ക്രൈം

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി എയര്‍പിസ്റ്റല്‍ കൊണ്ട് വെടിവെച്ചു; പ്രതി പിടിയിൽ

തൊടുപുഴ/കോതമംഗലം: റോഡ് സൈഡിൽ നിൽക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി എയര്‍ പിസ്റ്റല്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും മർദിക്കുകയും ചെയ്തയാൾ പിടിയില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ വീട്ടില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിനിക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ ജവഹര്‍ കരിം ബലമായി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയില്ലെങ്കില്‍ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി. പി.എസ്.സി. കോച്ചിങ്ങിനു പോകാന്‍ പുളിന്താനം ഭാഗത്ത് നില്‍ക്കുകയായിരുന്നു യുവതി. കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ എത്തിച്ചാണ് മര്‍ദിച്ചതും എയര്‍ പിസ്റ്റല്‍കൊണ്ട് വെടിവെച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റലിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും വിവരമുണ്ട്. പിന്നീട് യുവതിയെ ഇയാള്‍ കാറില്‍ കയറ്റിയ സ്ഥലത്തുകൊണ്ടുപോയി വിട്ട ശേഷം സ്ഥലംവിട്ടു. മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

ഇരുവരും മുന്‍പ് അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.   പ്രതിയെ മൂവാറ്റുപുഴയില്‍നിന്ന് ചൊവ്വാഴ്ചയാണ് പിടികൂടിയത്. വധശ്രമം, പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും എയര്‍ പിസ്റ്റലും കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Comment