കൃഷ്ണൻക്കോട്ടയിൽ മീൻ സ്റ്റാളിന്റെ മറവിൽ മയക്കുമരുന്ന് വില്പന: മൂന്നുപേർ പിടിയിൽ
കൊടുങ്ങല്ലൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ മെത്താംഫിറ്റമിനുമായി മൂന്നുപേർ പിടിയിൽ. വൈശാഖ് , ശരത് എന്നിവരും ഒരു പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പോലീസിന്റെ പിടിയിലായത്. കൃഷ്ണൻ കോട്ട പാലത്തിന് സമീപത്ത് നിന്നാണ് 52 ഗ്രാം മയക്കുമരുന്നുമായി മൂവരും പിടിയിലാവുന്നത്.
പിടിയിലായ പ്രതികൾ ആറുമാസത്തോളമായി ലഹരി വിൽപന നടത്തി വരുന്നു. ബാംഗ്ലൂർ നിന്നും കാരിയർ വഴി എത്തിക്കുന്ന മെത്താംഫിറ്റമിൻ ചെറിയ അളവിൽ വില്പന നടത്താതെ വലിയ അളവിൽ വില്പന നടത്തുകയാണ് ചെയ്തിരുന്നത്.
പിടിയിലായ വൈശാഖ് നടത്തിവരുന്ന മീൻ വില്പന സ്റ്റാളിന്റെ മറവിലാണ് പ്രതികൾ മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്. തൃശൂർ റൂറൽ എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ബാംഗളൂർ നിന്നും സുഹൃത്ത് മാർഗമാണ് മെത്താംഫിറ്റമിൻ കൊണ്ടുവന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് , കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ഇ.ആർ. ബൈജു, സിഐ ബി.കെ. അരുൺ , എസ്ഐമാരായ രവി, ഹരോൾഡ് ജോർജ്, സുനിൽ, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐ. പ്രദീപ്, എസ്ഐ ജോബി വർഗീസ്, സീനിയർ സിപിഒ മാരായ ലിജു ഇയ്യാനി , ഗോപകുമാർ, സിപിഒമാരായ മാനുവൽ, നിഷാന്ത്, ബിജു, ജേമേഴ്സൺ എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘം അന്വേഷണത്തില് പങ്കാളികളായി. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടവും വില്പന നടത്തിയവയെയുംകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment