ഉപഭോഗം കൂടുന്നു; നാട്ടിൽ പലയിടത്തും കെ എസ് ഇ ബിയുടെ അപ്രഖ്യാപിത പവർകട്ട്
മാള: നാട്ടിൽ പലയിടത്തും കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർകട്ട്. പാതിരാത്രിയിലടക്കം അരമണിക്കൂർ നീളുന്ന പവർകട്ട് ആണ് നടക്കുന്നത്. ചൂട് കൂടുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് നീങ്ങുന്നതും പവർകട്ടിനുകാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ഇന്ന് 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തി. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.
ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെള്ളമുള്ളത്. നീരൊഴുക്കും കുറവാണ്. പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങുന്നു. ഉപഭോഗം കുതിച്ചുയർന്നാൽ നിയന്ത്രണങ്ങളിലേക്ക് കടക്കും.രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.
6300 മെഗാവാട്ട് പ്രസരണശൃംഖലയുടെ പരമാവധി ശേഷിയാണ്. ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം. നിലവിൽ ലോഡ് കൂടുമ്പോൾ സബ് സ്റ്റേഷനുകളിൽ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.
അതുകൊണ്ട് തന്നെ ഈ കൊടും ചൂടിൽ ഉപഭോക്താക്കൾ വിയർത്തുകുളിച്ചേ മതിയാകൂ. പവർകട്ട് ഇല്ലാത്ത കേരളം ഫ്ലെക്സ് ബോർഡിൽ ഉറങ്ങും. അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുക.
Leave A Comment