ഹോട്ടൽ മുറിയിൽ ഭാര്യയ്ക്കൊപ്പം മറ്റുരണ്ടുപേർ, അടിപിടി; ഭർത്താവായ ഡോക്‌ടറുടെ പരാതിയിൽ അറസ്റ്റ്
ലഖ്നൗ: അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്തെന്ന ഡോക്‌ടറുടെ പരാതിയിൽ ഭാര്യയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ഉത്തർപ്രദേശിലെ കസ്‌ഗഞ്ചിലാണ് സംഭവം. ഭാര്യയെ മറ്റുരണ്ടുപേർക്കൊപ്പം: ഹോട്ടൽമുറിയിൽ കണ്ടെത്തിയതിന് പിന്നാലെ ഡോക്ടറും ഇവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് സംഘർഷത്തിലും കലാശിച്ചു. തുടർന്നാണ് ഡോക്ടറുടെ പരാതിയിൽ ഭാര്യയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ ഭാര്യ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഡോക്ടർമാരായ ദമ്പതിമാർ വേർപിരിഞ്ഞാണ് താമസം. വ്യാഴാഴ്‌ച രാത്രി ഭാര്യ മറ്റ് രണ്ടുപേർക്കൊപ്പം ഹോട്ടൽമുറിയിലുണ്ടെന്ന് ഭർത്താവിന് വിവരം കിട്ടി തുടർന്ന് ഭർത്താവ് ബന്ധുക്കളെയും കൂട്ടി ഹോട്ടൽമുറിയിലെത്തുകയും ഭാര്യയെയും ഒപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും ചോദ്യംചെയ്യുകയുമായിരുന്നു. ഇത് വാക്കേറ്റത്തിലും ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലും കലാശിച്ചു. പിന്നാലെ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡോക്‌ടറും കുടുംബാംഗങ്ങളും ഭാര്യയെയും ഒപ്പമുണ്ടായിരുന്നവരെയും മർദിക്കുന്നതും ഇവർ തിരികെ ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗാസിയാബാദ്, ബുലന്ദ്ഷഹർ സ്വദേശികളായ പുരുഷന്മാരാണ് വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽമുറിയിലുണ്ടായിരുന്നത്. അപമര്യാദയായി പെരുമാറിയെന്ന ഭർത്താവിൻ്റെ പരാതിയിൽ വനിതാ ഡോക്ടറെയും മുറിയിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്‌തതായാണ് ഇന്ത്യാടുഡേയുടെ റിപ്പോർട്ട്. അതേസമയം, ഭർത്താവിനെതിരേ വനിതാ ഡോക്ടർ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Leave A Comment