sports

ഫിഫ ലോകകപ്പില്‍ അടുത്ത അട്ടിമറി; ജര്‍മ്മനിയെ തളച്ച് ജപ്പാന്‍

ദോഹ: ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ, അട്ടിമറി തുടര്‍ക്കഥയായിരിക്കുന്നു. ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.

 ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. തോമസ് മുള്ളറും ഗ്നാബ്രിയും മുസിയാലയും അടങ്ങുന്ന ജര്‍മന്‍ ആക്രമണ നിരയെ പ്രതിരോധക്കോട്ട കെട്ടി ജപ്പാന്‍ 33 മിനുറ്റുകള്‍ വരെ തളച്ചു. കളി മെനയാന്‍ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ വീണതോടെയാണ് ഉണര്‍ന്നുകളിച്ചത്.  ജപ്പാന്‍ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖത്ത് അപകടഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു.

70-ാം മിനുറ്റില്‍ ജര്‍മനിയുടെ നാല് തുടര്‍ ഷോട്ടുകള്‍ തടുത്ത് ജപ്പാന്‍ ഗോളി കയ്യടിവാങ്ങി. എന്നാല്‍ 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്‍റേതാക്കി മാറ്റി.

Leave A Comment