ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താനായില്ല; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്
തൃശ്ശൂർ: തളിക്കുളത്ത് ഭാര്യ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം മുഹമ്മദ് ആസിഫ് ഒളിവിൽ പോയ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ വച്ചാണ് ഹഷിതയെയും (25) അച്ഛൻ നൂറുദ്ദീനെയും (55) അമ്മ നീസമയെയും (50) ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹഷിത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.പ്രസവ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായി വീട്ടിലെത്തിയ ശേഷമായിരുന്നു മുഹമ്മദ് ആസിഫ് ആക്രമണം അഴിച്ചുവിട്ടത്. ബന്ധുക്കൾക്കൊപ്പമാണ് മുഹമ്മദ് ആസിഫ് ഭാര്യ വീട്ടിൽ എത്തിയത്. ഭാര്യയെയും നവജാത ശിശുവിനെയും കണ്ട ശേഷം ബന്ധുക്കള്‍ പുറത്തിറങ്ങി. ഇതിനു പിന്നാലെ ഭാര്യയുടെ മുറിയില്‍ കയറി ആസിഫ് വാതിലടച്ചു. കുറേനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാ പിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടുകയായിരുന്നു. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹഷിതയെയാണ്. തടയാൻ ശ്രമിക്കവേ, നൂറുദ്ദീനെയും ഭാര്യ നസീമയെയും ആസിഫ് ആക്രമിച്ചു. നൂറുദ്ദീൻ ചികിത്സയിലാണ്. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതി ലഹരി മരുന്നിന് അടിമയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി.
Leave A Comment