ക്രൈം

ആളൂരില്‍ വധശ്രമ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

ആളൂർ: അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ഡാനിയേലിനെ (26 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് എന്നിവർ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തഞ്ചാം തിയ്യതി രാത്രിയാണ് കേസ്സിനാസ്പദമായ സംഭവം. അവിട്ടത്തൂർ ചെങ്ങാറ്റുമുറിയിൽ  മദ്യപിച്ച് വീടിന്റെ മതിലിൽ കയറിയിരുന്ന് ബഹളം വച്ചത് ചോദ്യം ചെയ്ത വൈര്യാഗ്യത്തിൽ അവിട്ടത്തൂർ പൊറ്റക്കൽ വീട്ടിൽ സിജേഷിനെയും ബന്ധു ബാബുവിനേയും ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. കേസ്സിൽ ഒന്നാം പ്രതിയാണ് ഡാനിയേൽ. സ്ഥലത്ത് പ്രായപൂർത്തിയാകാത്തവരടക്കം കൂട്ടുകൂടി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് നാട്ടുകാർ വിലക്കിയിരുന്നു.  

പ്രായപൂർത്തിയാകാത്ത അഞ്ചുപേരടക്കം ഒമ്പതോളം പ്രതികൾ ചേർന്ന് മൃഗീയമായാണ് പരുക്കേറ്റവരെ ആക്രമിച്ചത്. ഇവർ അങ്കമാലിയിലേയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മറ്റെല്ലാ പ്രതികളെയും   പോലീസ് നേരത്തേ പിടികൂടിയിരുന്നു.  ഇതേ ദിവസം തന്നെ ഈ കേസ്സിലെ നാലു പേർ ചേർന്ന് കൊറ്റനല്ലൂർ സ്വദേശിയെ അടിച്ചു പരുക്കേൽപിച്ച കേസ്സിലും  ഡാനിയേൽ ഉൾപ്പെട്ടിരുന്നു. സംഭവശേഷം നാടുവിട്ട ഡാനിയേൽ വീടും നാടുമായി ബന്ധമില്ലാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും  ഹൈക്കോടതി  നിന്നും  ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പോലീസ് ഇയാൾക്കായി  ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. 

ഞായറാഴ്ച അർദ്ധരാത്രിയോടെ  ഇടുക്കി ജില്ലയിലെ കാഞ്ഞാറിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പൊക്കിയത്. ഇവിടെ ഒരു  വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിലും അടിപിടി കേസിലെ പ്രതിയാണ് ഡാനിയേൽ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 ആളൂർ എസ്.ഐ. അരിസ്‌റ്റോട്ടിൽ, ക്ലീസൻ തോമസ്, സീനിയർ സിപി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ  ഉണ്ടായിരുന്നത്.

Leave A Comment