കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാളമുറി: കയ്പമംഗലത്ത് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ യുവാ വ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചുണ്ടയിൽ വീട്ടിൽ പ്രാൺ എന്ന് വിളിക്കുന്ന ജിനേഷ് (33)നെയാണ് കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് സഹദിനെ എട്ടംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചത്. സഹദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുത്തശേഷം ചെന്ത്രാപ്പിന്നിയിൽ ഇറക്കിവിടുകയായിരുന്നു.
ക്രൂരമായി മർദനമേറ്റ സഹദ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. നേരത്തെ ചളിങ്ങാട് പള്ളിനടയിൽ വെച്ച് പ്രതികളും സഹദുമായുണ്ടായ വാക്കു തർക്കമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കാരണമായത്.
ഈ കേസിലെ പ്രധാന പ്രതി രോഹൻ ഉൾപ്പെടെ ഏഴുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഈ കേസിൽ അറസ്റ്റിലായ പ്രാൺ എന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
എസ്ഐ ജെയ്സൺ, എഎസ്ഐ സിയാദ്, സീനിയർ സിപിഒ അൻവറുദ്ധീൻ, സിപിഒ മുഹമ്മദ് ഫാറൂഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment