ക്രൈം

ആലുവയില്‍ KSRTC ബസിന് മുന്നില്‍ സ്‌കൂട്ടര്‍ കയറ്റിനിർത്തിയത് ചോദ്യം ചെയ്ത ഡ്രൈവറെ മർദിച്ചു

ആലുവ: ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത സ്‌കൂട്ടര്‍ കെഎസ്ആർടിസി ബസിന് മുന്നില്‍ കയറ്റിനിർത്തിയത് ചോദ്യം ചെയ്ത ഡ്രൈവറെ മർദിച്ചു. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എം.എച്ച് ജയകുമാറിനെയാണ് സ്കൂട്ടർ യാത്രികന്‍ മർദിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആലുവ മുട്ടത്താണ് സംഭവം. മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

കൈക്കുഞ്ഞുമായി ഇടതുവശത്തുകൂടി കടന്നുവന്ന് ബസിനു മുന്നിൽ കയറ്റിനിർത്തുന്നത് അപകടം ഉണ്ടാക്കുകയില്ലേയെന്ന് ഡ്രൈവർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ജയകുമാർ പോലീസിനു നൽകിയ മൊഴി. തുടർന്ന് ബസിന്റെ ഡോര്‍ തുറന്ന് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തില്‍ ഡ്യൂട്ടി തടസപ്പെടുത്തിയതും മര്‍ദിച്ചതുമടക്കമുള്ള വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഇതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടന്നുവരുകയാണ്. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് ജയകുമാർ. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave A Comment