ക്രൈം

നവജാതശിശുവിനെ വില്‍ക്കാന്‍ ശ്രമം; ഡോക്ടറും സഹായിയും അറസ്റ്റില്‍

ചെന്നൈ: ചികിത്സയ്ക്ക് എത്തിയ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് നാമക്കലില്‍ ആണ് സംഭവം. തിരിച്ചങ്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

സൂര്യപാളയം സ്വദേശികളായ ദിനേശ്-നാഗജ്യോതി ദമ്പതികൾക്ക് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ജനിച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികൾ ഉണ്ട്. നവജാതശിശുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തിരിച്ചങ്കോട് ആശുപത്രിയിലെത്തിച്ചത്. അതിനിടെ, ഡോക്ടര്‍ അനുരാധ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള നിങ്ങള്‍ എങ്ങനെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി വളര്‍ത്തുമെന്ന് ചോദിച്ചു. കുട്ടിയെ വില്‍ക്കാന്‍ സമ്മതമാണെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കുമെന്ന് ഡോക്ടര്‍ ദമ്പതികളെ അറിയിക്കുകയും ചെയ്തു.

ദമ്പതികള്‍ ഈ വിവരം ജില്ലാ കലക്ടറെ അറിയിച്ചു. കലക്ടറുടെ നിര്‍ദേശാനുസരണം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാമക്കല്‍ പ്രദേശത്തുനിന്നുമാത്രമായി ഡോക്ടറും സഹായിയും ചേര്‍ന്ന് ഏഴുകുട്ടികളെ വിറ്റതായി കണ്ടെത്തി. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് കുട്ടിക്കടത്തും അവയവക്കടത്തും നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ലോകമ്മാള്‍ ഒരു അനാഥാലയം നടത്തുന്ന ആളാണെന്നും അനാഥാലയത്തിന്റെ മറവിലാണ് കുട്ടിക്കടത്ത് നടത്തിയതെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താനായി അഞ്ചംഗ പ്രത്യേകസംഘം നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

Leave A Comment