ക്രൈം

ചാലക്കുടി പരിയാരത്തെ ഗൃഹനാഥന്‍റെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍

ചാലക്കുടി: ഗൃഹനാഥന്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. പരിയാരം വര്‍ഗീസ് (54) ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ നല്കിയ വിവരം. തിങ്കഴാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയും ചെയ്തു. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം വീട്ടില്‍ മൂത്ത മകന്‍ മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Leave A Comment