ക്രൈം

അഞ്ചുവയസുകാരിയുടെ ക്രൂരകൊലപാതകം: അസ്ഫാഖ് ആലം മുമ്പും പീഡനക്കേസില്‍ പ്രതി

ആലുവ: അഞ്ച് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലം മുമ്പും പീഡനക്കേസിലെ പ്രതി. പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. 2018ല്‍ ഗാസിപുര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡൽഹിയില്‍ ഒരുമാസം ജയിലില്‍ കിടന്ന ശേഷം പ്രതി ജാമ്യത്തിലിറങ്ങി അവിടെനിന്ന് മുങ്ങുകയായിരുന്നു. തുടർന്നാണ് കേരളത്തിൽ എത്തിയത്. പ്രതി കേരളത്തിലെത്തിയത് കണ്ടെത്താനാവാതെ പോയത് പോലീസിന്‍റെ ഗുരുതര വീഴ്ചയായി.

ആലുവയിലെ സംഭവത്തിനു ശേഷം ആലുവ റൂറൽ പോലീസിന്‍റെ അന്വേഷണത്തിലാണ് അസ്ഫാഖിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്ന് റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.

പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി അന്വേഷണസംഘം ഉടന്‍ അസ്ഫാഖിന്‍റെ നാടായ ബിഹാറിലേക്ക് പോകും. ബിഹാര്‍ പോലീസിന്‍റെ സഹായത്തോടെ ഇയാളെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കുടുംബത്തിന്‍റെ സംശയത്തെ തുടര്‍ന്ന് പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

അതേസമയം, അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ രേഖയാക്കി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ് നിലവിലുണ്ട്. പക്ഷേ, അതെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ അതിഥിത്തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്നത്.

പ്രതി അസ്ഫാഖ് ആലത്തെക്കുറിച്ചുള്ള യാതൊരു വിവരം ഇയാള്‍ക്ക് താമസം സൗകര്യം നൽകിയ കെട്ടിടം ഉടമയുടെയും പോലീസിന്‍റെയും തൊഴിൽ വകുപ്പിന്‍റെയും കൈയില്‍ ഉണ്ടായിരുന്നില്ല. വിവരശേഖരണത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് പോലീസ് ഉന്നതര്‍ പലപ്പോഴും പറയാറുണ്ട്.

Leave A Comment