കോടികളുടെ വിസ തട്ടിപ്പ്; രണ്ട് പേരെ അന്തിക്കാട് പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു
അന്തിക്കാട്: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിയ മുംബൈ സ്വദേശികളായ സഹോദരങ്ങളെ ഡല്‍ഹിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. 6 മുതല്‍ 12 ലക്ഷംവരെയാണ് ഇവർ ഓരോ വ്യക്തികളിൽ നിന്നും വാങ്ങി തട്ടിപ്പ് നടത്തിയത്. ഡല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
മുംബൈ യിലെ താനെ ജില്ലയിൽ ഉല്ലാസ് നഗറിൽ കാവാരം ചൗക്ക് ബാരക്കിൽ താമസിച്ചിരുന്ന ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. കാനഡയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്നായി ഇവർ 6 ലക്ഷം മുതൽ 12 ലക്ഷം വരെ വാങ്ങി. തൃശൂർ എറണകുളം ജില്ലകളിൽ നിന്നടക്കം സംസ്ഥാനത്തിനകത്ത് നിന്ന് നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.
2021ൽ തൃശൂർ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിസന ൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആളുകളെ ഡൽഹിയിലും തുടർന്ന് ഉസ്ബക്കിസ്ഥാനിലും കൊണ്ട് പോയി. അവിടെ വച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
Leave A Comment