യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റില്‍
.പട്ടിക്കാട്: ചാണോത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ചാണോത്ത് സ്വദേശി ആനാട്ടിൽ വീട്ടിൽ 28 വയസ്സുള്ള വിപിൻ, തോട്ടപ്പടി സ്വദേശി 33 വയസ്സുള്ള അത്തുപ്പ എന്ന അനീഷ്, എന്നിവരെയാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചാണോത്ത് സ്വദേശിയായ റിജോ പട്ടിക്കാട് നിന്നും വീട്ടുസാധനങ്ങൾ വാങ്ങി ബൈക്കിൽ തിരിച്ചു വരവേ ചാണോത്ത് പാലത്തിൽ കാത്തു നിന്നിരുന്ന വിപിനും അത്തുപ്പയും ചേർന്ന് റിജോയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പോലീസ് പറയുന്നു. വിപിൻ കൂട്ടാളികളെ കൊണ്ടുവന്നു കഞ്ചാവ് അടക്കമുള്ള മാരകമായ മയക്ക് മരുന്നുകൾ വിൽപ്പന നടത്തുന്നതിൽ ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികൾ രണ്ടുപേരും ചേർന്ന് ആക്രമണം നടത്തിയത് എന്ന് പോലീസ് പറയുന്നു. രണ്ടുപേർക്കും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറയുന്നുണ്ട്.
സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ മാരായ ദിലീപ്, ആദർശ് ജോസഫ്, വിനീഷ് കുമാർ,എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.
Leave A Comment