ക്രൈം

അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു, പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി

കുന്നംകുളം : അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന്‍ ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു.

പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു മകള്‍ ഇന്ദുലേഖ മാതാപിതാക്കള്‍ക്ക് വിഷം നല്‍കിയതെന്നും പൊലീസ് പറയുന്നു. മകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കഴിച്ച അമ്മ രുഗ്മിണി (58) കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു. സംഭവത്തില്‍ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. സ്വര്‍ണം പണയം വെച്ച വകയില്‍ എട്ടുലക്ഷം രൂപ ഇന്ദുലേഖയ്ക്ക് കടമുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം കീഴൂരിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ദുലേഖയുടെ പേരിലാണ് വീടും സ്ഥലവും പറഞ്ഞുവെച്ചിരുന്നത്. മാതാപിതാക്കളെ ഒഴിവാക്കി ഇതു കൈക്കലാക്കി കടബാധ്യത വീട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ദുലേഖ കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭര്‍ത്താവിനെ കൊണ്ടുവരാന്‍ മകള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിൽ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നാണ് കരുതുന്നത്. വീട്ടില്‍ തിരിച്ചെത്തി പിറ്റേ ദിവസം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ശ്മശാനത്തില്‍ രു​ഗ്മിണിയുടെ മൃതദേഹം സംസ്കരിച്ചു.

മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച്‌ ചോദ്യം ചെയ്തതിലാണ് മകള്‍ ഇന്ദുലേഖ വിഷം നല്‍കിയതെന്ന് സ്ഥിരീകരിച്ചത്. കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വര്‍ഷം മുമ്ബാണ് കിഴൂരില്‍ താമസമാക്കിയത്. ഭര്‍ത്താവ് വിദേശത്തു ജോലിചെയ്യുന്ന ഇന്ദുലേഖയ്ക്ക് അത്രയധികം തുക കടബാധ്യത വന്നതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave A Comment