ക്രൈം

കേച്ചേരിയില്‍ യുവാവ് ബന്ധുവിന്റെ കോഴിക്കട കത്തിച്ചു

കുന്നംകുളം: കേച്ചേരിയിൽ യുവാവ് ബന്ധുവിന്റെ കോഴിക്കട കത്തിച്ചു. കടയിലുണ്ടായിരുന്ന നിരവധി കോഴികൾ വെന്തുചത്തു. സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കേച്ചേരി എരനല്ലൂർ സ്വദേശി  32 വയസ്സുള്ള അഖിലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി പെരുമണ്ണ് സ്വദേശി  ചന്ദ്രന്റെ കോഴിക്കടയാണ് പ്രതി കത്തിച്ചത്.

പ്രതിയുടെ ബന്ധുവായ ചന്ദ്രൻ കഴിഞ്ഞദിവസം പ്രതി മറ്റു ബന്ധുക്കളുമായി തർക്കം ഉണ്ടാക്കുന്നത് തടഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ  വൈരാഗ്യത്തിൽ ആണ് പ്രതി കട കത്തിച്ചത്. പുലർച്ചെ മൂന്നരയോടെ  കോഴിക്കടയിലെത്തിയ പ്രതി അഖിൽ കടയിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകകയായിരുന്നുവെന്ന് പറയുന്നു.

തീ ആളിപടരുന്നത് കണ്ടതോടെ ചന്ദ്രനും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. 15,000 ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment