മദ്യപിച്ച് അപകടമുണ്ടാക്കി; മോചിപ്പിക്കാനെത്തിയ സുഹൃത്ത് പോലീസിനെ ആക്രമിച്ചു
വൈപ്പിൻ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചയാളെ മോചിപ്പിക്കാനെത്തിയ സുഹൃത്ത് പോലീസിനെ ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ മുനമ്പം എസ്ഐ ടി.എസ്. സനീഷിന് പരിക്കേറ്റു.
തുടർന്ന് പ്രതിയെ പോലീസ് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് കേസ് എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കട മൈലോട്ടുമുഴി ചീക്കിട്ടവിള ആനി ഭവനിൽ ജെയിംസിന്റെ മകൻ അനൂപ് -25 ആണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് കൊടുങ്ങല്ലൂർ മേത്തല ആനാപ്പുഴ പ്ലാക്കപ്പറമ്പിൽ കീർത്തി നാഥിനേയും -32 അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ അയ്യമ്പിള്ളി ജനതക്ക് കിഴക്ക് ഭാഗത്തെ ഹോം സ്റ്റേയിൽ നടത്തിയ കുടുംബ സംഗമത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു ഇരുവരും. പരിപാടിക്കിടെ രാത്രി കീർത്തി നാഥ് കുടുംബവുമായി ചെറായി ബീച്ചിൽ കറങ്ങുന്നതിനിടെയാണ് വാഹനം ഒന്ന് രണ്ട് തവണ ചെറുതായി ചിലരുടെ ദേഹത്ത് മുട്ടിയത്.
തുടർന്ന് നാട്ടുകാർ കീർത്തിനാഥും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിച്ചു. പോലീസ് നടപടി സ്വീകരിച്ചു വരവെ കീർത്തിനാഥ് സഹായത്തിനായി വിളിച്ചു വരുത്തിയ അനൂപ് പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു. പരിക്കേറ്റ എസ്ഐ രാത്രിതന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കീർത്തിനാഥിനെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അനൂപിനെ കോടതിയിൽ ഹാജരാക്കി.
Leave A Comment