ചക്ക വേവിച്ചു കൊടുത്തില്ല; അമ്മയ്ക്ക് ക്രൂരമർദനം, കൈകൾ അടിച്ചൊടിച്ച് മകൻ
പത്തനംതിട്ട: റാന്നിയിൽ ചക്ക വേവിച്ചു കൊടുക്കാത്തതിൻ്റെ പേരിൽ അമ്മയെ ക്രൂരമായി മർദിച്ച് യുവാവ്. തട്ടയ്ക്കാട് സ്വദേശിനിയായ സരോജിനിക്കാണ് (65) മർദനമേറ്റത്. ഇവരുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും ന ടുവിനും പരിക്കേറ്റ സരോജിനി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം. മദ്യലഹരിയിൽ ചക്കയുമായി വീട്ടിലെത്തിയ വിജേഷ് ഉടൻ തന്നെ അത് വേവിച്ചുതരണമെന്ന് സരോജിനിയോട് ആവശ്യപ്പെട്ടു. എന്നാൽ പുല്ലുചെത്തിക്കൊണ്ടിരുന്ന സരോജിനി ഇപ്പോൾ കഴിയില്ലെന്ന് മറുപടി പറഞ്ഞു.
ഇതോടെ പ്രകോപിതനായി പുറത്തേക്കുപോയ വിജേഷ് കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി ഒരു ആഞ്ഞിലിക്കമ്പ് ഉപയോഗിച്ച് സരോജിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇരുകൈകൾക്കും പൊട്ടലുണ്ടായതിനു പുറമേ തലയ്ക്കും നടുവിനും പരിക്കേറ്റു. സരോജിനിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Leave A Comment