സൂസി മോളും കൂട്ടാളികളും 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി പിടിയില്‍
കൊച്ചി: 'തുമ്പിപ്പെണ്ണ്'എന്ന പേരില്‍ അറിയപ്പെടുന്ന, നഗരത്തിലെ ലഹരി വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ സൂസിമോളും സംഘവും എക്‌സൈസിന്റെ വലയില്‍.
കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം പരിസരത്തുനിന്നു കാറില്‍ കടത്തുകയായിരുന്ന 400 ഗ്രാം രാസലഹരിയുമായാണ് സൂസി മോള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായത്. അങ്കമാലി മങ്ങാട്ടുകര മാളിയേക്കല്‍ എല്‍റോയ്, കാക്കനാട് അത്താണി കുറമ്പനാട്ടുപറമ്പില്‍ അജ്മല്‍, ചെങ്ങമനാട് കല്ലൂക്കാടന്‍ പറമ്പില്‍ അമീര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
പിടിച്ചെടുത്ത രാസലഹരിക്ക് വിപണിയില്‍ 50 ലക്ഷം രൂപയോളം വിലവരും. ഹിമാചല്‍ പ്രദേശില്‍ നിന്നും രാസലഹരി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവരുത്തി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണിത്. ഹിമാചല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിന്റെ വിതരണക്കാരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ഓര്‍ഡര്‍ നല്‍കിയാല്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് മാലിന്യമെന്ന് തോന്നിക്കുന്ന രീതിയില്‍ കവറിലാക്കി നെടുമ്പാശേരിയില്‍ രാജ്യാന്തരവിമാനത്താവളത്തിന്റെ പുറത്ത് ഉപേക്ഷിക്കുകയാണ് പതിവ്. തുടര്‍ന്ന് പ്രതികളുടെ മൊബൈലിലേക്ക് ലഹരി മരുന്നുള്ള സ്ഥലത്തിന്റെ ലൊക്കേഷന്‍ ലഭിക്കും. ഇത് ലഭിച്ച വിവരം വാട്‌സ് ആപ്പ് സന്ദേശമായി അയക്കും. തുടര്‍ന്ന് വിറ്റ് തീര്‍ത്ത ശേഷം പണം ഓണ്‍ലൈനായി അയക്കുന്നതാണ് രീതി. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ കളമശേരി ഭാഗത്ത് കാറുമായി എത്തിയത് അറിഞ്ഞ് എക്‌സൈസ് ഷാഡോ സംഘമെത്തിയെങ്കിലും പ്രതികളുടെ പക്കല്‍ ആയുധമുണ്ടെന്ന് മനസിലാക്കി പിന്തിരിഞ്ഞു. തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടരയോടെ പ്രതികള്‍ കാറില്‍ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിന് സമീപമെത്തിയത്. ഇവരെ പിന്തുടരുന്നുണ്ടായ എക്‌സൈസ് സംഘം കാര്‍ വളഞ്ഞുപിടികൂടുകയായിരുന്നു. അക്രമാസക്തമായ പ്രതികളെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് രണ്ടു കത്തികളും ഒരു സ്പ്രിങ് ബാറ്റണും പിടിച്ചെടുത്തിട്ടുണ്ട്.
Leave A Comment