ക്രൈം

ആലുവ പീഡനം: പ്രതിക്കെതിരെ പെരുമ്പാവൂരിൽ മറ്റൊരു പോക്സോ കേസ് കൂടി

ആലുവ: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർചെയ്തത്. ഒരാഴ്ച മുമ്പാണ് പുതിയ കേസിന് ആധാരമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ ഉറങ്ങികിടന്ന കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പെരുമ്പാവൂർ പൊലീസ് വ്യക്തമാക്കി.

ആലുവയിലെ ബലാത്സംഗ കേസിലെ കൂടുതൽ വിവരങ്ങൾ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനാണെന്ന് വ്യക്തമായതായി എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. ഇതിനിടെയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ് പി അറിയിച്ചു. ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് മാത്രമാണ് നിലവില്‍ കേസിലെ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Leave A Comment