ക്രൈം

വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി; ഭർത്താവിനും ഇടനിലക്കാരനുമെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ യുവതിയെ അവയവക്കടത്തിന് ഭര്‍ത്താവും ഇടനിലക്കാരനും പ്രേരിപ്പിച്ചതായി പരാതി. വൃക്ക വിൽക്കാനായി ഭര്‍ത്താവ് നിരന്തരം പ്രേരിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. 

ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞ് ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അപകടം മനസ്സിലാക്കിയതോടെ പരിചയക്കാരെ വിളിച്ചുവരുത്തി യുവതി രക്ഷപ്പെട്ടു. ഭര്‍ത്താവ് അവയവദാനത്തിനായി പ്രേരിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും കിഡ്‌നി ദാനം ചെയ്താല്‍ 9 ലക്ഷം രൂപ വാങ്ങി നല്‍കാമെന്ന് ഇടനിലക്കാരന്‍ ഭര്‍ത്താവുമായി ധാരണയില്‍ എത്തിയതായുമാണ് പരാതി. 

ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും ഈ മാസം പതിനാലിന് എറണാകുളത്തേക്ക് യുവതിയെ എത്തിച്ചത് അടുത്ത ദിവസം സര്‍ജറി നിശ്ചയിച്ചതായുമാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Comment