ബിസിനസ്

'ബ്രാഹ്മിൻസ്' 'വിപ്രോ' ഏറ്റെടുത്തു

കൊച്ചി : കേരളം ആസ്ഥാനമായ വെജിറ്റേറിയൻ ഭക്ഷ്യോത്പന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ പ്രമുഖ വ്യവസായി അസിം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ഇടപാടിന്റെ മൂല്യം എത്രയാണെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 250 കോടി രൂപയിൽ താഴെയാണെന്നാണ് സൂചന. ഉത്പാദന യൂണിറ്റുകൾ ബ്രാഹ്മിൻസിന്റെ ഉടമകൾ തന്നെ നിലനിർത്തും. വിപ്രോയ്ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഇവർ ഉത്പന്നങ്ങൾ ലഭ്യമാക്കും.

2003-ൽ കേരളം ആസ്ഥാനമായ ചന്ദ്രിക സോപ്‌സിനെ ഏറ്റെടുത്ത വിപ്രോ, 2022 ഡിസംബറിൽ ഭക്ഷ്യോത്പന്ന ബ്രാൻഡായ നിറപറയെ സ്വന്തമാക്കിയിരുന്നു. ഭക്ഷ്യോത്പന്ന രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് നാലു മാസത്തിനിടെ, കേരളത്തിൽനിന്നുള്ള രണ്ട് ഭക്ഷ്യോത്പന്ന ബ്രാൻഡുകളെ വിപ്രോ സ്വന്തമാക്കിയിരിക്കുന്നത്.

ബ്രാഹ്മിൻസിന്റെ ബ്രാൻഡ് നാമം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്ന് വിപ്രോ കൺസ്യൂമർ കെയറിന്റെ ഫുഡ്‌സ് വിഭാഗം പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു. നിറപറയുടെയും ബ്രാഹ്മിൻസിന്റെയും ഉപഭോക്തൃനിര വേറെയാണെന്നും രണ്ടു ബ്രാൻഡുകളും വിപ്രോയ്ക്ക് കീഴിൽ നിലക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment