ക്രൈം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസ്; രണ്ട് പേരെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു

ചാലക്കുടി: മോട്ടോര്‍ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ രണ്ട് പേരെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കണിയാപുരം ഗിരിജ ഭവനില്‍ രജ്ഞിത് (32), കോട്ടയം മണിമല ഇടയകുളത്ത് വീട്ടില്‍ വിനോദ് (24) എന്നിവരെയാണ് ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തത്. 

മാസങ്ങള്‍ക്ക് മൂന്‍പ് ശാസ്താം കുന്ന് ക്ഷേത്രത്തിന് സമീപത്തായി ഒ.കെ.സ്റ്റോഴ്സ് നടത്തുന്ന ബിന്ദു എന്ന വീട്ടമ്മയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയ ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത് പ്രതികള്‍ രണ്ടുപേരും മോട്ടോര്‍ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. 

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് മറ്റൊരു കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കടയിലെത്തി തെളിവെടുപ്പ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പറയുന്നു. എസ്ഐ മധു ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave A Comment