തന്റെ വരികൾ പ്രവാസി സുഹൃത്തുക്കൾക്ക് ആശ്വാസവും സന്തോഷവുമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു കേട്ടത് വിലപ്പെട്ട പുരസ്‌കാരം ലഭിച്ചതുപോലെയുള്ള ആഹ്ളാദമാണ് തനിക്ക് നൽകിയതെന്ന് കവി അഭിപ്രായപ്പെട്ടു. 

മനസ്സിന്റെ ആഴങ്ങളെ തൊടുന്ന ഒ.എൻ.വി. കവിതകൾ

കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി 1982 മുതൽ  1987 വരെ ഒ.എൻ.വി. സേവനമനുഷ്ഠിച്ചിരുന്നു. കേരള കലാമണ്ഡലം ചെയർമാനായും ഇന്ത്യൻ പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ പീപ്പിൾ തിയറ്റർ ചെയർമാനും എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാനുമായിട്ടുണ്ട്. നിരവധി സംഘടനകളിൽ ഒ.എൻ.വി. ഭാഗഭാക്കായി പ്രവർത്തിച്ചു.  യുഗോസ്ളാവാക്യ, യു.കെ. കിഴക്കൻ യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കാവ്യ ജീവിതയാത്രയിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

   സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ഒ.എൻ.വി. ക്ക് ലഭിച്ചു.  ജ്ഞാനപീഠപുരസ്‌കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് ഇദ്ദേഹം. ഡോ. സീതാകാന്ത് മഹാപത്രയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്‌കാര നിർണ്ണയ സമിതിയാണ് 73-മത് ജ്ഞാനപീഠത്തിന് മലയാളത്തിന്റെ പ്രിയകവിയെ തിരഞ്ഞെടുത്തത്. 

 സമകാലീന കവിതകളിൽ ഒന്നാംകിട ശബ്ദമാണ് ഒ.എൻ.വി. കുറുപ്പിന്റേത്.  പുരോഗമന സാഹിത്യകാരനായി സർഗജീവിതം തുടങ്ങിയ ഇദ്ദേഹം പിന്നീട് മാനവികതയിലേക്ക് വഴി മാറിയെങ്കിലും സാമൂഹിക പ്രത്യയശാസ്ത്രം കൈവിട്ടില്ല.  പൗരാണിക കവികളായ വാല്മീകിയും  കാളിദാസനും മുതൽ ടാഗോർ വരെയുള്ളവർ ഒ.എൻ.വി. യുടെ സാഹിത്യ ജീവിതത്തെ സ്വാധീനിച്ചു.  കാല്പനികഭാവങ്ങളെ ശാസ്ത്രീയബിംബങ്ങളുമായി സംയോജിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

ഉജ്ജയിനി, സ്വയംവരം തുടങ്ങിയ രചനകളിലൂടെ മലയാളകവിതയുടെ ആഖ്യാന രീതികളെ അദ്ദേഹം പുനരാവിഷ്കരിച്ചു. മനസ്സിന്റെ ആഴങ്ങളെ തൊടുന്നതാണ് ഒ.എൻ.വി. ക്കവിതകൾ. കേരളത്തിന്റെ നാടോടി പാരമ്പരയാവും പാരിസ്ഥിതിക അവബോധവും ഇദ്ദേഹത്തിന്റെ കവിതകളിൽ പ്രകടമാണ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 

നിരവധി പുരസ്‌കാരങ്ങൾ

തിരുവനന്തപുരത്തു നിന്നും 1989-ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ലോകസഭയിലേക്ക് ഒ.എൻ.വി. മത്സരിച്ചു. എങ്കിലും ഇദ്ദേഹത്തെ പ്രിയപ്പെട്ട കവിയായി മാത്രം കാണാനായിരുന്നു ജനങ്ങൾ ആഗ്രഹിച്ചത്.  മാനവികതയിലൂടെ സഞ്ചരിക്കുമ്പോഴും സാമൂഹിക പ്രത്യയ ശാസ്ത്രം മുറുകെപ്പിടിച്ച ഒ.എൻ.വി. സമകാലിക കവികളിൽ അദ്വിതീയ സ്ഥാനം തന്നെയാണ് അലങ്കരിക്കുന്നത്.   

ഒ.എൻ.വി. ക്കുറുപ്പിനെ ആദരിക്കുന്നതിനായി അനേകം അംഗീകാരങ്ങളുടെ ഘോഷയാത്ര തന്നെ തേടിയെത്തി. കേരളസാഹിത്യ അക്കാദമിയുടെ അവാർഡ് 1972-ൽ അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് ലഭിച്ചു.  കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 1975-ൽ അക്ഷരം എന്ന കൃതിക്കും ലഭിച്ചു.  വൈശാലിയുടെ ഗാനരചനക്ക് 1989-ൽ ദേശീയ പുരസ്‌കാരത്തിന് അർഹനായി.  ഒ.എൻ.വി. യെ 1998-ൽ പത്മശ്രീയും 2011-ൽ പത്മവിഭൂഷനും നൽകി ആദരിച്ചു.  ഇദ്ദേഹത്തിന് മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്‌ഥാന അവർഡ് 16 തവണ കിട്ടി. ഫിലിം ഫെയർ അവാർഡ് രണ്ടുപ്രാവശ്യവും കരസ്ഥമാക്കി.  

ചങ്ങമ്പു, വയലാർ,  ഓടക്കുഴൽ, ഉള്ളൂർ,  ജി. ശങ്കരക്കുറുപ്പ്, വള്ളത്തോൾ, ധനഞ്ജയൻ, എം.കെ.കെ. നായർ, എഴുത്തച്ഛൻ,  കേരളവർമ്മ, ദേവരാജൻ,  യാസ്നിൻ, കമലാസുരയ്യ, പി. കുഞ്ഞിരാമൻ നായർ,  തോപ്പിൽ ഭാസി,  പുഷ്കിൻ അവാർഡുകളും നേടി.  സമസ്‌ത സാഹിത്യ പരിഷത്തും,  അബുദാബി സാഹിത്യസമാജവും,  ബഹ്‌റിൻ കേരളീയസമാജവും, രാമാശ്രമംട്രസ്റ്റും പുരസ്‌കാരങ്ങൾ സമർപ്പിച്ച് ബഹുമാനിച്ചു.  ഇദ്ദേഹത്തെ കേരളസർവ്വകലാശാല ഡോക്‌ടറേറ്റും കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നൽകി ആദരിച്ചു.

തയ്യാറാക്കിയത് - സുരേഷ് അന്നമനട 

Leave A Comment