ബാറിൽ വെച്ച് വാക്കുതർക്കം ; കത്തികുത്ത്, രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് ബാറിൽ വെച്ച് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി എരാശ്ശേരി വീട്ടിൽ സനീഷ് (39), ശ്രീനാരായണപുരം പള്ളിനട സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സൈഫുദ്ധീൻ (35) എന്നിവരെയാണ് മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച രാത്രി 9 മണിയോടെ ശാന്തിപുരം കല്ലട ബാറിൽ വെച്ച് മതിലകം എമ്മാട് സ്വദേശി കൂടമ്പുള്ളി വീട്ടിൽ അബ്ദുൽ റഷീദ് (32), ശാന്തിപുരം സ്വദേശി ചക്കാണ്ടി വീട്ടിൽ അഖിൽ (31) എന്നിവർക്കാണ് കുത്തേറ്റത്. റഷീദും സുഹൃത്തുക്കളും ബാറിലെത്തിയ സമയം സൈഫുദ്ധീൻ മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, സൈഫുദ്ധീൻ റഷീദിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തടയാനെത്തിയ അഖിലിനും കുത്തേറ്റു.
റഷീദിൻ്റെ നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. അഖിലിൻ്റെ കൈക്കും വയറിനും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മൊഴി പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തു. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
എസ്.ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, സുനിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment