ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു
തൃശൂർ: ചെന്ത്രാപ്പിന്നി ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കൂരിക്കുഴി സ്വദേശി കോഴിപറമ്പിൽ ഷിജിൽ (48), മൂന്നാം പ്രതി തമിഴൻ റെജി എന്ന റെജി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജ് കെ.ഇ. സാലിഹ് കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2003 ഡിസംബർ 19 നാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോവിൽ തെക്കേ വളപ്പിൽ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് വെച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാളു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തുള്ള തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശ്രീനാഥ് ഒന്നാം പ്രതിയായ ഷിജിലിന്റെ വീട് കയറി ആക്രമിച്ചതിൻ്റെ വിരോധത്തിലാണ് ശ്രീനാഥിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി ഷിജിൽ കോഴിപറമ്പിൽ ക്ഷേത്രത്തിൽ വെച്ച് വെളിച്ചപ്പാടിനെ വെട്ടികൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിച്ച് വരുന്നയാളാണ്. മൂന്നാം പ്രതി റെജിയെ ഒരു വർഷം മുമ്പാണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഷിജിലിന്റെ അനുജനായ അനീഷ് ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു. ഇയാൾ വിചാരണക്കിടയിൽ മരണപ്പെട്ടതിനാലും, മൂന്നാം പ്രതി റെജി ഒളിവിലായതിനാലും കേസിൻ്റെ വിചാരണ 20 വർഷത്തോളം നീണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ പല ദൃക്സാക്ഷികളും വിചാരണ വേളയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
മരണപ്പെട്ട ആൾ ഉപയോഗിച്ച വാഹനം കോടതിയിൽ ഹാജരാക്കാൻ പോലീസിന് സാധിക്കാത്തത് പ്രതിഭാഗം കോടതിയിൽ ഉയർത്തിയെങ്കിലും സുപ്രീം കോടതിയുടെ മുൻകാല വിധിന്യായങ്ങൾ ഹാജരാക്കി പ്രോസിക്യൂഷൻ കോടതിയിൽ ഈ വാദങ്ങളെ ഖണ്ഡിച്ചു. പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി.
മതിലകം സി.ഐ.മാരായിരുന്ന സുനിൽ ബാബു, പി.കെ. മധു, എം. ജെ. സോജൻ, കെ.പി.ലൈലാറാം, എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കേസിൽ ഇപ്പോഴത്തെ എറണാകുളം വിജിലൻസ് എസ്.പി.യായ സി.എസ്.ഷാഹുൽ ഹമീദ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ, അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി.അജയ്കുമാർ എന്നിവർ ഹാജരായി.
Leave A Comment