ഖത്തറിലും സർവം മെസിമയം; പുതിയ റിക്കാർഡുകൾ സ്വന്തം
ദോഹ: ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന റിക്കാർഡ് സ്വന്തം പേരിലാക്കി സൂപ്പർതാരം ലയണൽ മെസി. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കാർഡാണ് മെസി പഴങ്കഥയാക്കിയത്. സെമി ഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെ നേടിയ ഗോളൊടെ ഖത്തർ ലോകകപ്പിലെ ടോപ് ഗോൾ സ്കോറർമാരുടെ പട്ടികയിലും മെസി മുന്നിലെത്തി.
മെസിക്കും ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കും അഞ്ച് ഗോളുകൾ വീതമുണ്ട്. എന്നാൽ അസിസ്റ്റുകൾ കൂടി പരിഗണിക്കുമ്പോൾ നിലവിൽ എംബപെയ്ക്കു മേൽ 35കാരനായ മെസിക്കു മുൻതൂക്കമുണ്ട്. നാലു ഗോളുകളുമായി അർജന്റീനയുടെ ജുലിയൻ അൽവാരസും ഫ്രാൻസിന്റെ ഒളിവിയർ ജിറൂദും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
മെസി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ്. മെസി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസങ്ങളെല്ലാം നിഷ്പ്രഭം.
മെസി ഒരു തവണയും അൽവാരസ് രണ്ടു തവണയും ഗോൾ നേടി. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസിയാണ് അർജന്റീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 39-ാം മിനിറ്റിലും 69-ാം മിനിറ്റിലും ഗോൾ നേടി അൽവാരസ് അർജന്റീനയുടെ വിജയം ഉറപ്പിച്ചു.
ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് അർജന്റീന ഫൈനലിലേക്ക് എത്തിയത്. എട്ടു വർഷത്തിന് ശേഷമാണ് അർജന്റീന ഫൈനൽ കളിക്കാനൊരുങ്ങുന്നത്. ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളാണ് കലാശപോരിൽ മെസിയുടെയും കൂട്ടരുടെയും എതിരാളികൾ.
Leave A Comment