sports

ഫൈനലിൽ ലങ്കയെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഇതോടെ  ഗെയിംസിൽ സ്വർണ നേട്ടം രണ്ടായി. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം.  ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.

22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ആറു റൺസ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്‍‍ക്‌‍വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തിരുന്നു. സ്മൃതി മന്ഥനയും ജെമീമ റോഡ്രിഗസും മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സ്മൃതി 45 പന്തിൽ 46 റൺസെടുത്തു പുറത്തായി. ജെമീമ 40 പന്തിൽ 42 റൺസെടുത്തു. മറ്റ് ഇന്ത്യൻ ബാറ്റർമാരെല്ലാം രണ്ടക്കം തികയ്ക്കാനാകാതെ മടങ്ങുകയായിരുന്നു.

അഞ്ചു പന്തുകൾ മാത്രം നേരിട്ട ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ട് റൺസെടുത്തു പുറത്തായി. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മലയാളി താരം മിന്നു മണിക്ക് ഫൈനൽ മത്സരത്തിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്.

Leave A Comment